കേരളത്തില്‍ 10 രൂപാ തമിഴ്‌നാട്ടില്‍ 5 രൂപാ ഓര്‍ഡിനറി ബസില്‍ കി.മീ. യാത്രാക്കൂലി 4 രൂപാ സ്വകാര്യ കാറില്‍ 150 പൈസാ മാത്രം; ജനങ്ങളെ ടൂവീലറിലേക്കും സ്വകാര്യ കാറുകളിലേക്കും ഓടിച്ചു കയറ്റുന്ന ജനവിരുദ്ധ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ്

കഴിഞ്ഞ ദിവസം കളിയിക്കാവിളയില്‍ കേരള തമിഴ്‌നാട് ബോര്‍ഡറില്‍ തമിഴ്‌നാടിന്റെ ബസില്‍ യാത്ര ചെയ്യാനിടയായി. ഞെട്ടിപ്പോയി. മിനിമം ചാര്‍ജ്ജ് 5 രൂപാ മാത്രം. അതുകൊണ്ടുതന്നെ അടുത്ത 4 സ്റ്റേജുകളിലെ ടിക്കറ്റുകൂടി വാങ്ങി. 2 കി.മീ. ദൂരമുള്ള മിനിമം ചാര്‍ജ്ജ് 5 രൂപാ മാത്രം. തൊട്ടടുത്ത ടിക്കറ്റ് 4 കി.മീ. ദൂരത്തിന് 6 രൂപാ. 6 കി.മീ. ദൂരത്തിന് 7 രൂപാ. 8 കി.മീ. ദൂരത്തിന് 8 രൂപാ. അടുത്ത നാളിലൊന്നും തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കില്ലെന്നു മുഖ്യമന്ത്രി സ്റ്റാലിന്‍.
കേരളത്തില്‍ നിലവില്‍ 2.5 കി.മീ. ദൂരം മിനിമം ടിക്കറ്റ് 8 രൂപാ. 5 കി.മീ. ദൂരമുള്ള രണ്ടാം ഫെയര്‍ സ്റ്റേജ് 10 രൂപാ. ഇപ്പോള്‍ മിനിമം കൂലി കൂട്ടിയത് 2.5 കി.മീക്ക് 10 രൂപാ. 5 കി.മീ. 13 രൂപാ.
ശമ്പളവും വാഹനനികുതിയും വില്‍പ്പന നികുതിയും ഒഴികെ ബസ് വ്യവസായ നടത്തിപ്പിനുള്ള ചിലവ് കേരളത്തിലും തമിഴ്‌നാട്ടിലും ഒന്നുതന്നെയാണ്. പിന്നെങ്ങനെ തമിഴ്‌നാടിന്റെ ഇരട്ടി മിനിമം ഓര്‍ഡിനറി ബസുകൂലി കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകും.
പുതുക്കിയ/വര്‍ദ്ധിപ്പിച്ച ഓര്‍ഡിനറി കി.മീ. യാത്രാക്കൂലി 1 രൂപയാണെന്നു പറയുമ്പോഴും ഇടതുമുന്നണി നിര്‍ദ്ദേശപ്രകാരം കേരളത്തിലെ പുതുക്കിയ - ഓര്‍ഡിനറി ബസുകൂലി കി.മീ.ന് 400 പൈസ മുതല്‍ 140 പൈസ വരെയാണ്.
കേരളത്തില്‍ ബസുകൂലി കൂട്ടുമ്പോള്‍ ആദ്യത്തെ സ്റ്റേജില്‍ (മിനിമം ചാര്‍ജ്ജ്) കേരളത്തില്‍ 10 രൂപാ ആകുമ്പോള്‍ തമിഴ്‌നാട്ടില്‍ 5 രൂപാ മാത്രം.
