തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്നെത്തുന്ന എല്ലാ ഭക്തർക്കും ബിജെപിയുടെ കൈനീട്ടം! ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്ന് ബിജെപി; കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എം പിക്ക് പിന്തുണയുമായി ബിജെപി

ക്ഷേത്രത്തിലെത്തുന്നവർക്ക് നല്‍കാനായി മേല്‍ശാന്തിമാർക്ക് വിഷുക്കൈനീട്ടം നല്‍കിയ സംഭവത്തിനു പിന്നാലെയായിരുന്നു ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണം. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നതോടെ സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ഉയരുകയായിരുന്നു. ഇപ്പോഴിതാ കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എം പിക്ക് പിന്തുണയുമായി എത്തുകയാണ് ബിജെപി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്നെത്തുന്ന എല്ലാ ഭക്തർക്കും ബിജെപി കൈനീട്ടം നൽകും. സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകുന്ന നടപടിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ കൈനീട്ട സമരം.
ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി പ്രവർത്തകർ ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിയത്. തൊഴാനെത്തുന്ന എല്ലാ ഭക്തർക്കും വിഷുക്കൈനീട്ടം നൽകുമെന്നും അറിയിച്ചു. സുരേഷ് ഗോപിയെ വിലക്കിയ അതേ കാര്യം ബിജെപി ചെയ്യും. ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ വിശ്വാസപ്രകാരം ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ദക്ഷിണ കൊടുക്കാനും ഭക്തർക്ക് അവകാശമുണ്ട്. ഇത് കാലങ്ങളായി തുടരുന്ന ആചാരമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി പണം നൽകിയതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മുതൽ ജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയിലാണ് സുരേഷ്‌ഗോപി. താൻ നൽകുന്ന പണത്തിൽ നിന്നും കൈനീട്ടം കൊടുക്കുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേൽശാന്തിമാരോട് അഭ്യർത്ഥിച്ചിരുന്നു. റിസർവ് ബാങ്കിൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തൻ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം ക്ഷേത്രങ്ങളിൽ നൽകിയത്.അതേസമയം, കൈനീട്ടനിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോർഡിന്റെ നിലപാട്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയാണ് ബോർഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha






















