വീട് ഒഴിപ്പിക്കുന്നതിനെചൊല്ലി തര്‍ക്കം; ക്വട്ടേഷന് സംഘം ഗൃഹനാഥനും നാട്ടുകാർക്കും നേരെ വെടിവച്ചു; അക്രമിസംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസ് ഏൽപ്പിച്ചു

ബാലുശേരി നന്മണ്ടയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷന് സംഘം ഗൃഹനാഥനും നാട്ടുകാർക്കും നേരെ വെടിവച്ചു. നന്മണ്ട ഹൈസ്കൂളിന് സമീപം താമസിക്കുന്ന മഠത്തില് വില്സന്റെ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്ക്കവും വെടിവയ്പ്പും. ശനി രാത്രി എട്ടോടെയാണ് സംഭവം. സംഭവത്തില് മുക്കം ചെറുവാടി സ്വദേശി മുനീര് (35), ഓമശേരി സ്വദേശി ഷാഫി (32) എന്നിവരെ പിടികൂടി നാട്ടുകാര് ബാലുശേരി പൊലീസില് ഏല്പ്പിച്ചു.
പനായി സ്വദേശി സത്യന് എന്നയാള് ഏര്പ്പാടാക്കിയ ക്വട്ടേഷന് ടീമാണിതെന്ന് സംശയമുണ്ട്. സത്യനുമായുള്ള സാമ്ബത്തിക ഇടപാടിനെച്ചൊല്ലി വില്സനെതിരെ ഹൈക്കോടതിയില് കേസ് ഉണ്ടായിരുന്നു. വില്സന്റെ വീട് സത്യന് എഴുതിനല്കിയെങ്കിലും ഒഴിഞ്ഞുകൊടുത്തിരുന്നില്ല. തുടര്ന്ന് സത്യന് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. ശനിയാഴ്ച ഉച്ചയോടെ പൊലീസും ഉദ്യോഗസ്ഥരുമെത്തി കോടതി ഉത്തരവുപ്രകാരം വീട് ഒഴിപ്പിച്ചു.
എന്നാല്, പോകാന് ഇടമില്ലാത്തതിനാല് വില്സണും ഭാര്യയും രണ്ട് മക്കളും സാധനങ്ങളുമായി വീട്ടുമുറ്റത്തുതന്നെ ഇരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന് നാട്ടുകാരും അയല്വാസികളും വീട്ടില് എത്തി. അതിനിടെയാണ് രാത്രി മൂന്നംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറി വെടിയുതിര്ത്തത്. ആറ് റൗണ്ട് വെടിവച്ചെങ്കിലും ആര്ക്കും പരിക്കില്ല.അക്രമിസംഘത്തിലെ രണ്ടുപേരെ നാട്ടുകാര് പിടികൂടി. ഒരാള് ഓടിരക്ഷപ്പെട്ടു. ബാലുശേരി പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha






















