അംബേദ്കറിന്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും ഊര്‍ജ്ജം പകരുന്നതാണെന്ന് മുഖ്യമന്ത്രി

അംബേദ്കറിന്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും ഊര്‍ജ്ജം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തീര്‍ത്തിരിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകള്‍ സുപ്രധാനമാണെന്നും അംബേദ്കര്‍ ജയന്തിയില്‍ പങ്കുവച്ച കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിന്റെ സ്മരണകള്‍ തുടിക്കുന്ന ദിനമാണിത്.
വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറല്‍ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മ വാര്‍ഷികം ആചരിച്ചു. നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കര്‍ പ്രതിമയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പുഷ്പാര്‍ച്ച നടത്തി. സംസ്ഥാന വ്യാപകമായി അംബേദ്ക്കറുടെ ജന്മ വാര്‍ഷികം ആചരിച്ചു.
ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 130ാം ജന്മവാര്‍ഷികമാണിന്ന്. ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് ഭാരതരത്‌നം ഡോ. ബാബ സാഹിബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ജാതിവ്യവസ്ഥയെയും അധികാര സ്വരൂപങ്ങളെയും നിരന്തരം വെല്ലുവിളിച്ച മനുഷ്യാവകാശ പോരാളിയാണ് അംബേദ്കര്‍. അംബേദ്കര്‍ ജന്മദിനം ആഘോഷിക്കുമ്പോള്‍ അദ്ദേഹമുയര്‍ത്തിയ പോരാട്ടങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തിയേറെയാണ്.
"
https://www.facebook.com/Malayalivartha






















