നാല് കോടിയുടെ തിമിംഗല ചര്‍ദ്ദിയും മയക്കുമരുന്നുമായി പിടിയിലായ സിവില്‍ എഞ്ചിനീയര്‍ക്ക് സി പി എം ബന്ധം... കഴക്കൂട്ടം സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്ത് നിന്നുമാണ് എക്‌സൈസ് സംഘം പിടികൂടിയത്, മയക്കുമരുന്നും തിമിംഗല ചര്‍ദ്ദിയും എങ്ങനെ ലഭിച്ചുവെന്നതില്‍ അന്വേഷണം തുടരുന്നു

നാല് കോടിയുടെ തിമിംഗല ചര്‍ദ്ദിയും മയക്കുമരുന്നുമായി പിടിയിലായ സിവില്‍ എഞ്ചിനീയര്‍ക്ക് സി പി എം ബന്ധം. കഴക്കൂട്ടം സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്ത് നിന്നുമാണ് എക്‌സൈസ് സംഘം പിടികൂടിയത്.
മയക്കുമരുന്നും തിമിംഗല ചര്‍ദ്ദിയും എങ്ങനെ ലഭിച്ചുവെന്നതില്‍ അന്വേഷണം തുടരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാമനപുരത്തെ എക്‌സൈസ് സംഘം ഇന്നലെ രാവിലെ 10 മണിക്കാണ് 28 കാരനായ ഗരീബ് നവാസിനെ പിടികൂടിയത്.
യാത്രാമധ്യേ വെമ്പായത്ത് വച്ച് എക്‌സൈസ് സംഘം പിടികൂടുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നത് തിമിംഗല ചര്‍ദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു.
ഗരീബിനെ പിടികൂടുന്നതിന് മുമ്പ് കാട്ടായിക്കോണത്തെ എസ് എഫ് ഐ നേതാവ് അര്‍ജുനെയും നന്ദുവിനെയും എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. സി പി എം പ്രവര്‍ത്തകരുടെ സഹായത്തോടെ ഇയാള്‍ മയക്കുമരുന്ന് കടത്തുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.
തിരുവനന്തപുരം ജില്ലയിലെ കാട്ടായികോണത്തുള്ള ചില എസ് എഫ് ഐ നേതാക്കളാണ് ഗരീബിനെ സഹായിക്കുന്നത് എന്നായിരുന്നു വിവരം. അങ്ങനെയാണ് ഇയാളെ പിടികൂടുന്നതിന് മുമ്പ് എസ് എഫ് ഐ നേതാക്കളെ ചോദ്യം ചെയ്തത്. പാര്‍ട്ടിയുടെ ഹുങ്ക് ആണെന്ന് തോന്നുന്നു: കാര്യമായ വിവരങ്ങളൊന്നും ഇവരില്‍ നിന്നും ലഭിച്ചില്ല.അതിനു മുമ്പ് തന്നെ ഇവരെ രക്ഷപ്പെടുത്തി.
നാല് കോടി മൂല്യമുള്ള നാല് കിലോ തിമിംഗല ചര്‍ദ്ദിയും ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്. തുമ്പ കടപ്പുറത്ത് നിന്ന് കോടികളുടെ തിമിംഗല ചര്‍ദ്ദി ലഭിച്ചുവെന്ന ഗരീബിന്റെ മൊഴി എക്‌സൈസ് സംഘം തള്ളി.
മയക്കുമരുന്ന് അടക്കം കൈവശം വച്ചതോടെ വന്‍ സംഘങ്ങളുമായുള്ള ഗരീബിന്റെ ബന്ധമാണ് എക്‌സൈസ് അന്വേഷിക്കുന്നത്. ഗരീബിന്റെ മൊബൈല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. അഞ്ച് ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വയ്ക്കുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചര്‍ദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പിന് കൈമാറും.
എന്നാല്‍ എസ് എഫ് ഐ നേതാക്കള്‍ക്ക് മയക്കുമരുന്ന് ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നാണ് പോലീസ് പറയുന്നത്.എസ് എഫ് ഐ നേതാക്കള്‍ക്ക് മയക്കുമരുന്ന് കച്ചവടവുമായി ബന്ധമില്ലെങ്കില്‍ എന്തിനാണ് ഇവരെ ചോദ്യം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേര് വലിച്ചിഴക്കപ്പെടുന്നതില്‍ പാര്‍ട്ടിക്ക് വിരോധമുണ്ട്. അതു കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂള്‍ - കോളേജ് കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന കൊഴുക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി തുടങ്ങിയ പ്രതിഭാസമാണിത്. തിരിച്ചറിവില്ലാത്ത പ്രായമാ ണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമെന്ന് നര്‍ക്കോട്ടിക് വ്യാപാരികള്‍ക്കറിയാം.
രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യപിന്തുണ ഇവര്‍ തേടാറുണ്ട്. കേരളത്തില്‍ ഇത് എളുപ്പമല്ലാത്തതുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ തേടുന്നത്. ഇത്തരം ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ലെങ്കിലും അക്കാര്യം തീര്‍ത്തു പറയാന്‍ കഴിയില്ല.
കോടികളുടെ ബിസിനസാണ് നര്‍ക്കോട്ടിക് മേഖലയില്‍ നടക്കുന്നത്. ആയിരകണക്കിന് ചെറുപ്പക്കാരാണ് ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്തുന്നത്. ഇതിന് പ്രത്യേകം റിക്രൂട്ടിംഗ് ഏജന്റുമാരുമുണ്ട്. അവര്‍ കേരളത്തിലെ യുവത്വത്തിലാണ് ശ്രദ്ധ വയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് എസ് എഫ് ഐ ക്കാരാണെങ്കില്‍ പോലും മയക്കുമരുന്ന് മാഫിയ - രാഷ്ട്രീയ ബന്ധം പ്രസക്തതമാകുന്നത്.
"
https://www.facebook.com/Malayalivartha





















