ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 15 ആയി. നിരവധി പേരെ കാണാതായി. തലസ്ഥാനമായ ഡെറാഡൂണില്‍ തിങ്കളാഴ്ച രാത്രി ആരംഭിച്ച അതിശക്തമായ മഴയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി.ി
ഐ.ടി പാര്‍ക്കിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രളയത്തില്‍ കാണാതായവര്‍ക്കായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ട്രാക്ടര്‍ ട്രോളി ആസാന്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടാണ് അഞ്ച് പേര്‍ മരിച്ചത്. ഇവരെല്ലാം തൊഴിലാളികളാണ്. എട്ട് പേരെ കാണാതായി.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് ഉത്തര്‍ പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു.വെള്ളം കയറിയ ഡെറാഡൂണിലെ ദേവ്ഭൂമി ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ നിന്ന് 200 വിദ്യാര്‍ത്ഥികളെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തുകയും ചെയ്തു.
ടാമ്സ നദി കരകവിഞ്ഞൊഴുകി ഡെറാഡൂണിലെ തപ്കേശ്വര്‍ മഹാദേവ ക്ഷേത്രത്തിലും സഹസ്ത്രധാര മാര്‍ക്കറ്റിലും വെള്ളം കയറി. ഡെറാഡൂണ്‍-മസൂറി പാതയില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. നന്ദ കി ചൗകിയിലെ പാലം പ്രളയത്തില്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ഡെറാഡൂണ്‍-പോന്റ ദേശീയപാത അടച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഋഷികേശിലെ ചന്ദ്രഭാഗ നദി കരകവിഞ്ഞൊഴുകി. ഒഴുക്കില്‍പ്പെട്ട മൂന്നുപരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു. കര്‍ണ്ണപ്രയാഗിലും ഗൗച്ചറിലും റോഡില്‍ പാറക്കല്ലുകള്‍ വീണതിനെ തുടര്‍ന്ന് ബദ്രിനാഥ് ഹൈവേ അടച്ചു. ചമോലി, ചംപാവത്, ഉദ്ധംസിംഗ് നഗര്‍, ബാഗേശ്വര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍ ജില്ലകളില്‍ ഇന്നലെയും ശക്തമായ മഴയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ ഫോണില്‍ വിളിച്ച് സഹായം ഉറപ്പുനല്‍കി. ധാമി പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.
"
https://www.facebook.com/Malayalivartha