പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം നിര്‍ണായക ഘട്ടത്തില്‍; ബൈക്ക് ഉടയായ യുവതിയെ കണ്ടെത്തി ചോദ്യം ചെയ്യുന്നു, നിര്‍ണായക വിവരങ്ങള്‍ പുറത്ത്?

പാലക്കാട് ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ചു. അക്രമികള്‍ എത്തിയ ബൈക്കിന്റെ ഉടമയായ യുവതിയെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യല്‍ ആരംഭിച്ചെന്നാണ് വിവരം. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്.
അതേസമയം ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരില്‍ ഉള്ളത് എന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി. മാത്രമല്ല ഇപ്പോള്‍ വാഹനം ഉപയോഗിക്കുന്നത് ആരാണെന്ന് തനിക്ക് അറിയില്ല എന്നും ബൈക്കിന്റെ ഉടമയായ യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ബൈക്കുകളിലെത്തിയാണ് അക്രമിസംഘം അക്രമം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മലയാളിവാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തികച്ചും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറംലോകം കണ്ടത്. മൂന്ന് ബൈക്കുകള്‍ എതിര്‍വശത്ത് നിന്ന് വരുകയും റോഡ് മുറിച്ച് കടന്ന ശേഷം ശ്രീനിവാസന്റെ കടയുടെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു. പിന്നാലെ ഒരാള്‍ ആദ്യം ഓടി കടയില്‍ കയറുന്നു. ശേഷം മറ്റ് രണ്ട് ബൈക്കിലേയും പിന്നിലിരുന്ന രണ്ടുപേരും കടയിലേക്ക് ഇരച്ചുകയറി. ആക്രമിക്കുകയാണ് ചെയ്യുന്നത്.
അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയാണ് ഈ യുവതി. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറുകയാണ് ചെയ്തത്. കൂടാതെ ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം രാഷ്ടീയ വൈരാഗ്യം തന്നെയാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ വിഷുദിനത്തില്‍ കൊലപ്പെടുത്തിയതിന്റെ പകരം വീട്ടിയത് ശ്രീനിവാസനെ കൊലപ്പെടുത്തിയാണെന്നാണ് പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസനെ കൊന്നത് എന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ ഉച്ചക്കായിരുന്നു ശ്രീനിവാസനെ അക്രമി സംഘം വെട്ടിയത്. തുടര്‍ന്ന ഗുരുതരമായി പരുക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റിരുന്നു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെ പാലക്കാട് ക്യാംപ് ചെയ്യുന്നുണ്ട്. മാത്രമല്ല എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ രാത്രി ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. കൂടാതെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 18ന് വൈകീട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിപ്പുകേടാണ് പാലക്കാട്ട് നടന്ന് കൊലപാതകങ്ങള്‍ക്ക് കാരണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നിസംഗത ഭയാനകമാണെന്നും വര്‍ഗ്ഗീയ ശക്തികള്‍ പോലീസില്‍ നുഴഞ്ഞുകയറിയെന്നും സതീശന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha





