ഒരു സെക്കന്‍ഡ്ഹാന്‍ഡ് ടൂവീലര്‍ പോലും വാങ്ങാന്‍ കെല്‍പ്പില്ലാത്തവരാണ് സ്വകാര്യ/കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളിലെ യാത്രക്കാര്‍. അതുകൊണ്ടുതന്നെ കേരളത്തിലെ ഏറ്റവും വലിയ ദരിദ്രചൂഷണമാണ് ഓര്‍ഡിനറി ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ്. കൊറോണയ്ക്ക് മുമ്പ് ഏറ്റവും ഒടുവില്‍ ഓര്‍ഡിനറി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് GO(P) 4/2018 ഉത്തരവിലൂടെ 2018 ഫെബ്രുവരി 26-ാം തീയതിയായിരുന്നു. 5 കി.മീ. യാത്ര ചെയ്യാവുന്ന ഓര്‍ഡിനറി മിനിമം ചാര്‍ജ്ജ് 8 രൂപയും ഓര്‍ഡിനറി കി.മീ. നിരക്ക് 70 പൈസയുമായിരുന്നു.
കൊറോണക്കാലത്ത് ബസുകൂലി കൂട്ടിയ ഏക സംസ്ഥാനം കേരളം. 2020 ജൂലൈ 2-ാം തീയതി കൊറോണക്കാലത്തെ പ്രത്യേക നിരക്കു നിശ്ചയിച്ചപ്പോഴായിരുന്നു മിനിമം ചാര്‍ജ്ജിന് യാത്ര ചെയ്യാവുന്ന ദൂരം 5 കി.മീ. ല്‍ നിന്നും 2.5 കി.മീ. ആക്കി കൊറോണ നിയന്ത്രണ കാലത്ത് യാത്രയെന്നായിരുന്നു പറഞ്ഞിരുന്നത്. കി.മീ. യാത്രക്കൂലി 70 പൈസയില്‍ നിന്നും 90 പൈസയും ആക്കി. കൊറോണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലൊന്നും ബസുകൂലി കൂട്ടിയില്ല. 60 യാത്രക്കാര്‍ക്ക് പകരം 30 യാത്രക്കാര്‍ക്ക് യാത്രാനുമതി നല്‍കിയപ്പോള്‍ ബസ് സര്‍വ്വീസ് നിലനിര്‍ത്താനായിരുന്നു ഈ താല്ക്കാലിക നിരക്കുവര്‍ദ്ധനവ്.
കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചിട്ടും 30 യാത്രക്കാര്‍ക്ക് പകരം 60 മുതല്‍ 100 യാത്രക്കാരെ വരെ കയറ്റാന്‍ ആരംഭിച്ചിട്ടും കൂട്ടിയ കൊറോണ ബസുകൂലി കുറച്ചില്ല. മിനിമം കൂലിയിലെ യാത്രാദൂരം കുറച്ചതു കൂട്ടിയുമില്ല.
മിനിമം ബസുകൂലിക്ക് 5 കി.മീ. യാത്ര ചെയ്യണമെന്ന ബസുയാത്രക്കാരുടെ ദീര്‍ഘ നാളത്തെ ആവശ്യം. യു.ഡി.എഫ്. സര്‍ക്കാരായിരുന്നു 2011 ലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് അംഗീകരിച്ചത്. (6.8.2011ൽ GO/P/45/2011/Tran. ഉത്തരവ്)
9.11.2012 ലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവും 19.5.2014 ലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവും (രണ്ടും യു.ഡി.എഫ്) 26.2.2018-ലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിലും (യു.ഡി.എഫ്) മിനിം ബസുകൂലിക്ക് യാത്ര ചെയ്യാവുന്ന ദൂരം 5 കി.മീ. ആക്കി നിലനിര്‍ത്തിയിരുന്നു. ആരും ശ്രദ്ധിക്കാതെ ആരുമറിയാതെയാണ് കൊറോണ കാലത്ത് 5 കി.മീ. 2.5 കി.മീയാക്കി കുറച്ചത്.
ജസ്റ്റീസ് രാമചന്ദ്രന്‍ നിര്‍ദ്ദേശിക്കുകയും പിണറായി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത പുതിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവില്‍ കി.മീ. യാത്രക്കൂലി 100 പൈസ ആണെന്നും പറയുന്നെങ്കിലും ഓര്‍ഡിനറി കി.മീ. യാത്രക്കൂലി 400 പൈസ മുതല്‍ 130 പൈസ വരെയാണ്.
