കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിറ്റു ജീവിക്കുന്ന കടകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയത് ഒരു കടയിൽ ആസിഡ് കണ്ടെത്തി എന്നുപറഞ്ഞാണ്; അത്താഴപ്പട്ടിണിക്കാരൻ്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്താനായി എന്തിനാണിങ്ങനെയൊരു ദുരന്ത ഭരണം? ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള വകുപ്പും ഉദ്യോഗസ്ഥരുമിവിടെയുണ്ട്; അവർ സ്ഥിരമായി പരിശോധന നടത്തി പരിഹരിക്കേണ്ട നിസ്സാര പ്രശ്നമാണിത്; വിമർശനവുമായി കെ സുധാകരൻ

കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിറ്റു ജീവിക്കുന്ന കടകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയ വിഷയത്തിൽ വിമർശനവുമായി കെ സുധാകരൻ. അത്താഴപ്പട്ടിണിക്കാരൻ്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്താനായി എന്തിനാണിങ്ങനെയൊരു ദുരന്ത ഭരണം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
അത്താഴപ്പട്ടിണിക്കാരൻ്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്താനായി എന്തിനാണിങ്ങനെയൊരു ദുരന്ത ഭരണം? കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിറ്റു ജീവിക്കുന്ന കടകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയത് ഒരു കടയിൽ ആസിഡ് കണ്ടെത്തി എന്നുപറഞ്ഞാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള വകുപ്പും ഉദ്യോഗസ്ഥരുമിവിടെയുണ്ട് .
അവർ സ്ഥിരമായി പരിശോധന നടത്തി പരിഹരിക്കേണ്ട നിസ്സാര പ്രശ്നമാണിത്.എന്നാൽ എളുപ്പവഴിയും, സി പി എം എന്ന പാർട്ടിക്ക് ഇഷ്ടവും അധ്വാനിച്ചു ജീവിക്കുന്നവരുടെ സ്ഥാപനം അടച്ചു പൂട്ടിക്കുന്നതാണല്ലോ.ശാരീരിക അവശതകൾ കാരണം കടുത്ത അധ്വാനത്തിൽ ഏർപ്പെടുവാൻ സാധിക്കാത്ത ഒരുപാട് പേരുടെ ജീവിത മാർഗമാണീ കടകൾ.
പാവപ്പെട്ടവന്റെ കഞ്ഞിക്കലം നിസ്സാരമായി സർക്കാർ തച്ചുടച്ചു കളയുകയാണ്. കഴിഞ്ഞദിവസം കണ്ണൂരിൽ കല്യാണ വീട്ടിലെ ബോംബ് സ്ഫോടനത്തിന് ശേഷവും ഇതുപോലൊരു മരമണ്ടൻ തീരുമാനമാണ് പതിവുപോലെ പിണറായി വിജയൻ എടുത്തത്.
എങ്ങനെയാണ് ബോംബ് ഇത്ര സുലഭമായതെന്നും എവിടെയാണ് ബോംബ് നിർമാണം നടക്കുന്നതെന്നും അന്വേഷിക്കാതെ , ആ ക്രിമിനലുകളെ ഇനി ഒരിക്കലും ബോംബുണ്ടാക്കാൻ ആലോചിക്കുകപോലും ചെയ്യാത്ത വിധത്തിൽ നിയമനടപടികൾ എടുത്ത് ജയിലിലടക്കാനുള്ള വഴികൾ സ്വീകരിക്കാതെ കല്യാണങ്ങൾക്ക് ഗാനമേള നിരോധിച്ചു കൊണ്ട് ഉത്തരവിറക്കുകയാണ് ഈ വിഡ്ഢികൾ ചെയ്തത്.
ഈ കോവിഡ് കാലത്ത് ജീവിതത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തൊഴിൽ പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട കലാകാരന്മാരുടെ അന്നം കൂടിയാണ് സാമാന്യബോധം പോലുമില്ലാത്ത ഭരണകൂടം ഇല്ലാതാക്കിയത്. പണം ഇല്ലാത്തവർക്ക് ഒരുകാരണവശാലും ജീവിക്കുവാൻ സാധിക്കാത്ത സ്ഥലമായി കേരളം മാറുകയാണ്.
വൻകിട പദ്ധതികളും കൺസൾട്ടൻസി, കമ്മീഷൻ തട്ടിപ്പും, വീതം വെപ്പും മാത്രമാണ് ഭരണകർത്താക്കളുടെ അജണ്ട. ബാക്കി എല്ലാ കാര്യങ്ങളും പാർട്ടിക്കാരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾക്ക് വിട്ടു നൽകിയിരിക്കുകയാണ്. പാവങ്ങളോട് കരുണയില്ലാത്ത, പാവപ്പെട്ടവന്റെ കണ്ണീരിനോട് അശേഷം സഹതാപം ഇല്ലാത്ത മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിജയൻ സർക്കാർ ഇപ്പോഴെല്ലാം നിരോധിക്കുകയാണ്.
കേരളത്തിലെ ജനങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്, ബോംബ് പൊട്ടിയതിൻ്റെ പേരിൽ കല്യാണം നിരോധിക്കരുത്. ബീച്ചിൽ ഒരു കടയിലെ ഭക്ഷണം മോശമായതിൻ്റെ പേരിൽ ബീച്ച് അടച്ചു പൂട്ടരുത്. നിങ്ങളത് ചെയ്തേക്കുമെന്ന് കേരളം ഭയക്കുന്നു.
ഒരു കാര്യം ഓർമിച്ചോളൂ, അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്ന മനുഷ്യജന്മങ്ങളോട് തെരുവുനായ്ക്കളോടുള്ള പരിഗണന പോലും കാണിക്കാത്ത കാരണഭൂതങ്ങളെ കാലത്തിൻ്റെ ചവറ്റുകൊട്ടയിലെറിയുന്ന വിപ്ലവം ഈ മണ്ണിലുണ്ടാകും. അധികം വൈകാതെ...
https://www.facebook.com/Malayalivartha