കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവനയെ കൊണ്ടുവന്നത് ആരുടെ ബുദ്ധി? സംശയിക്കാനെന്തിരിക്കുന്നു? സാക്ഷാല്‍ പിണറായി വിജയന്റെ....

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവനയെ കൊണ്ടുവന്നത് ആരുടെ ബുദ്ധി? സംശയിക്കാനെന്തിരിക്കുന്നു? സാക്ഷാല്‍ പിണറായി വിജയന്റെ.
കെ. റയില്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് കോട്ടയത്തും കോഴിക്കോടും നടന്ന ജനകീയ പ്രതിരോധങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ ഇമേജ് മണിക്കൂര്‍ അനുസരിച്ച് താഴേക്ക് പതിക്കുന്നതിനിടയിലാണ് നടി ഭാവനയെ ചലച്ചിത്ര മേളയുടെ വേദിയില്‍ എത്തിച്ചത്.
കെ റയില്‍ പ്രക്ഷോഭങ്ങളില്‍ പുരുഷന്‍മാരായ പോലീസുദ്യോഗസ്ഥര്‍ നിരപരാധികളായ സ്ത്രീകളെ നിഷ്‌കരുണം നേരിടുന്ന കാഴ്ചയിലേക്കാണ് കേരളം ഓരോ ദിവസവും ഉണരുന്നത്. കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല. സ്ത്രീകളെ പോലീസുകാര്‍ ചേര്‍ന്ന് റോഡിലൂടെ വലിച്ചിഴക്കുന്നു.വനിതാ പോലീസിന്റെ പൊടിപോലും കാണുന്നില്ല. കിടപ്പാടം നഷ്ടപ്പെടുന്നവന്റെ വേദനയാണ് എങ്ങും അലയടിക്കുന്നത്. നിത്യവൃത്തിക്ക് പോലും പണമില്ലാത്ത സര്‍ക്കാര്‍ നല്‍കുന്ന മോഹന വാഗ്ദാനങ്ങള്‍ ആരും ചെവിക്കൊള്ളുന്നില്ല. സര്‍ക്കാര്‍ ഒന്നും തരില്ലെന്ന് തന്നെ അവര്‍ തീര്‍ത്തും വിശ്വസിക്കുന്നു. ഇതാണ് ഇന്നത്തെ സാഹചര്യം.
കടല്‍ ഇളകി വരുന്നതു പോലെയാണ് ജനക്കൂട്ടം ഇളകുന്നത്. മുമ്പ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തില്‍ വന്‍ ജനകീയ പ്രതിരോധം കേരളത്തില്‍ കണ്ടിട്ടുള്ളത്. മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുന്നു. ഇടതുപക്ഷ മാധ്യമങ്ങള്‍ പോലും സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിരായുധരായി മാറിയത്. ദൃശ്യ മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ വാളും ഓങ്ങി നില്‍ക്കുന്നു.
സ്ത്രീകളെ പുരുഷ പോലീസുകാര്‍ റോഡിലൂടെ വലിച്ചിഴക്കുന്ന ഒന്നാം പുറ ചിത്രം ഒഴിവാക്കുന്നത് എങ്ങനെയാണെന്ന കൂടിയാലോചനകള്‍ക്കിടയിലാണ് ഭാവന എന്ന പിടിവള്ളി സര്‍ക്കാരിന്റെ മുന്നിലെത്തിയത്.പിന്നെ വൈകിയില്ല ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ഭാവനയെ വിളിച്ചു വരുത്തി. പിണറായിയുടെ പി.ആര്‍.ടീമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഏതായാലും ശ്രമം വിജയിച്ചു. ജനക്കൂട്ടം ഒന്നടങ്കം സര്‍ക്കാരിന് കൈയടിച്ചു. സമൂഹ മാധ്യമങ്ങളിലെ സ്തുതി പാടലുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സര്‍ക്കാര്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതി.
അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഉദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനായി നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നു. ഉദ്ഘാടന സമയത്തോട് അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് വന്നു. അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയ്യാരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കെതിരെ പോരാടുന്ന സ്ത്രീകള്‍ക്ക് ഭാവന ആശംസകള്‍ നേര്‍ന്നു.
ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. '26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവര്‍ക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും'' ഭാവന പറഞ്ഞു.ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്നായിരുന്നു സജി ചെറിയാന്‍ വിശേഷിപ്പിച്ചത്. നിശാഗന്ധിയിലെ പ്രൗഢ ഗംഭീരമായ വേദിയിലാണ് 26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു.
ഭാവന വന്നു പോയി. പക്ഷേ കെ റയില്‍ പ്രക്ഷോഭം തുടര്‍ന്നുകൊണ്ടിരിക്കും. എന്നും ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് വരില്ല. അതു കൊണ്ടു തന്നെ അടുത്ത മാര്‍ഗ്ഗം സര്‍ക്കാര്‍ കണ്ടത്തേണ്ടി വരും.
https://www.facebook.com/Malayalivartha