മിനിമം ബസുകൂലിക്കു യാത്ര ചെയ്യാത്ത ദൂരം യാതൊരു കാരണവുമില്ലാതെ 5 കി.മീ. യില്‍ നിന്നും 2.5 കി.മീ. ആക്കിയതിലൂടെയാണ് ഓര്‍ഡിനറി കി.മീ. നിരക്ക് 4 രൂപയായി ഉയര്‍ന്നത്. മിനിമം ചാര്‍ജ്ജില്‍ യാത്ര ചെയ്യാവുന്ന ദൂരം 5 കി.മീയില്‍ നിന്നും 2.5 കി.മീ ആക്കി കുറച്ചതോടെ ആരും പ്രതീക്ഷിക്കാത്ത ചാര്‍ജ്ജുവര്‍ദ്ധനവാണ് വിവിധ സ്റ്റേജുകളിലേക്കുണ്ടായത്.
കൊറോണക്ക് മുമ്പ് 20 കി.മീ. യാത്ര ചെയ്യാവുന്ന 8-ാം സ്റ്റേജില്‍ 19 രൂപയായിരുന്നു ഓര്‍ഡിനറി നിരക്കെങ്കില്‍ പുതുക്കിയ നിരക്കില്‍ അത് 9 രൂപാ കൂട്ടി 28 രൂപാ ആകും. രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ബസുകൂലി വര്‍ദ്ധനവാണ് ഇത്തവണ എല്‍.ഡി.എഫ്. നടപ്പിലാക്കുന്നത്.
ഓര്‍ഡിനറി കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാണെന്ന് പറയുമ്പോള്‍ 20 കി.മീ. യാത്ര ചെയ്യാവുന്ന 8-ാം സ്റ്റേജില്‍ 20 രൂപക്ക് പകരം 28 രൂപാ എങ്ങനെ വരുന്നു എന്നാണ് യാത്രക്കാരുടെ ചോദ്യം. 10 കി.മീ.യില്‍ 10 രൂപക്ക് പകരം ഓര്‍ഡിനറി യാത്രക്കൂലി 18 രൂപാ. കി.മീ. നിരക്ക് 180 പൈസ.
2001-ല്‍ 35 പൈസ, 2004-ല്‍ 42 പൈസ, 2005-ല്‍ 48 പൈസ, 2008-ല്‍ 55 പൈസ, 2012-ല്‍ 58 പൈസ, 2014-ല്‍ 64 പൈസ, 2018-ല്‍ 70 പൈസ എന്നിങ്ങനെയായിരുന്നു ഓര്‍ഡിനറി കി.മീ. യാത്രക്കൂലി വര്‍ദ്ധനവ്. ഒറ്റ അക്കത്തില്‍ പൈസ വര്‍ദ്ധനവായിരുന്നു നാളിതുവരെയെങ്കില്‍ ഇത്തവണ കി.മീ.ക്ക് 30 പൈസയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ വര്‍ദ്ധിപ്പച്ചത്.
കേരളത്തില്‍ എത്ര കെ.എസ്.ആര്‍.ടി.സി./ സ്വകാര്യ ബസുകള്‍ - മന്ത്രിക്കുപോലും അറിയില്ല!
24.12.2021 ല്‍ കെ.എസ്.ആര്‍.ടി.സിയുടെ 3480 ബസുകള്‍ 1169382 കി.മീ. സര്‍വ്വീസ് നടത്തി 1690401 യാത്രക്കാരെ കയറ്റിയിറക്കി. സ്വകാര്യ ബസുടമകള്‍ പറയുന്ന കണക്കില്‍ കേരളത്തില്‍ 15000 സ്വകാര്യ ബസുകളേയുള്ളൂ. എന്നാല്‍ ഗതാഗത കമ്മീഷണറുടെയും ഗതാഗത സെക്രട്ടറിയുടെയും കണക്കില്‍ കേരളത്തില്‍ 43658 സ്വകാര്യ റൂട്ടുബസുകളുണ്ട്.
