പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണ്; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതും രണ്ട് വർഷത്തിന് ശേഷം ഇത്തരക്കാർക്ക് പെൻഷൻ നൽകുന്നതും നിയമവിരുദ്ധമാണ്; ഈ വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്ന് ഗവർണർ

ഗവർണ്ണറുടെപേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ രംഗത്ത് വന്നിരുന്നു. എന്നാൽ വിമർശനമുന്നയിച്ച സംസ്ഥാന സർക്കാരിനെതിരേ വീണ്ടും ഗവർണർ പരസ്യമായി നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്നും ഗവർണർ മറുപടി പറഞ്ഞിരിക്കുകയാണ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിനെതിരേയും ഗവർണർ നിലപാട് വ്യക്തമാക്കി. രണ്ട് വർഷത്തിന് ശേഷം ഇത്തരക്കാർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേഴ്സണൽ സ്റ്റാഫ് പദവിയിൽ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാർട്ടിയിലേക്ക് തിരികെയെത്തി പ്രവർത്തിക്കുന്നു. ഇപ്രകാരം പാർട്ടി കേഡറുകളെ വളർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവർണർ തുറന്നു പറഞ്ഞു.
സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞതെന്നും രണ്ട് വർഷത്തിന് ശേഷം പെൻഷൻ നൽകുന്ന ഇത്തരം പേഴ്സണൽ സ്റ്റാഫ് നിയമനം നാണംകെട്ട ഏർപ്പാടാണെന്നും ഗവർണ്ണർ വ്യക്തമാക്കി. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും ഗവർണർ തുറന്നടിച്ചു . ഗവർണറുടെ പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയുടെ നിയമനം വന്നതിനെതിരേ കഴിഞ്ഞ ദിവസമായിരുന്നു സർക്കാർ അതൃപ്തി അറിയിച്ചത്.
ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി നിയമിച്ചിരുന്നു. ഈ തീരുമാനത്തിൽ അതൃപ്തി അറിയിച്ചുകൊണ്ട് സർക്കാർ കത്ത് അയച്ചിരിക്കുകയാണ് . സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന നടപടി ഇതുവരെയും ആരും സ്വീകരിച്ചിട്ടില്ല എന്നാണ് സർക്കാർ കത്തിലൂടെ അറിയിച്ചത് .
ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുൻ കൺവീനറുമായ ഹരി എസ് കർത്തയെ നിയമിക്കാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പിഎ ആയി സർക്കാർ നിയമിക്കുകയായിരുന്നു .
എന്നാൽ ഈ നിയമനത്തോടൊപ്പം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് അയച്ച കത്തിലായിരുന്നു സർക്കാർ നിയമനത്തിലുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ രാജ്ഭവനിൽ നിയമിക്കുന്ന പതിവ് സംസ്ഥാനത്ത് ഇല്ല. അതുകൂടാതെ , ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവരെയോ സജീവമായി പ്രവർത്തിക്കുന്നവരെയൊ നിയമിക്കുന്ന രീതിയും കേരളത്തിൽ ഇല്ല.
കേരളം ഇതുവരെയും ഇക്കാര്യത്തിൽ പാലിച്ചു വന്നിരുന്ന രീതി പിന്തുടരുന്നതാണ് നല്ലത് എന്നാണ് സർക്കാർ കത്തിലൂടെ ഗവർണറെ അറിയിച്ചിരിക്കുന്നത് . ഗവർണർ ഇക്കാര്യത്തിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഈ നിയമനം അംഗീകരിച്ചത് എന്നാണ് കത്തിൽ പറയുന്നത്. ഈ കാര്യം അറിയിച്ചു കൊണ്ടാണ് സംസ്ഥാന പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ കത്ത്.
ഹരി എസ് കർത്തായുടെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷനേതാവും വിമർശനവുമായി രംഗത്ത് വന്നിരുന്നു . സർക്കാറും ഗവർണ്ണറും തമ്മിലുള്ള ഒത്ത് തീർപ്പിൻറെ ഭാഗമാണ് നിയമനമെന്ന ആക്ഷേപമായിരുന്നു വിഡി സതീശൻ ആരോപിച്ചത്. രാജ്ഭവൻ ശുപാർശ നൽകിയാൽ തള്ളിക്കളയാൻ അധികാരമില്ലെന്ന ന്യായീകരണമാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത് .
ഗവർണറെ അതൃപ്‌തി അറിയിച്ചു കൊണ്ടാണ് നിയമന ഉത്തരവിറക്കിയത്. കർത്തായെ നിയമിക്കാനുള്ള കത്ത് രാജ്ഭവൻ സർക്കാരിന് നൽകിയത് കഴിഞ്ഞ മാസം 18നാണ്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനൊപ്പം നിയമനനീക്കവും ചർച്ചയായി. നിയമന ശുപാർശ ആഴ്ചകളോളം മുഖ്യമന്ത്രിയുടെ പരിഗണനയിലായിരുന്നു ഉണ്ടായിരുന്നത് .
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗവർണ്ണർ ഒപ്പിട്ടതും കർത്തായുടെ നിയമനവും സർക്കാരും ഗവർണ്ണറും തമ്മിലെ കൊടുക്കൽ വാങ്ങൽ പ്രകാരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം. ഗവർണ്ണർ- സർക്കാർ പ്രശ്നം തീർക്കാൻ ബിജെപി ഇടനില നിന്നുവെന്ന അന്നത്തെ ആക്ഷേപം നിയമനം വഴി പ്രതിപക്ഷം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുണ്ട് . അത് കൂടി മുൻനിർത്തിയാണ് വിയോജിപ്പ് രേഖപ്പെടുത്തി സർക്കാർ.
https://www.facebook.com/Malayalivartha