അനധികൃത സ്വത്ത് സമ്പാദനം... ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

ബറ്റാലിയന്‍ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ . മനോജിന്റേതാണുത്തരവ്. സര്‍ക്കാരിന് നല്‍കിയ ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും വിജിലന്‍സ് പക്കലുള്ള അസ്സല്‍ കൈയ്യൊപ്പുള്ള സാക്ഷി മൊഴികള്‍ അടങ്ങിയ കേസ് ഡയറി ഫയലും ഹാജരാക്കണമെന്ന വാദിഭാഗം ഹര്‍ജിയും തള്ളണമെന്ന സര്‍ക്കാരിന്റെ ശക്തമായ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും വിളിച്ചു വരുത്തി കോടതി പരിശോധിക്കണമെന്ന അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണം വിലയി രുത്താനും വസ്തുതാ റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കണ്ടെത്താനും കേസ് ഡയറി പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പകര്‍പ്പ് മാത്രമാണെന്നും ഒറിജിനല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിലാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സാക്ഷ്യപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ തിരിമറി സംശയിക്കുന്നതായും
അതിനാല്‍ കേസ് ഡയറി ഫയല്‍ വിളിച്ചു വരുത്തി കോടതി പരിശോധിക്കണമെന്നും വാദി ഭാഗം ബോധിപ്പിച്ചിരുന്നു.
ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ട്. അതിനാലാണ് നേരാം വണ്ണം അന്വേഷിക്കാതെ എം.ആര്‍. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയുളള തട്ടിക്കൂട്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നവംബറില്‍ നല്‍കിയതെന്നും വാദി ഭാഗം പറഞ്ഞു.
ഒറിജനല്‍ വിജിലന്‍സ് എന്‍ക്വയറി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ എന്തിനാണ് പരിഭ്രമിക്കുന്നതെന്ന് സര്‍ക്കാരിനോട് ജഡ്ജി എ. മനോജ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഒറിജനല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാര്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ നിന്നും ചോദ്യമുയര്‍ന്നത്.
തല്‍സമയം അവ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ കൈവശമാണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. അതേ സമയം കോടതി പരിശോധിച്ച് വിലയിരുത്തേണ്ട റിപ്പോര്‍ട്ട് അവിടെ ഇരിക്കുന്നത് കൊണ്ട് ഒരുപയോഗവുമില്ലെന്ന് വാദിഭാഗം ബോധിപ്പിച്ചു. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒറിജിനല്‍ അന്വേഷണ ഉത്തരവും (ജി. ഒ ) ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തതെന്ന് പറഞ്ഞ് നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത ഇരുണ്ട പകര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്.
അതേ സമയം കോടതിയില്‍ ഹാജരാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ എന്‍ക്വയറി ഓഫീസര്‍ ഷിബു പാപ്പച്ചന്‍ സാക്ഷ്യപ്പെടുത്താത്തതെന്തെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ കോടതിയില്‍ സന്നിഹിതനായ ഷിബു പാപ്പച്ചനും സര്‍ക്കാരും മൗനം പാലിച്ചു. ഇക്കാര്യം വാദി ഭാഗം അഡ്വ നെയ്യാറ്റിന്‍കര. പി. നാഗരാജ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതി വിജിലന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് നല്‍കുന്ന കുറ്റപത്ര പകര്‍പ്പുകള്‍ പോലും ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് ചട്ട പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനോ ചാര്‍ജിംഗ് ഓഫീസറോ സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന നിയമം അറിയില്ലേയെന്ന് ചോദിച്ച കോടതി സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥനെയും രൂക്ഷമായി വിമര്‍ശിച്ചു.
അതേ സമയംഅഡീ. ഡിജിപി എം ആര്‍ അജിത് കുമാറിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ മൂല്യ നിര്‍ണ്ണയവും വിപണി മൂല്യവും (മാര്‍ക്കറ്റ് വാല്യു) നടത്താത്തതെന്തെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. അതിനും
ഉത്തരം ബോധിപ്പിക്കാതെ സര്‍ക്കാര്‍ കോടതിയില്‍ മൗനം പാലിച്ചു നിന്നു. അതേസമയം സ്വകാര്യ ഹര്‍ജി അപ്പാടെ തള്ളണമെന്നസര്‍ക്കാര്‍ ആവശ്യം അപക്വമെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ നെയ്യാറ്റിന്‍കര.പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.അഡീ. ഡിജിപി എം. ആര്‍. അജിത്കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ തലസ്ഥാന വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജിയില്‍ കോടതി തുടര്‍ വാദം കേട്ടിരുന്നു.
https://www.facebook.com/Malayalivartha