ഭരണപക്ഷവും പ്രതിപക്ഷവും ഭരണഘടനയെ തകർക്കുന്നു; ഗവർണർ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു; രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ ഉറപ്പാക്കിയ ശേഷം പുതിയ ആളുകളെ നിയമിച്ച് സിപിഎമ്മുകാർക്കെല്ലാം ഖജനാവിൽ നിന്നും പെൻഷൻ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; ഇത് ഭരണഘടനാ തലവനായ ഗവർണർ ചോദ്യം ചെയ്യുക തന്നെ ചെയ്യും; ആരോപണവുമായി കെ.സുരേന്ദ്രൻ

ഭരണപക്ഷവും പ്രതിപക്ഷവും ഭരണഘടനയെ തകർക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാരെ പേഴ്സണൽ സ്റ്റാഫിൽ എടുത്ത് ഖജനാവ് കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ ഉറപ്പാക്കിയ ശേഷം പുതിയ ആളുകളെ നിയമിച്ച് സിപിഎമ്മുകാർക്കെല്ലാം ഖജനാവിൽ നിന്നും പെൻഷൻ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് ഭരണഘടനാ തലവനായ ഗവർണർ ചോദ്യം ചെയ്യുക തന്നെ ചെയ്യും. സർക്കാരിന്റെ ഭാഗത്ത് തെറ്റ് വന്നതു കൊണ്ടാണല്ലൊ ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്.
നയപ്രഖ്യാപനത്തിൽ ട്രെഷറി ബെഞ്ച് കയ്യടിക്കാതിരുന്നത് പൊള്ളയായ കാര്യങ്ങൾ ഗവർണറെ കൊണ്ട് പറയിപ്പിച്ചതാണെന്ന് അവർക്ക് ഉറപ്പുള്ളതു കൊണ്ടാണ്. പ്രതിപക്ഷം ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്. ഗവർണർക്കെതിരെ ധർണ നടത്തുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പരസ്പരം മനസിലാകുന്നില്ലെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.
സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസിന് സിപിഎമ്മുമായാണ് ബന്ധം. പഴയ എസ്എഫ്ഐ നേതാവാണ് കമ്പനിയുടെ തലപ്പത്തിരിക്കുന്നത്. പിണറായി വിജയനാണ് കമ്പനിയുടെ ലോഗോ പ്രകാശിപ്പിച്ചത്. തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണിയാണ്. കിഴക്കമ്പലം കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞാൽ ലോകത്ത് ആരും വിശ്വസിക്കില്ല.
ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകനും സിപിഎം ലഹരിമാഫിയയുടെ കൊലക്കത്തിക്കിരയായി. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ക്രമസമാധാനം പൂർണമായും തകർന്നു കഴിഞ്ഞു. ആഭ്യന്തരം വൻപരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
https://www.facebook.com/Malayalivartha