കെ റെയിൽ വരാൻ 125 വർഷം... കല്ലിടാൻ വരുന്ന മന്ത്രിമാരെ കുറ്റിയെടുത്ത് അടിക്കുമെന്ന് ജനം! തരിപ്പണമാക്കി അലോക് വർമ; സകലമാന ഉഡായിപ്പുകളും പൊളിഞ്ഞു വീഴുന്നു

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധ സമരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കെ റെയിലിനെതിരെ നടന്നത്. പദ്ധതി പ്രദേശങ്ങളിലാകെ സർവേ കല്ലിടലിനെതിരെ ജനങ്ങൾ റോഡിലിറങ്ങി. പൊതുസമൂഹത്തിൽ നിന്നുയർന്ന കടുത്ത പ്രതിഷേധത്തെത്തുടർന്ന് മാർച്ച് പകുതിയോടെ സിൽവർ ലൈൻ സർവേ കല്ലിടൽ നിർത്തിവച്ചു.
പാർട്ടി കോൺഗസും സർക്കാരിന്റെ വാർഷികാഘോഷവും നടക്കുന്നതിനിടെ പ്രതിഷേധമുണ്ടാവുന്നത് ഒഴിവാക്കുന്നതിനായിരുന്നു കല്ലിടൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. സർവേയും കല്ലിടലും ഇനി എന്ന് പുനരാരംഭിക്കാനാവും എന്നതിൽ കെ റെയിൽ വൃത്തങ്ങൾക്കിടയിൽ യാതൊരു ധാരണയുമില്ല.
തീരുമാനമെടുക്കേണ്ടത് റവന്യൂ വകുപ്പാണെന്നാണ് കെ റെയിലിന്റെ പക്ഷം. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് യാതൊരു ബാധ്യതയുമില്ലെന്ന് റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ അനിശ്ചിതത്വത്തിനിടയിൽ പൊതുയോഗങ്ങളും ഗൃഹസന്ദർശനവുമായി ജനങ്ങളെ വീണ്ടും സമീപിക്കാനാണ് ഇടതുമുന്നണി തീരുമാനം.
ഇതിന്റെ ഭാഗമായുള്ള ആദ്യ ബോധവൽക്കരണ യോഗം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുയോഗങ്ങൾക്കു ശേഷം മന്ത്രിമാർ നേരിട്ട് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ വീടുകളിലെത്തി ആളുകളെ നേരിൽക്കണ്ട് ബോധവൽക്കരണം നടത്തണമെന്നാണ് ഇടതുമുന്നണിയിലെ ധാരണ.
ഇനിയെന്ത് എന്ന ചോദ്യമാണ് ബാക്കി അവശേഷിക്കുന്നത്? മെയ് 27 ന് സർക്കാരിന്റെ വാർഷിക ആഘോഷ പരിപാടികൾ അവസാനിക്കും. അതിനുള്ളിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളെ മന്ത്രിമാർ നേരിട്ട് കണ്ട് നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ ഉൾപ്പെടെ ഉറപ്പ് നൽകിയ ശേഷമായിരിക്കും സർവേ നടപടികൾ വീണ്ടും തുടങ്ങുക.
റെയിൽ നിർമ്മാണത്തിന് ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവർ പുനരധിവാസം ഉപ്പൊക്കിയ ശേഷം സ്ഥലം വിട്ടു നൽകിയാൽ മതിയെന്ന് മന്ത്രി എം.വി ഗോവിന്ദൻ ഇന്ന് പറഞ്ഞു. ഇതേ കാര്യമായിരിക്കും മന്ത്രിമാർ പദ്ധതി പ്രദേശത്തെ ജനങ്ങളോടും പറയുക. അതേസമയം വീടും ഭൂമിയും നഷ്ടപ്പെട്ട് നിരാലംബരായി മാറുന്നവർ മന്ത്രിമാരുടെ സന്ദേശത്തോട് എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയും ഇടത് നേതൃത്വത്തിനുണ്ട്.
30,000 കുടുംബങ്ങളെയാണ് പദ്ധതി നേരിട്ട് ബാധിക്കുക. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഏറ്റവും കുറഞ്ഞത് 25 വർഷമെങ്കിലും പദ്ധതി പൂർത്തീകരിക്കുന്നതിന് വേണം. രാജ്യത്ത് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ ഡൽഹി മെട്രോ റയിൽ നിർമ്മാണം ഒരു വർഷത്തിൽ 14.3 കിലോമീറ്റർ വച്ചായിരുന്നു.
ഇതനുസരിച്ച് തന്നെ 532 കിലോമീറ്ററുള്ള കെ റെയിൽ പൂർത്തിയാക്കണമെങ്കിൽ 35 വർഷം വേണം. കൊച്ചി മെട്രോ റെയിലിന്റെ നിർമ്മാണം പ്രതിവർഷം 4.17 കിലോ മീറ്ററാണ്. ഇതനുസരിച്ചാണെങ്കിൽ കെ റെയിൽ പൂർത്തിയാകാൻ 125 വർഷം വേണം. അതായത് പദ്ധതി നടത്തിപ്പിൽ കോടികളുടെ ഇരട്ടിപ്പ് വരികയും പ്രദേശത്തെ ജനങ്ങൾ ദീർഘകാല ദുരിതങ്ങൾ സഹിക്കേണ്ടി വരികയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആർക്കും വേണ്ടാത്ത പദ്ധതിയെന്ന് ഡി വൈ എഫ് ഐയുടെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ വിമർശനമുയർന്നു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത പദ്ധതിയെന്നായിരുന്നു വിളപ്പിൽ നിന്നുള്ള പ്രതിനിധികളുടെ വിമർശനം. അതേസമയം വിശദ പദ്ധതി രേഖ (ഡി പി ആർ ) യുടെ കരട് തയ്യാറാക്കിയ അലോക് വർമ്മ പദ്ധതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി മാധ്യമങ്ങളോട് സംസാരിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാണ്.
കൃത്യമായ പഠനം നടത്താതെ എടുത്ത് ചാടിയെന്നാണ് അലോക് വർമ്മയുടെ വിമർശനം. പദ്ധതി ചെലവ് നാലിരട്ടി വർധിക്കും. പദ്ധതി തീർത്തും കാല്പനികമാണ്. ഡി പി ആർ തയ്യാറാക്കിയ സിസ്ക രാഷ്ട്രീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തെ രൂക്ഷ സമരങ്ങളുടെ അനുഭവം മുന്നിൽ കണ്ടാവണം ബോധവൽക്കരണം എന്നാണ് ഇടതുമുന്നണിയിലെ ധാരണ.
കുടിയിറക്കലിന്റെയും ഒഴിപ്പിക്കലിന്റെയും വലിയ ചരിത്രം സൃഷ്ടിക്കുന്ന പദ്ധതിയിൽ വിട്ടുവീഴ്ചക്കില്ലെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബിജെപിയും വ്യക്തമാക്കുന്നു. മന്ത്രിമാരുടെ ഗൃഹസന്ദർശനത്തിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഗൃഹ സന്ദർശനവും നടക്കും. അതുവഴി ഓരോ പ്രദേശത്തേയും പ്രതികരണത്തിന്റെ ആഴം മുൻകൂട്ടി അറിയാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























