അതുക്കും മേലെ തരൂർ... ഇന്ത്യൻ കമ്യൂണിസ്റ്റ് ഇല്ലെങ്കിലെന്താ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് ഉണ്ടല്ലോ... തടയാമെങ്കിൽ തടഞ്ഞോ!

കെ പി സി സി അധ്യക്ഷൻ കെ.സുധാകരനും എ ഐസി സി അധ്യക്ഷ സോണിയാ ഗാന്ധിക്കും എട്ടിൻ്റെ പണി കൊടുത്തത് ശശി തരൂർ. സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് എ ഐ സി സി വിലക്കിയപ്പോൾ അതുക്കും മേലെ ഒരു കമ്യൂണിസ്റ്റ് പരിപാടിയിൽ ശശി തരൂർ ആരുടെയും അനുവാദമില്ലാതെ പങ്കെടുക്കുന്നു.
ബ്രിട്ടീഷ് കമ്യുണിസ്റ്റ് പാർട്ടിയുടെ പരിപാടിയിലാണ് തരൂർ പ്രഭാഷകനായി പങ്കെടുക്കുന്നത്. മാർച്ച് 26ന് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് തരൂർ പ്രഭാഷണം നടത്തുക.. ബ്രിട്ടീഷ് പൊലീസ് ഇന്ത്യയിൽ നടത്തിയ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ക്ഷമാപണം വേണമെന്ന ആവശ്യവുമായാണ് ബ്രിട്ടീഷ് കമ്യുണിസ്റ്റ് പാർട്ടിയുടെ പരിപാടി. ബ്രിട്ടീഷ് ലേബർ പാർട്ടി എംപി നവേന്ദു മിശ്ര അടക്കം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ജാലിയൻവാലാബാഗാണ് വിഷയം. അതു കൊണ്ടു തന്നെ കോൺഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ഇതിന് അനുവാദം ആവശ്യമുണ്ടോ എന്ന ചോദ്യം ഉദിക്കുന്നില്ല എന്നാണ് തരൂരമായി ബന്ധപ്പെട്ടവർ പറയുന്നത്.
തരൂരമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെയാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ പാർട്ടിയുടെ ക്ഷണം പുറത്തുവിട്ടത്.ഇത് കെ.സുധാകരനെ അടിക്കാനുള്ള ഒ രു വടിയായി തരൂർ കരുതുന്നു. അച്ചടക്ക ലംഘനം നടത്താൻ താൻ ഒരുക്കമാണെന്നതിൻ്റെ സൂചനയാണ് തരൂർ പുറത്തുവിട്ട വാർത്ത.
സിപിഎമ്മിന്‍റെ ദേശീയ പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് സംബന്ധിച്ചുള്ള വിവാദം കൂടുതൽ കൊഴുപ്പിക്കാൻ ഇപ്പോഴത്തെ വാർത്ത ഇടയാക്കും. കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് കരുതി സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിൽ നിന്നും പിന്മാറുന്നതായി ഒടുവില്‍ തരൂര്‍ ഇന്നലെ അറിയിക്കുകയായിരുന്നു. കെപിസിസി നേതൃത്വത്തിന്‍റെ വികാരം മാനിച്ച് സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് തരൂരിനോടും കെ വി തോമസിനോടും നിർദേശിച്ചത്. എന്നാൽ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ എം.പി.തീരുമാനം എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിൻ്റെ വിശ്വസ്തർ പറയുന്നത്.
വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്‍റെയും കെവി തോമസിന്‍റെയും പ്രതികരണം. തുടർന്നാണ് സെമിനാറിൽ പങ്കെടുക്കാൻ അനുവാദം തേടി ഇരുവരും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ് ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചത്. സിൽവർലൈനിൽ സർക്കാരിനെതിരെ കോൺഗ്രസ് കടുത്ത സമരം നടത്തുമ്പോൾ സിപിഎം പരിപാടിയിൽ പാർട്ടി നേതാക്കൾ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരൻ ഇക്കാര്യത്തിൽ കർശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.
രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ കെ വി തോമസ് സംസ്ഥാന നേതൃത്വവുമായി കൂടുതൽ അകൽച്ചയിലാണ്. ജി 23 അംഗമായ തരൂർ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്. പൊതുവിഷയങ്ങളിൽ സംസ്ഥാന നേതാക്കളെ തരൂർ കാര്യമായി ഗൗനിക്കാറുമില്ല. അതേസമയം, കെപിസിസി വിലക്കിനെ സംസ്ഥാന നേതൃത്വത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കെപിസിസി വിലക്ക് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
നേരത്തെ സിപിഎം സെമിനാറിൽ പങ്കെടുക്കാൻ പോയ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ കെ സുധാകരൻ നേരിട്ട് ഫോണിൽ വിളിച്ച് വിലക്കിയിരുന്നു. ശശി തരൂര്‍ ഇടത് പക്ഷത്തേക്ക് പോകാനുള്ള ശ്രമത്തിലാണെന്ന് ബിജെപിയും ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇടതുപക്ഷവും ബി ജെ പിയുമായും തരൂരിന് അടുത്ത ബന്ധമുണ്ട്. ഏതായാലും കൊണ്ടും കൊടുത്തും മുന്നോട്ടു പോകാൻ തരൂർ മിടുക്കനാണ്. സിൽവർ ലൈനിൻ്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.
https://www.facebook.com/Malayalivartha