മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം

മലയാളികളുടെ ആ സ്വപ്നവും നടന്നു. ഒടുവില്‍ ആ വിവാദത്തിനും വിരാമമായിരിക്കുന്നു. മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണയോഗ്യതയുണ്ടായിട്ടും ചലച്ചിത്രബാഹ്യമായ പരിഗണനകളുടെ പേരില്‍ മമ്മൂട്ടിക്ക് ഈ പരമോന്നത ബഹുമതി നിഷേധിക്കുന്നു എന്ന വിവാദം പുകയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. സമകാലികനായ മോഹന്‍ലാലിന് പത്മഭൂഷനും ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടും മമ്മൂട്ടിക്ക് എന്തുകൊണ്ട് കിട്ടിയില്ല എന്ന ചോദ്യം നിഷ്പക്ഷമതികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇനി അത്തരം വേവലാതികള്‍ക്ക് സ്ഥാനമില്ല. ഈ റിപ്പബഌക്ക് ദിനം മുതല്‍ മലയാളത്തിന്റെ മമ്മൂക്ക പത്മഭൂഷണ്‍ മമ്മൂട്ടി എന്ന് അറിയപ്പെടും.
വൈവിധ്യപുര്‍ണ്ണമായ കഥാപാത്രങ്ങളിലുടെ കഴിഞ്ഞ അരനൂറ്റാണ്ടായി രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ കരിയറില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അനവധി സവിശേഷതകളുണ്ട്. രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പിയായ ഡോ. അംബേദ്കറുടെ ജീവിതം സിനിമയായപ്പോള്‍ ആ കഥാപാത്രത്തിലേക്ക് മറ്റൊരു പേരും കടന്നു വന്നില്ല. ചരിത്ര കഥാപാത്രമായ പഴശ്ശിരാജ, വടക്കന്‍പാട്ടു കഥകള്‍ക്ക് നവ വ്യാഖ്യാനം ചമച്ച ഒരു വടക്കന്‍ വീരഗാഥ,
സത്യജിത്ത് റേ പോലും വാഴ്ത്തിയ 'ന്യൂഡല്‍ഹി'യിലെ ജി.കെ, പട്ടാളക്കഥകളിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട 'സൈന്യം', നായര്‍ സാബ്, തീവ്രവൈകാരികത നിറഞ്ഞ ഭാവാഭിനയത്തിന്റെ പേരില്‍ വാഴ്ത്തുപാട്ടുകള്‍ നേടിയ 'തനിയാവര്‍ത്തനം', 'അമരം'... എന്ന് വേണ്ട മമ്മൂട്ടിയുടെ സിനിമാ യാത്ര സമാനതകളില്ലാത്തതാണ്. ബോണ്‍ ആക്ടര്‍ അല്ല താനെന്നും ആഗ്രഹ നടനാണെന്നും സ്വയം തുറന്നടിച്ച ആര്‍ജ്ജവത്തിന് ഉടമയാണ് മമ്മൂട്ടി.
പക്ഷെ മമ്മൂട്ടി ഒരിടത്തും തോറ്റില്ല. പതറിയില്ല. ഹാസ്യം മമ്മൂട്ടിക്ക് വഴങ്ങില്ലെന്ന് പരിഹസിച്ചവര്‍ 'കോട്ടയം കുഞ്ഞച്ച'നും 'രാജമാണിക്യവും' 'പ്രാഞ്ചിയേട്ട'നും കണ്ട് കണ്ണ് തളളി. അഭിനയസിദ്ധിയില്ലാത്ത ഒരാള്‍ക്കും ഇങ്ങനെയുളള പകര്‍ന്നാട്ടങ്ങള്‍ സാധ്യമാകുകയില്ല. സ്വയം നവീകരിച്ചുകൊണ്ട് കുടുതല്‍ മെച്ചപ്പെടുത്താമെന്ന് മാത്രം. പൗരുഷവും ഗാംഭീര്യവുമുളള കഥാപാത്രങ്ങള്‍ക്ക് നമ്മുടെ മുന്നിലുളള ഏറ്റവും വലിയ റഫറന്‍സ് ഒരു കാലത്ത് സത്യന്‍ മാഷും ജയനുമായിരുന്നെങ്കില്‍ മമ്മൂട്ടി ഇതിന് മറ്റൊരു തലം സമ്മാനിച്ചു. 'ആവനാഴി'യും 'ഇന്‍സ്‌പെക്ടര്‍ ബല്‍റാമും' അടക്കമുളള വേഷങ്ങളിലുടെ റഫ് ആന്‍ഡ് ടഫ് പൊലീസ് കഥാപാത്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ അതേ മമ്മൂട്ടി 'സി.ബി.ഐ ഡയറിക്കുറിപ്പില്‍' പരമസാത്വികനായ സേതുരാമയ്യരെ മറ്റൊരു വിതാനത്തില്‍ അവതരിപ്പിച്ചു. അങ്ങനെ വ്യത്യസ്തമായ എത്രയെത്രെ വേഷങ്ങള്‍ അതാണ് മമ്മൂട്ടി.
https://www.facebook.com/Malayalivartha






















