മിണ്ടാതിരിക്കാന്‍ പറ്റില്ല സഖാവേ... മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തെ വിമര്‍ശിച്ച് പി ജയരാജന്‍; മുഖ്യമന്ത്രിയുടെ ഓഫിസിലെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണം; മുന്‍പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യത

നായനാര്‍ മന്ത്രിസഭയില്‍ ഏറെ തിളങ്ങിയ പി ശശി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വീണ്ടും എത്തുമ്പോഴും വിവാദം കനക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തുന്ന പി ജയരാജന്‍ തന്നെയാണ് ഇപ്പോഴും വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.
നേതാക്കള്‍ക്കു ചുമതലകള്‍ വിഭജിച്ചു നല്‍കുന്ന ചര്‍ച്ചയിലായിരുന്നു ജയരാജന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി ശശിയുടെ നിയമനത്തിനെതിരെ പി.ജയരാജന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും മുന്‍പ് ചെയ്ത തെറ്റുകള്‍ ശശി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പി.ജയരാജന്‍ തുറന്നടിച്ചു.
സ്വന്തം നാട്ടില്‍ നിന്നും തന്നെയാണ് വലിയ വിമര്‍ശനം ഉണ്ടായത്. പി ശശിയുടെ നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശിയുടെയും തട്ടകമായ കണ്ണൂരില്‍നിന്നു തന്നെയാണ് വിമര്‍ശനം ഉയര്‍ന്നതെന്നത് ശ്രദ്ധേയമാണ്. ശശിയുടെ നിയമനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിയ ജയരാജന്‍ മുന്‍പ് ശശിക്കെതിരെ എന്തിന്റെ പേരിലാണോ നടപടിയെടുത്തത് ആ തെറ്റ് അദ്ദേഹം ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടി. തന്റെ പക്കല്‍ അതിനു തെളിവുണ്ടെന്നും ജയരാജന്‍ സൂചിപ്പിച്ചു.
മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് പോലുള്ള ഉന്നത ഓഫീസുകളില്‍ നിയമനം നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണം എന്ന കാര്യവും ജയരാജന്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് ജയരാജനെ ചോദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കൈവശം വിവരങ്ങളുണ്ടെന്ന് പറയുന്നെങ്കില്‍ എന്തുകൊണ്ട് പാര്‍ട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചില്ലെന്ന് കോടിയേരി ചോദിച്ചു. നിയമനം നടക്കുമ്പോഴാണോ ഇത്തരം കാര്യങ്ങള്‍ അറിയിക്കുന്നതെന്നും കോടിയേരി ചോദിച്ചു. എന്നാല്‍ ഇതിന് ജയരാജന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ കാര്യങ്ങള്‍ വരുമ്പോഴല്ലേ തനിക്ക് പറയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നേതാക്കളുടെ ചുമതല വിഭജിച്ചതിനെതിരെയും വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്ററായ സാഹചര്യത്തിലാണ് പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായത്. ചിന്ത വാരികയുടെ ചുമതല ടി.എം.തോമസ് ഐസക്കിനാണ്. ചിലര്‍ക്കു ചുമതല നല്‍കിയത് പേരിനു വേണ്ടി മാത്രമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍ വിമര്‍ശിച്ചു. ചുമതല വിഭജനത്തില്‍ സന്തുലനം പാലിച്ചില്ലെന്ന് എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഏറെക്കാലത്തിനു ശേഷമാണ് സിപിഎം സംസ്ഥാന സമിതിയില്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് ശശിക്കെതിരെ സ്ത്രീ പീഡനപരാതി ഉയരുന്നത്. 2011ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പിന്നീട് 2018ലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പി.ശശി സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്.
പൊലീസ് ഭരണത്തിലടക്കം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് അഴിച്ചുപണി. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി. ശശിയുടെ പരിചയസമ്പത്ത് ഉപയോഗിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി നയമനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കുന്ന ചുമതലയിലേക്കാണ് ശശിയുടെ തിരിച്ചുവരവ്.
സംഘടനാതത്വം ലംഘിച്ചതിന് 2011ല്‍ ശശി പാര്‍ട്ടിക്ക് പുറത്തായി. തുടര്‍ന്ന് അഭിഭാഷകനായി ജോലി തുടങ്ങുകയും ലോയേഴ്‌സ് യൂണിയന്‍ നേതാവാകുകയും ചെയ്തു. ടിപി കേസിലടക്കം പാര്‍ട്ടിക്കായി കോടതിയില്‍ ഹാജരായി. 2018ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. സമ്മേളന പ്രതിനിധിയല്ലാതിരുന്നിട്ടും ഇത്തവണ സംസ്ഥാന സമിതിയിലേക്ക് പി. ശശിയെ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിച്ചുപണി ലക്ഷ്യമിട്ടായിരുന്നു.
https://www.facebook.com/Malayalivartha























