ഈ കളി തീക്കളി... സ്ത്രീകളടക്കം തെരുവുയുദ്ധത്തിനായി 18,000 തോക്കുകള്‍ ഏറ്റുവാങ്ങി യുക്രെയ്ന്‍ ജനത; പെട്രോള്‍ ബോംബുണ്ടാക്കാന്‍ സര്‍ക്കാര്‍ പരിശീലനം; റഷ്യയ്ക്ക് കനത്ത വെല്ലുവിളിയുമായി യുക്രെയ്ന്‍ ജനത; സൈന്യം തോറ്റാലും ജനങ്ങള്‍ പകരം ചോദിക്കും

യുക്രെയ്‌നില്‍ റഷ്യ കുതിക്കുമ്പോള്‍ അതേ സമയം പരാജയവും മണക്കുന്നതായി സൂചന. ഇത്രയൊക്കെയായിട്ടും അണുകിട മാറാതെ ജനങ്ങളേയും പോരാളികളാക്കുകയാണ് യുക്രെയ്ന്‍. യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായ നഗരങ്ങളില്‍ സൈനിക മുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുക്കുന്നു.
തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാന്‍ സന്നദ്ധരായ സാധാരണക്കാര്‍ക്കു കഴിഞ്ഞ ദിവസം നല്‍കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു. എല്ലാ വീടുകളിലും അവശ്യവസ്തുക്കള്‍ക്കൊപ്പം തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ സ്ഥാനം പിടിച്ചു. പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു പുറമേ അതുണ്ടാക്കേണ്ടതെങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ച ശേഷമാണ് മൊളട്ടവ് കോക്ടെയ്ല്‍ (പെട്രോള്‍ ബോംബ്) ഉണ്ടാക്കുന്നത്. ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യന്‍ ടാങ്കുകള്‍ക്കു നേരെ പ്രയോഗിക്കാനാണ് യുക്രെയ്ന്‍ സര്‍ക്കാര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ബോംബുകള്‍ ഇന്നലെ റഷ്യന്‍ ടാങ്കുകള്‍ക്കും കവചിതവാഹനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി പ്രയോഗിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് റഷ്യന്‍ സൈന്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. സൈന്യത്തെ മാത്രമല്ല സാധാരണ ജനങ്ങളേയും പേടിക്കേണ്ട അവസ്ഥയാണ്.
രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായിരുന്നു വ്യേചെസ്‌ലാവ് മൊളട്ടവ്. യുദ്ധത്തിനിടെ ഫിന്‍ലന്‍ഡില്‍ റഷ്യ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയപ്പോള്‍, അവിടെ ഭക്ഷണപ്പൊതികളാണു വിതരണം ചെയ്യുന്നതെന്നു മൊളട്ടവ് പ്രസ്താവിച്ചു. ഇതിനു ശേഷമാണ് പെട്രോള്‍ ബോംബുകളെ പരിഹാസരൂപേണ മൊളട്ടവ് കോക്ടെയ്ല്‍ എന്നു വിശേഷിപ്പിച്ചു തുടങ്ങിയത്.
സര്‍ക്കാര്‍ ആഹ്വാനത്തെത്തുടര്‍ന്ന് ജനങ്ങള്‍ വലിയ തോതില്‍ നിര്‍മിച്ച ഇത്തരം ബോംബുകള്‍ ഇന്നലെ റഷ്യന്‍ ടാങ്കുകള്‍ക്കും കവചിതവാഹനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി പ്രയോഗിക്കപ്പെട്ടു.
റഷ്യയുടെ ആയുധശേഷിക്കും അതിക്രമത്തിനും മുന്നില്‍ തളരാത്ത പോരാട്ടവീര്യമാണ് യുക്രെയ്ന്‍ സൈന്യവും ജനങ്ങളും പ്രകടമാക്കുന്നത്. ചെറുത്തുനില്‍പിന്റെ ആവേശവും ആത്മവിശ്വാസവും ജനിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാഞ്ഞുവരുന്ന റഷ്യന്‍ ടാങ്കുകള്‍ക്കുമുന്നില്‍ ഒരു യുക്രെയ്ന്‍ പൗരന്‍ ഏകനായി നില്‍ക്കുന്ന ദൃശ്യമാണ് ഇതിലൊന്ന്. ഇത് ഏതാണു സ്ഥലമെന്നു വ്യക്തമല്ല. ഇയാളെ ഇടിച്ചുവീഴ്ത്താതിരിക്കാന്‍ ടാങ്കുകള്‍ വെട്ടിച്ചുമുന്നോട്ടുപോകുന്നതാണ് വിഡിയോയിലുള്ളത്.
ചൈനയിലെ ടിയനന്‍മെന്‍ കൂട്ടക്കൊലയ്ക്കിടയില്‍ ടാങ്കുകള്‍ക്കുമുന്നില്‍ ഏകനായി ചെറുത്തുനിന്ന 'ടാങ്ക് മനുഷ്യനെ' അനുസ്മരിപ്പിക്കുന്നതാണ് ഈ ദൃശ്യം. ക്രൈമിയയില്‍ നിന്നു യുക്രെയ്‌നിലെ പ്രധാന മേഖലയിലേക്ക് റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ഒരു സൈനികന്‍ ചാവേറായി പൊട്ടിത്തെറിച്ച് പാലം തകര്‍ത്തു. വിറ്റാലി സ്‌കാകുന്‍ വൊളോഡിമിറോവിച് ആണ് ജീവന്‍ വെടിഞ്ഞത്. റഷ്യന്‍ പടയുടെ മുന്നേറ്റം തടയാന്‍ പാലം തകര്‍ക്കുക മാത്രമേ വഴിയുള്ളൂ എന്നു വ്യക്തമായതോടെയാണ് സൈന്യം ഈ നീക്കം നടത്തിയത്. ദൗത്യം നടപ്പാക്കാന്‍ വൊളോഡിമിറോവിച് സ്വയം സന്നദ്ധനായി മുന്നോട്ടുവന്നു.
കീവില്‍ വയോധികന്‍ ഓടിച്ച കാറിനു മുകളിലൂടെ റഷ്യന്‍ ടാങ്ക് ഓടിച്ചുകയറ്റുന്ന വിഡിയോയും പുറത്തുവന്നു. ഇതിലെ യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കീവിലും പരിസരപ്രദേശങ്ങളിലും ജനവാസമേഖലകളിലേക്കും മിസൈല്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. തെരുവിലെങ്ങും വെടിയുണ്ടകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളാണ്. തലസ്ഥാനത്തെങ്ങും തെരുവുയുദ്ധമാണെന്നും ജനങ്ങള്‍ സുരക്ഷിത ബങ്കറുകളില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. രാത്രി 7നു ശേഷം യുക്രെയ്‌നിലുടനീളം നിശാനിയമം നിലവിലുണ്ട്.
" f
https://www.facebook.com/Malayalivartha






















