പിണറായി വിജയൻ പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുകയാണ്;കേരളത്തിൽ മാത്രമാണ് പാർട്ടിയുള്ളത്; വിദ്യാർത്ഥി-യുവജന-ട്രേഡ് യൂണിയൻ രംഗത്തെല്ലാം സിപിഎം തകർന്നു; സിപിഎം മുസ്ലിംലീഗിന് സമാനമായ പ്രാദേശിക പാർട്ടിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

സിപിഎം മുസ്ലിംലീഗിന് സമാനമായ പ്രാദേശിക പാർട്ടിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു . അഖിലേന്ത്യാ പാർട്ടിയുടെ തീരുമാനങ്ങൾ ലീഗിനെ പോലെ സംസ്ഥാനഘടകം പ്രഖ്യാപിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുകയാണ്. അഖിലേന്ത്യാ പാർട്ടിയെ വരച്ചവരയിൽ നിർത്തുകയാണ് അദ്ദേഹം.
കെ-റെയിലിന്റെ കാര്യത്തിൽ പിണറായി വിജയന്റെ ആഗ്രഹം അംഗീകരിക്കേണ്ടി വരുന്ന ഗതികേടിലാണ് യെച്ചൂരി. അഖിലേന്ത്യാ പാർട്ടിക്ക് ചിലവിന് കൊടുക്കുന്നത് സംസ്ഥാന ഘടകമാണ്. കേരളത്തിൽ മാത്രമാണ് പാർട്ടിയുള്ളത്. വിദ്യാർത്ഥി-യുവജന-ട്രേഡ് യൂണിയൻ രംഗത്തെല്ലാം സിപിഎം തകർന്നു. ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത രീതിയിൽ യുവാക്കൾ പാർട്ടിയെ കൈവെടിഞ്ഞു കഴിഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയപാപ്പരത്തമാണ് പാർട്ടി കോൺഗ്രസിൽ കാണുന്നത്. സിപിഎം സമ്പൂർണ്ണമായി തകർന്നു. എല്ലാ സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. മല എലിയെ പ്രസവിച്ചത് പോലെയാണ് സിപിഎം പാർട്ടി കോൺഗ്രസെന്നും സുരേന്ദ്രൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ ഭാഷ ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലാകാത്തതാണ്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പാർട്ടിയാണ് സിപിഎം.
കൈവിരലുകൊണ്ട് എണ്ണാവുന്ന പാർലമെന്റ് അംഗങ്ങളെ വെച്ചാണ് പാർലമെന്റിൽ 402 എംപിമാരുള്ള ബിജെപിയെ എതിർക്കുന്നത്. കോൺഗ്രസിനോടുള്ള സിപിഎമ്മിന്റെ സമീപനം കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നതാണ്. ഒരു സംസ്ഥാനത്തും സിപിഎമ്മും കോൺഗ്രസും ഒന്നിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല. അപ്രായോഗികവും അസാധാരണവുമായ സഖ്യമാണത്.
സിപിഎം ബിജെപിയെ എതിർക്കുന്നത് തങ്ങൾക്ക് സന്തോഷമാണെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. രാജ്യവിരുദ്ധ പാർട്ടിയാണ് സിപിഎം. രാജ്യദ്രോഹികളുമായി സഖ്യം കൂടുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. ഇന്ത്യയേക്കാൾ കൂടുതൽ സ്നേഹം ചൈനയോട് കാണിക്കുന്നവരാണവർ.
ഇന്ത്യാ വിഭജനത്തെ അനുകൂലിച്ച പാക്കിസ്ഥാനെ സ്നേഹിക്കുന്ന എല്ലാ ഇന്ത്യൻ വികാരത്തെയും എതിർക്കുന്ന പാർട്ടിയാണ് സിപിഎം. അങ്ങനെയുള്ള പാർട്ടി ഭരിക്കുന്നത് കേരളത്തിന് അപമാനമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന് ദിശാബോധമില്ല. നയപരമായ കാര്യങ്ങൾ ജനങ്ങളെ ബോധിപ്പിക്കാൻ കഴിയുന്നില്ല. രാഷ്ട്രീയ പ്രമേയം എന്നത് മൂന്നും നാലും കൊല്ലം മുമ്പ് തയ്യാറാക്കിയതാണ്. കുത്തും കോമയും മാത്രമാണ് ഓരോ സമ്മേളനങ്ങളിലെയും പ്രമേയങ്ങളിൽ മാറുന്നത്.
അതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് അവർക്ക് നിലപാട് തിരുത്തേണ്ടി വരുന്നത്. ശബരിമല വിഷയത്തിൽ വൃന്ദകാരാട്ട് ഇപ്പോൾ പറയുന്നത് വിശ്വാസികളായ സ്ത്രീകളുടെ വികാരം മാനിക്കണമെന്നാണ്. പിണറായി വിജയന്റെ ഏകാധിപത്യത്തിന് അംഗീകാരം കൊടുക്കുന്ന സമ്മേളനമായി കണ്ണൂർ പാർട്ടി കോൺഗ്രസ് മാറി. കേരള രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ലാത്ത കെവി തോമസ് പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പോയത് കൊണ്ട് ഒന്നും സംഭവിക്കാനില്ല.
കെ.സുധാകരനും വിഡി സതീശനും ബുദ്ധിശൂന്യമായ രീതിയിലാണ് പ്രതികരിച്ചത്. ദേശീയതലത്തിൽ കോൺഗ്രസ്-സിപിഎം നേതാക്കൾ പരസ്പരം വേദി പങ്കിടുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സിൽവർലൈനിന് വേണ്ടി റെയിൽവെയുടെ സ്ഥലത്ത് കല്ലിടാൻ അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചത് വാർത്തയാകുന്നില്ല.
റെയിൽവേ ഭൂമിയിൽ മഞ്ഞക്കല്ല് ഇടരുതെന്ന് രേഖാമൂലം നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് പറയുന്നവർ ഇത് കാണണമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് എന്നിവരും സംബന്ധിച്ചു.
https://www.facebook.com/Malayalivartha