അപ്രതീക്ഷിത തിരിച്ചടി... പരമ ഭക്തനായി ശബരിമലയിലെത്തി ശരണം വിളിച്ചിട്ടും ദിലീപിന്റെ ദുരിതങ്ങള്‍ ഒഴിയുന്നില്ല; തുടര്‍ച്ചയായ തിരിച്ചടികളാണ് ദിലീപിന് കിട്ടിക്കൊണ്ടിരിക്കുന്നത്; നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ വാദം പൊളിച്ചടുക്കി

ദിലീപ് ശബരിമലയില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്യാനിരിക്കുന്നു. കുടുംബാഗങ്ങളെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തുന്നു. കോടതി വിധി വരാനിരിക്കുന്നു. ഈ സമയത്താണ് ദിലീപിന്റെ ശബരിമല ദര്‍ശനം. എന്നാല്‍ വിധി വന്നപ്പോള്‍ കലിയുഗ വരദനായ അയ്യപ്പന്‍ ന്യായത്തിന്റെ പക്ഷത്താണോ എന്ന് തോന്നിപ്പോകുന്നു.
നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യവും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്‍ നിരസിച്ചു. ഇതിലൂടെ വലിയ തിരിച്ചടിയാണ് ദിലീപിന് കിട്ടിയത്.
ഡിജിപി ബി.സന്ധ്യ, ഐജി എ.വി.ജോര്‍ജ്, എസ്പിമാരായ എസ്.സുദര്‍ശന്‍, എം.ജെ.സോജന്‍, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്നാണു കേസ്.
കോടതിയില്‍ നിന്നും വലിയ വിമര്‍ശനമാണ് ദിലീപിന് ലഭിച്ചത്.
പൊലീസിനെതിരെ ഒരു കക്ഷി ആരോപണം ഉന്നയിച്ചെന്ന പേരില്‍ അന്വേഷണ ഏജന്‍സിയെ മാറ്റാനാകില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഈ കേസില്‍ ന്യായമായ അന്വേഷണം നടക്കുന്നില്ലെന്ന വാദത്തിനു ബലമില്ല.
കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പു ബാലചന്ദ്രകുമാറുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് ഗൂഢാലോചന നടത്തിയെന്നും രഹസ്യമായി സംസാരിച്ചെന്നും ആരോപിക്കുന്നുണ്ടെങ്കിലും തെളിവില്ല. സര്‍വീസ് റെക്കോര്‍ഡില്‍ കളങ്കമുണ്ടെന്നു സംശയിക്കുന്നതായി സൂചിപ്പിക്കുന്ന ചില രേഖകള്‍ എഡിജിപി എസ്. ശ്രീജിത്തിനെതിരെ നിരത്തിയെങ്കിലും അവ ഈ കേസില്‍ പ്രസക്തമല്ല.
അന്വേഷണം നടത്തുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടില്ല എന്നതാണ് ദിലീപിന് കിട്ടിയ തിരിച്ചടിക്ക് കാരണമായത്. 2017 നവംബര്‍ 15നു നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്നു വേണമെങ്കില്‍ പറയാം. കേസ് റജിസ്റ്റര്‍ ചെയ്ത സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്ന് അമിതോത്സാഹത്തിന്റെ ലക്ഷണങ്ങള്‍ കാണാം. എന്നാല്‍, അതു ദുരുദ്ദേശ്യത്തോടെയാണെന്നു കണ്ടെത്താനായില്ലെങ്കില്‍ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നു കോടതി പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. നടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപും മറ്റു പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഹോട്ടലുടമ ശരത്, സായ് ശങ്കര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
ശക്തമായാണ് ദിലീപ് വാദിച്ചത്. എന്നാല്‍ കേസിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന ദിലീപിന്റെ വാദം കോടതി തള്ളി. വീട്ടിലിരുന്നുള്ള സംഭാഷണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ലെങ്കിലും എഫ്‌ഐആര്‍, പരാതിക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ റിപ്പോര്‍ട്ട്, ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ തുടങ്ങിയവ പരിഗണിച്ചാല്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ധാരണയിലെത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനം വ്യക്തമാകുമെന്നു കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ കൈവെട്ടാനും മറ്റും ലക്ഷ്യമിട്ടെന്നാണ് എഫ്‌ഐആറും ബാലചന്ദ്രകുമാറിന്റെ മൊഴികളും സൂചിപ്പിക്കുന്നത്. ദുരുദ്ദേശ്യത്തോടെയുള്ള കേസാണെന്ന വാദം സാധൂകരിക്കാന്‍ ദിലീപിനു കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കേസ് തള്ളിയത്. ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായി കേസന്വേഷിക്കാനാകും.
https://www.facebook.com/Malayalivartha