എന്നാല്‍ 17.3.2022 ല്‍ ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചത് കേരളത്തില്‍ 12500 സ്വകാര്യ ബസുകള്‍ മാത്രമാണുള്ളതെന്നും അതില്‍ 7000 ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നതെന്നുമാണ്. കെ.എസ്.ആര്‍.ടി.സി. 3383 ബസുകള്‍ ഓടിക്കുന്നുണ്ടെന്നും അത് ആകെ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ 85% ആണെന്നുമായിരുന്നു. അങ്ങനെ നോക്കിയാല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ആകെയുള്ളത് 3980 ബസുകളായിരിക്കണം. സത്യത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് 6414 ബസുകളുണ്ട്.
ഗതാഗത മന്ത്രി അറിഞ്ഞുകൊണ്ടുതന്നെയാണ് നിയമസഭയെ വരെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഒരു സ്വകാര്യ ഓര്‍ഡിനറി ബസില്‍ പ്രതിദിനം 600 യാത്രക്കാര്‍ യാത്ര ചെയ്യുന്നു. (വിദ്യാര്‍ത്ഥികളെ കൂട്ടാതെയുള്ള കണക്കാണിത്). 12500 സ്വകാര്യ ബസുകളില്‍ 75 ലക്ഷം യാത്രക്കാര്‍. മൊത്തം 91.9 ലക്ഷം ഓര്‍ഡിനറി യാത്രക്കാര്‍.
കേരളത്തിലെ ബസ് യാത്രക്കാരില്‍ 80% വും ഓര്‍ഡിനറി ബസുകളിലെ ആദ്യത്തെ 4 സ്റ്റേജുകളില്‍ (10 കി.മീ.) യാത്ര ചെയ്യുന്നവരെന്നാണ് മുന്‍ ചീഫ് സെക്രട്ടറി രബീന്ദ്രീന്‍ നായര്‍ മുതല്‍ ഷീലാ തോമസ് ഐ.എ.എസ്. കമ്മീഷന്‍ വരെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയത്.
ചുരുക്കത്തില്‍ ആദ്യത്തെ 4 സ്റ്റേജുകളില്‍ (10 കി.മീ.) പ്രതിദിനം 73 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്യുന്നു. ഏറ്റവും കുറഞ്ഞ അധിക ബസുകൂലിയായ 5 രൂപാ എടുത്താല്‍ പാവപ്പെട്ടവരുടെ പോക്കറ്റിടിക്കുന്നത് പ്രതിദിനം 73 ലക്ഷം x 5 രൂപ = 3.65 കോടി രൂപാ. ഏറ്റവും കൂടിയ പിടിച്ചുപറിയായ 10 രൂപാ എടുത്താല്‍ 7.3 കോടി രൂപാ. പ്രതിവര്‍ഷം കുറഞ്ഞത് 1332 കോടി രൂപാ. കൂടിയത് 2664 കോടി രൂപാ. 12500 സ്വകാര്യ ബസ് ഉടമകളുടെ പോക്കറ്റിലാണ് ഈ തുക പോകുന്നത്.
ആഗോള തലത്തില്‍ ഇതിനെ 'ദരിദ്രരെ പോക്കറ്റടിക്കല്‍' (Pick Pocketing the Poor) എന്നാണ് വിളിക്കുന്നത്. ഒന്നോ രണ്ടോ രൂപയ്ക്ക് ആരെങ്കിലും കണക്കുപറയുമോ; പോട്ടെ എന്നുവയ്ക്കും. അതിന്റെ മറവില്‍ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ഒരു രൂപയും രണ്ടുരൂപയും പോക്കറ്റടിക്കുന്നത് മാപ്പര്‍ഹിക്കാത്ത സാമൂഹിക ചൂഷണമാണ്.
ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യലിസ്റ്റ് ചൂഷണമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. സോഷ്യലിസ്റ്റ് ചൂഷണമെന്നാല്‍ അസംഘടിതമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അതിദരിദ്രരായവരുടെ പോക്കറ്റില്‍ നിന്നും അവരറിയാതെ തന്നെ ഒരു രൂപയും രണ്ടുരൂപയും നിയമവിരുദ്ധമായി തട്ടിയെടുത്ത് അങ്ങനെ സമാഹരിക്കുന്ന വന്‍തുക കൈവിരലിലെണ്ണാവുന്നത് വീതം വച്ചുകൊടുക്കുക. സമ്പന്നര്‍ക്കുവേണ്ടി ദരിദ്രരെ കൊള്ളയടിക്കുന്ന അതിഭീകര ചൂഷണമാണ് ഈ സോഷ്യലിസ്റ്റ് ചൂഷണം.
