ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു. മാറനാട് സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ 3 പേർ സഞ്ചരിച്ച ബൈക്കിൽ ഉണ്ടായിരുന്ന കൊട്ടാരക്കര നീലേശ്വരം കളപ്പില താഴതിൽ വീട്ടിൽ വി.എസ്.വിജിൽ കുമാർ(27), മലപ്പുറം വളാഞ്ചേരി കോട്ടപ്പുറം കുണ്ടോഴിപ്പറമ്പിൽ വി.സഞ്ജയ് (21) എന്നിവരും എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന ആറ്റിങ്ങൽ വാസുദേവപുരം അശ്വതി ഭവനിൽ കെ.അജിത്തും (28) ആണ് മരിച്ചത്. നീലേശ്വരം അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിനു സമീപം തിങ്കൾ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മൂന്ന് പേർ സഞ്ചരിച്ച ബൈക്കിന് പിന്നിലുണ്ടായിരുന്ന പട്ടാമ്പി പള്ളിപ്പുറം സ്വദേശി അക്ഷയിനെ(23) പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഇരു ബൈക്കുകളും തകർന്നു. മാറനാട് ഓഡിറ്റോറിയത്തിൽ നടന്ന സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. റോഡിന്റെ വശത്തായി കൂട്ടിയിടിച്ച നിലയിലായിരുന്നു ബൈക്കുകൾ. ഇരു ബൈക്കുകളുടെയും ഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ വിദൂരങ്ങളിലേക്ക് ചിതറി.
ഹെൽമറ്റും ദൂരെ നിന്നാണ് ലഭിച്ചത്. പിന്നാലെ വന്ന ബൈക്കിലുണ്ടായിരുന്ന സുഹൃത്തുക്കളും വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ആംബുലൻസിലാണ് പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വരന്റെ സഹോദരൻ സുധീഷിന്റെ സുഹൃത്തുക്കളായിരുന്നു മരിച്ച വിജിലും സഞ്ജയും പരുക്കേറ്റ അക്ഷയും.
https://www.facebook.com/Malayalivartha