കന്നിയോട്ടത്തിലെ കഷ്ടകാലം വിട്ടോഴിയുന്നില്ല, കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു, തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം

കന്നിയോട്ടത്തിൽ തന്നെ മൂന്ന് തവണ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു.തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൈതപൊയിലിൽ വച്ചാണ് അപകടം സംഭവിച്ചത്.
മുന്നിൽ പോവുകയായിരുന്ന ലോറി സഡൻ ബ്രേക്ക് ഇട്ടപ്പോഴാണ് പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരുക്കുകളില്ല. മുൻപും ഇതേ റൂട്ടിൽ ഓടിയ രണ്ട് ബസുകൾക്ക് സമാനമായ രീതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു.
തുടരെ തുടരെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ഒരാൾക്ക് മരണംവരെ സംഭവിക്കുകയുണ്ടായി.
തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. തൃശൂർ കുന്നംകുളത്ത് വച്ചാണ് അപകടം. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചായ വാങ്ങാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആണ് അപകടം. ഇടിച്ച വാഹനം പിന്നീട് നിർത്താതെ പോയി. ബസ് അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൂടാതെ കെ സ്വിഫ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്ക് പോയ ബസാണ് ആദ്യം അപകടത്തില്‍പെട്ടത്.
കല്ലമ്പലത്തു വെച്ച് എതിരെ വന്ന ലോറി ബസിൽ ഉരസുകയായിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് രണ്ടാമത് അപകടത്തിൽ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതിൽ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തുകയും സംഭവത്തിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിൽ ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