2050 ഓടോ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുമെന്ന് ഒരു മന്ത്രി. 65000 കോടിയുടെ കെ റയില്‍ പദ്ധതിയിലൂടെ അന്തരീക്ഷം മലിനീകരണം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി. താപവൈദ്യുതി കഴിഞ്ഞാല്‍ അന്തരീക്ഷത്തെ ഏറ്റവും മലിനപ്പെടുത്തുന്നത് മോട്ടോര്‍ വാഹനങ്ങള്‍. കൂടുതല്‍ ടൂവീലര്‍/4 വീലര്‍, സ്വകാര്യ യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക് ആകര്‍ഷിക്കുകയെന്ന് പല മന്ത്രിമാരും ഉദ്യോഗസ്ഥ പ്രഭുക്കളും. എന്നാല്‍ ഒരു കി.മീ.ക്ക് ഓര്‍ഡിനറി യാത്രക്കൂലി 4 രൂപാ ആകുന്നതോടെ 113 പൈസയ്ക്ക് യാത്ര ചെയ്യാവുന്ന ടൂവീലറിലേക്ക് കൂടുതല്‍ ബസ് യാത്രക്കാര്‍ മാറും.
യാത്രക്കൂലി കൂട്ടിയതോടെ ഓര്‍ഡിനറി ബസ് യാത്രക്കൂലി ടൂവീലര്‍ യാത്ര ചെലവിന്റെ ഇരട്ടിയിലധികമായി. ദരിദ്രരായ ദിവസക്കൂലിക്കാരായ ആയിരക്കണക്കിന് ബസ് യാത്രക്കാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ സ്വന്തമാക്കി ഓര്‍ഡിനറി ബസ് യാത്ര ഒഴിവാക്കി.
സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലറില്‍ 2 പേര്‍ക്ക് യാത്ര ചെയ്യാനായാല്‍ കി.മീ. യാത്രക്കൂലി 57 പൈസ മാത്രമേ വരൂ. കാറില്‍ ഒറ്റക്ക് യാത്ര ചെയ്താല്‍ കി.മീ.ക്ക് 150 പൈസ ചിലവാകുന്നിടത്താണ് ഓര്‍ഡിനറി ബസില്‍ കി.മീ.ക്ക് 400 പൈസയാണ് ഈടാക്കുന്നത്.
ചുരുക്കത്തില്‍ ടൂവീലര്‍ യാത്ര ഓര്‍ഡിനറി ബസിനേക്കാള്‍ ലാഭകരം. സത്യത്തില്‍ കേരളത്തിലെ സ്വകാര്യ/കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ പോലും സ്വന്തമാക്കാനുള്ള പണമോ ടൂവീലര്‍ ഓടിക്കാനുള്ള വൈദഗ്ധ്യമോ ഇല്ലാത്ത പരമദരിദ്രരായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അസംഘതി ജനസമൂഹമാണ്. ഇവരുടെ ആവലാതികള്‍ ഒരു രാഷ്ട്രീയ നേതാക്കളുടെയും ചെവിയില്‍ എത്തില്ല. കാരണം ഇത്തരം ജനങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ അടുത്തെത്താനാവില്ല എന്നതുതന്നെ. എന്തായാലും പറ്റാവുന്നവരൊക്കെ പഴഞ്ചന്‍ ടൂവീലറുകള്‍ സ്വന്തമാക്കികൊണ്ടിരിക്കുന്നു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ സാമ്പത്തിക ശാസ്ത്രമൊന്നും അറിയാത്ത പൊതുഗതാഗത വ്യവസായത്തില്‍ യാതൊരു പ്രാവീണ്യവുമില്ലാത്ത ആളാണ് ജസ്റ്റീസ് രാമചന്ദ്രന്‍. പ്രതിമാസം 60,000 രൂപാ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് സര്‍ക്കാര്‍ രാമചന്ദ്രന് കഴിഞ്ഞ 11 വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്നത്.
