കെ റെയില്‍ പണി ആവേശം... ഇടതു സര്‍ക്കാരിന് വോട്ടു ചെയ്ത അനേകായിരം ജനങ്ങളുടെ കൂരയും കൃഷിയിടവും നിരപ്പാക്കി കെ റെയില്‍ സര്‍വേ മുന്നോട്ടു നീങ്ങുന്നു, കേരളത്തില്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിനും ഇടതുഭരണത്തിനും അന്ത്യം കുറിക്കുമെന്നതില്‍ രണ്ടു പക്ഷമില്ല

കെ റെയില്‍ പണി ആവേശം കേരളത്തില്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിനും ഇടതുഭരണത്തിനും അന്ത്യം കുറിക്കുമെന്നതില്‍ രണ്ടു പക്ഷമില്ല. ഇടതു സര്‍ക്കാരിന് വോട്ടു ചെയ്ത അനേകായിരം ജനങ്ങളുടെ കൂരയും കൃഷിയിടവും നിരപ്പാക്കി കെ റെയില്‍ സര്‍വേ മുന്നോട്ടുനീങ്ങുകയാണ്.
ചോരച്ചാലുകള്‍ നീന്തിക്കയറിയ പാര്‍ട്ടിപ്പോലീസിന്റെ അടിയേറ്റ് സ്ത്രീകള്‍ ഉള്‍പ്പെടെ അനേകായിരങ്ങളുടെ ചോര കേരളത്തില്‍ ഓരോ ദിവസവും ഒഴുകിക്കൊണ്ടിരിക്കുന്നു. തെക്കു മുതല്‍ വടക്കു വരെ ഇടനാഴിപോലെ ഇത്തിരിയോളം വലിപ്പമുള്ള കേരളത്തെ രണ്ടായി മുറിക്കുന്ന വികസന പദ്ധതിയോട് പ്രതിപക്ഷനിരയിലെ ഘടകക്ഷികള്‍ക്കുപോലും പൂര്‍ണ പിന്തുണ ഇല്ലാതിരിക്കെയാണ് പിണറായി ചേരിയുടെ പിടിവാശി.
റഷ്യയിലെ സ്വേച്ഛാധിപതി സ്റ്റാലിനെയും ചൈനയിലെ മാവോയെയും ഭരണത്തില്‍ അനുകരിക്കുന്ന സഖാവ് പിണറായി വിജയന്‍ കെ റെയില്‍ കല്ലുനാട്ടി മുന്നേറുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് നാലു പ്രധാന വിമാനത്താവളങ്ങളും റെയില്‍വെയും എണ്ണമറ്റ റോഡ് പാതകളുമുണ്ടായിട്ടും കെ റെയിലില്‍ കേരളത്തിന്റെ വേഗം കൂട്ടിയേ അടങ്ങു എന്ന നിശ്ചയത്തിലാണ്.
മുന്‍പ് ട്രാക്ടര്‍യന്ത്രം പാടങ്ങളില്‍ എത്തിച്ചപ്പോള്‍ കല്ലെറിഞ്ഞവരും കംപ്യൂട്ടര്‍ വന്നപ്പോള്‍ അടിച്ചുപൊളിച്ചവരുമാണ് കേരളത്തിലെ ഇടതുസഖാക്കള്‍. നിയമസഭാ മന്ദിരം തന്നെ അടിച്ചു തകര്‍ത്ത് വിപ്ലവകാരികള്‍ക്ക് കെ റെയില്‍ വന്നാല്‍ കേരളത്തിലെ സാധാരണക്കാരന് എന്തു നേട്ടം എന്ന് വ്യക്തമായി പറയാനാകുന്നില്ല. കാസര്‍ഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക് മൂന്നു മണിക്കൂര്‍ യാത്ര എന്ന അവകാശവാദം പറയുമ്പോള്‍ ഇതില്‍ യാത്ര ചെയ്യാന്‍ എത്ര പേരെ കിട്ടുമെന്ന് സര്‍ക്കാരിന് ഉത്തരമില്ല. കൊച്ചിയില്‍ മെട്രോ വന്നപ്പോള്‍ സമരകോലാഹലങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട സഖാക്കള്‍ ഇപ്പോള്‍ കെ റെയില്‍വന്നാല്‍ കേരളം ജപ്പാനു തുല്യമായി വികസിക്കുമെന്നാണ് കണ്ടെത്തിരിക്കുന്നത്.
