വിയറ്റ്നാമിലും കേരളത്തിലും രണ്ടു വ്യത്യസ്തമായ സമീപനമാണ് നെൽകൃഷിയോടു സ്വീകരിക്കുന്നത്; കേരളത്തിൽ പ്രത്യക്ഷ സബ്സിഡിയെ ആശ്രയിച്ചുകൊണ്ട് ആദായകരമാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്; വിയറ്റ്നാമിലാവട്ടെ ഇത്തരത്തിലുള്ള സഹായങ്ങൾ താരതമ്യേന കുറവാണ്; വിയറ്റ്നാമിലെ നെൽകൃഷിയും കേരളത്തിലെ നെൽകൃഷിയും താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കുമെന്ന് ഡോ. തോമസ് ഐസക്ക്

വിയറ്റ്നാമിലെ നെൽകൃഷിയും കേരളത്തിലെ നെൽകൃഷിയും താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും? അറിയണമെങ്കിൽ ദീപക് ജോൺസന്റെ “നെൽകൃഷി വരുമാനവും കാർഷിക നയങ്ങളും കേരളവും വിയറ്റ്നാമും തമ്മിലുള്ള താരതമ്യ പഠനം” എന്ന പിഎച്ച്ഡി പ്രബന്ധം വായിക്കണമെന്ന് ഡോ. തോമസ് ഐസക്ക് അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; വിയറ്റ്നാമിലെ നെൽകൃഷിയും കേരളത്തിലെ നെൽകൃഷിയും താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും?
അറിയണമെങ്കിൽ ദീപക് ജോൺസന്റെ “നെൽകൃഷി വരുമാനവും കാർഷിക നയങ്ങളും കേരളവും വിയറ്റ്നാമും തമ്മിലുള്ള താരതമ്യ പഠനം” എന്ന പിഎച്ച്ഡി പ്രബന്ധം വായിക്കുക. റ്റാറ്റാ ഇൻസ്റ്റിറ്റ്യട്ടിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ദീപക് ബാംഗ്ലൂരിലെ ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസിന്റെ ഗവേഷകനാണ്. ഇവിടുത്തെ ഗവേഷകരുമായി ഒരു സായാഹ്നം ചെലവഴിച്ചു. അവിടെവച്ചാണ് ദീപക് ജോൺസനെ പരിചയപ്പെടുന്നത്.
ഇന്നത്തേതുപോലെ പോയാൽ കേരളത്തിലെ നെൽകൃഷി രക്ഷപ്പെടില്ലെന്നാണു ഈ പ്രബന്ധം വായിച്ചപ്പോൾ ഞാൻ എത്തിയ നിഗമനം. അഡാട്ട് പഞ്ചായത്തിലെ കോൾനിലത്തിൽ ഒരു ഹെക്ടറിന് 4131 ഡോളർ വരുമാനമുണ്ട്. ദിൻ താൻഹിൽ 1851 ഡോളറേ വരുമാനമുള്ളൂ. പക്ഷെ കേരള സർക്കാരും പഞ്ചായത്തും നൽകുന്ന സബ്സിഡികളെല്ലാം കിഴിച്ചാൽ അഡാട്ടെ നെൽകൃഷി വരുമാനം 1351 ഡോളറേയുള്ളൂ. 21 ശതമാനം കുറവ്.
ഇനി അഡാട്ടിൽ ഒരു പൂവ് വിളവേയുള്ളൂ. ദിൻ താൻഹിൽ മൂന്ന് പൂവുണ്ട്. അഥവാ 4074 ഡോളർ ഹെക്ടറിനു വരുമാനം. കേരളത്തിലെ ഒരു കർഷക കുടുംബത്തിന്റെ വരുമാനം വിയറ്റ്നാമിനെ അപേക്ഷിച്ച് 44 ശതമാനം താഴ്ന്നതാണ്. കോൾ നിലത്തിൽ ശരാശരി കൃഷിയിടം 1.3 ഹെക്ടറാണ്. വിയറ്റ്നാമിൽ 2.7 ഹെക്ടറാണ്. ദിൻ താൻഹില്ലിൽ 70-കൾക്കുമുമ്പ് ഒരു പൂവേ വിളവുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ബണ്ടും മറ്റും കെട്ടി മൂന്ന് പൂവ് വരെ എടുക്കുന്നുണ്ട്.