19.08.2010 ല്‍ ആയിരുന്നു GO(MS) 64/2010 ഉത്തരവിലൂടെ ജസ്റ്റീസ് രാമചന്ദ്രന്‍ ചെയര്‍മാനായി ബസ് ഫെയര്‍ റിവിഷന്‍ കമ്മറ്റിയെ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ചത്.
ബസ് വ്യവസായമായോ പൊതുഗതാഗതമായോ എന്തെങ്കിലും ബന്ധമുള്ള വ്യക്തിയല്ല രാമചന്ദ്രന്‍.
പിന്നീട് 2011-ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാരും 2016-ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരും 2021-ല്‍ തുടര്‍ എല്‍.ഡി.എഫ്. സര്‍ക്കാരും ജസ്റ്റീസ് രാമചന്ദ്രനെ നിലനിര്‍ത്തിയതുതന്നെ സര്‍ക്കാരിന്റെ ഏത് ബസ് ചാര്‍ജ്ജ് നിര്‍ദ്ദേശവും അദ്ദേഹം അംഗീകരിച്ചു നല്‍കും എന്ന വിശ്വാസത്തിലായിരുന്നു. വൈദ്യുതി നിരക്കു നിര്‍ണ്ണയ കമ്മീഷന്‍ പോലെ നിയമത്തിന്റെ പിന്‍ബലമില്ല ഫെയര്‍ റിവിഷന്‍ കമ്മറ്റിക്ക്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന് ആരെ വേണമെങ്കിലും കമ്മറ്റിയില്‍ നിയമിക്കാം. അതാണ് ജനങ്ങളുടെ ശാപമായി മാറിയത്.
ഒരു ബസിന്റെ പ്രവര്‍ത്തനചിലവ് മുഴുവന്‍ കണക്കാക്കിയാണ് നാറ്റ്പാക്ക് പിസ്‌ക്കോ തയ്യാറാക്കിയത്. 2021 ജൂലൈയിലെ പിസ്‌ക്കോ കി.മീ.ന് 5256 പൈസയാണ്. ഡീസലിന് 96.47 രൂപാ വിലയുള്ളപ്പോള്‍ നിശ്ചയിച്ചതാണ് പുതിയ പിസ്‌ക്കോ. 60 യാത്രക്കാരുള്ള ബസില്‍ 5256 പൈസാ വരുമാനം കിട്ടണമെങ്കില്‍ കി.മീ. യാത്രാക്കൂലി 88 പൈസയാകണം.
മുന്‍ ചീഫ് സെക്രട്ടറി കെ.വി. രബീന്ദ്രന്‍ നായര്‍ ഐ.എ.എസ്. കമ്മീഷന്‍ 2003 ഡിസംബറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ 49-ാം പേജില്‍ എങ്ങനെയാണ് മിനിമം യാത്രക്കൂലി നിശ്ചയിക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. കി.മീ. യാത്രാക്കൂലിയെ മിനിമം ചാര്‍ജ്ജിനുള്ള ദൂരംകൊണ്ട് ഗുണിക്കുന്ന തുകയായിരിക്കണം മിനിമം ചാര്‍ജ്ജെന്നു നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി നിര്‍ണ്ണയിക്കാനാവില്ലെങ്കിലും ഈ ഫോര്‍മുലയുടെ അടിസ്ഥാനത്തിലായിരിക്കണം ഓര്‍ഡിനറി / ഫാസ്റ്റ് മിനിമം കൂലി നിശ്ചയിക്കേണ്ടതെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നിട്ടും ഒരു രൂപാ ഓര്‍ഡിനറി കി.മീ. നിരക്കില്‍ 2.5 കി.മീ. ദൂരമുള്ള മിനിമം ചാര്‍ജ്ജ് ദൂരത്തില്‍ ഓര്‍ഡിനറി മിനിമം യാത്രാക്കൂലി എങ്ങനെ 10 രൂപയായി?
https://www.facebook.com/Malayalivartha






