പണ്ടെങ്ങോ നെല്‍പാടമായിരുന്ന പ്രദേശം നികത്തി തെങ്ങും വാഴയും കപ്പയും നട്ട കര്‍ഷകരെ തല്ലിയോടിച്ച് കൃഷി നശിപ്പിച്ച വെട്ടിനിരത്തല്‍ പോരാളികളാണ് ഇപ്പോള്‍ കെ റെയിലുമായി മുന്നോട്ടുവരുന്നത്.
എരുമേലിയില്‍ വിമാനത്താവളം വന്നാല്‍ കേരളത്തില്‍ അഞ്ചു ജില്ലകളില്‍ അഞ്ചോ ആറോ മിനിറ്റുകൊണ്ട് വിമാനമിറക്കാന്‍ സാധ്യതയുണ്ടായിരിക്കെ പത്തു ലക്ഷത്തോളം ജനങ്ങളെ പെരുവഴിയിലാക്കി എന്തു റെയില്‍വെ വികസനം എന്നതാണ് ജനങ്ങളുടെ ന്യായമായ ചോദ്യം.
കേരളത്തില്‍ ഒരു വ്യക്തിക്കുള്ള ശരാശരി ഭൂമി ഇരുപതു സെന്റില്‍ താഴെയാണ്. ഒരു വീടും കിണറും തൊഴുത്തും കക്കൂസും കഴിഞ്ഞാല്‍ പിന്നെ അല്‍പം മുറ്റമല്ലാതെ നാലു മൂടു കപ്പ നടാനുള്ള ഇടംപോലുമില്ലാതിരിക്കെയാണ് വീടുകള്‍ പിഴുതെറിഞ്ഞുള്ള കെ റെയില്‍ വിപ്ലവം.
കൊച്ചി മെട്രോയില്‍പോലും വേണ്ടത്ര യാത്രക്കാരില്ലാത്ത സാഹചര്യമാണുള്ളത്. നിലവിലുള്ള റെയില്‍വെ സംവിധാനം മെച്ചപ്പെടുത്താനുള്ള സാധ്യത തേടാതെ അതിവേഗ റെയില്‍വെയിലൂടെ അതിവേഗ വികസനം എത്തിച്ചാല്‍ നാടിന് എന്തു പ്രയോജനം എന്നതാണ് പ്രസക്തമായ ചോദ്യം. കോളനികളിലും ചേരികളിലും കഴിയുന്ന അനേകായിരങ്ങളെ കുടിയൊഴിപ്പിച്ചാല്‍ അവരെ എവിടെ പുനരധിവസിപ്പിക്കും.
എത്രത്തോളം ഫ്ളാറ്റുകളും ബഹുനില വാണിജ്യമന്ദിരങ്ങളും പൊളിച്ചുനീക്കേണ്ടിവരും എന്നിങ്ങനെ ആശങ്കകളുടേതായ അനേകായിരം ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുമ്പോഴാണ് പിണറായി സര്‍ക്കാരിന്റെ പുത്തന്‍വികസനം വിവാദമായി മാറിയിരിക്കുന്നത്.
എത്ര മലകള്‍ ഇടിച്ചുനിരത്തി കല്ലും മണ്ണും ശേഖരിച്ചാലാണ് ഇത്രത്തോളം ബൃഹത്തായ പദ്ധതി യാഥാര്‍ഥ്യമാക്കാനാവുകയെന്നത് പരിസ്ഥിതിപ്രേമികളായ ശാസ്ത്രസാഹിത്യ പരിഷത് ബുദ്ധിജീവികള്‍ക്കും പറഞ്ഞൊപ്പിക്കാനാവുന്നില്ല. പദ്ധതി ഒന്നുകില്‍ പിന്‍വലിക്കുകയോ സര്‍ക്കാര്‍ തന്ത്രപരമായി പിന്തിരിയുകയോ ചെയ്യേണ്ടിവരുമെന്നതില്‍ സംശയമില്ല.
അതേ സമയം സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യമുണ്ടായാല്‍ പിണറായി സര്‍ക്കാരിന്റെ അടിത്തറയും ഭരണക്കസേരയും കേരളത്തിലെ ജനങ്ങള്‍ പിഴുതെറിയുമെന്നതില്‍ സംശയം വേണ്ട.
https://www.facebook.com/Malayalivartha