97 ദിവസം മൂപ്പുള്ള നെല്ലിലേക്കു മാറിയതും ഇതിനൊരു കാരണമായി. കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള സങ്കരവിത്തുകൾ തുടർച്ചയായി കണ്ടുപിടിക്കുന്നു. കോൾ നിലത്തിലും പുതിയ ബണ്ടുണ്ട്. പക്ഷെ 134 ദിവസം മൂപ്പുള്ള നെല്ലാണ് വിതയ്ക്കുന്നത്. അതുകൊണ്ട് രണ്ടാംവിള വളരെ പ്രയാസമാണ്. ഒരു ഹെക്ടറിൽ നിന്ന് വർഷം വിയറ്റ്നാമിൽ 20.8 ടൺ നെല്ല് കൊയ്യുമ്പോൾ അഡാട്ടിൽ 6.5 ടണ്ണേ കൊയ്യുന്നുള്ളൂ.
വിയറ്റ്നാമും കേരളവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം ശാസ്ത്രസാങ്കേതിക നവീകരണത്തിനു നൽകിവരുന്ന ഊന്നലാണ്. കേരളത്തേക്കാൾ വളരെയധികം യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ട് ഒരു ഹെക്ടറിൽ വേണ്ടിവരുന്ന തൊഴിൽദിനങ്ങൾ താരതമ്യേന കുറവാണ്. വിയറ്റ്നാമിലും കേരളത്തിലും രണ്ടു വ്യത്യസ്തമായ സമീപനമാണ് നെൽകൃഷിയോടു സ്വീകരിക്കുന്നത്.
കേരളത്തിൽ പ്രത്യക്ഷ സബ്സിഡിയെ ആശ്രയിച്ചുകൊണ്ട് ആദായകരമാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. വിയറ്റ്നാമിലാവട്ടെ ഇത്തരത്തിലുള്ള സഹായങ്ങൾ താരതമ്യേന കുറവാണ്. പക്ഷെ വിളതീവ്രത വർദ്ധിപ്പിക്കാനുതകുന്ന കാർഷിക പശ്ചാത്തലസൗകര്യങ്ങളെയും നൂതന കാർഷിക സങ്കേതങ്ങളും യന്ത്രവൽക്കരണത്തെയുമാണ് കൂടുതൽ ആശ്രയിക്കുന്നത്. ഉയർന്ന ഉൽപ്പാദനക്ഷമതയും മൂന്നു വിളവുകളും ചേരുമ്പോൾ കേരളത്തേക്കാൾ വളരെ ആദായകരമായ ഒന്നായി വിയറ്റ്നാമിലെ നെൽകൃഷി മാറുന്നു.
നെല്ലിന്റെ സബ്സിഡിയൊന്നും കുറയ്ക്കണ്ട. പക്ഷെ അതിലൂടെ കാർഷികവികസനം സാധ്യമാകുമെന്നു കരുതരുത്. കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും നാനാവിധത്തിലുള്ള കൂട്ടായ്മകൾ ഇന്നു നിലവിലുണ്ട്. അവയിൽ കാര്യക്ഷമമായവയെ ശക്തിപ്പെടുത്തണം. കാർഷിക ഗവേഷണത്തിലും അതിന്റെ അടിസ്ഥാനത്തിൽ നൂതനമായ കാർഷികവിദ്യകളും ഉപയോഗിച്ച് ഉൽപ്പാദനക്ഷമത ഉയർത്തണം.
അല്ലാതെ കേരളത്തിലെ നെൽകൃഷി രക്ഷപ്പെടാൻ പോകുന്നില്ല. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ആയിരുന്നു ദീപക് ജോൺസന്റെ സൂപ്പർവൈസർ. അതുകൊണ്ട് തന്റെ വിദ്യാർത്ഥിയുടെ പഠനത്തിലെ ചില കാര്യങ്ങളെങ്കിലും കേരളത്തിലെ കാർഷിക വികസനത്തിലേക്കു സന്നിവേശിപ്പിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം. ഗ്രൂപ്പ് ഫോട്ടോയിൽ പിന്നിൽ നിൽക്കുന്ന ഏറ്റവും പൊക്കംകൂടിയ ക്രീംകളർ ഷർട്ടുകാരനാണ് ദീപക് ജോൺസൻ. പടങ്ങളെല്ലാം വിയറ്റ്നാമിലേത്. അവസാനത്തേതുമാത്രം ഞങ്ങളുടെ ബാംഗ്ലൂർ സായാഹ്നത്തിന്റേത്.
https://www.facebook.com/Malayalivartha