''ഇത് മുത്തപ്പന്‍ തരുന്നത്, ആര് കൈവിട്ടാലും മുത്തപ്പനുണ്ടാകും കൂടെ''.. പോളിയോ ബാധിച്ച കാലുകളുമായി ചെറുകുന്ന് നിരങ്ങിക്കയറിയ ഗോപിക്ക് മുത്തപ്പന്റെ അനുഗ്രഹം, മുട്ടിലിരുന്ന് ഭക്തനെ സാന്ത്വനിപ്പിക്കുന്ന അപൂര്‍വ്വം ദൃശ്യം..

വടക്കന്‍ കേരളത്തിലുള്ള ജനങ്ങള്‍ക്ക് മുത്തപ്പന്‍ കഴിഞ്ഞ മറ്റൊരു ദൈവമുള്ളൂ എന്നാണ് പൊതുവെ പറയാറുള്ളത്. മടപ്പുരയില്‍ തുള്ളിയാടുന്ന മുത്തപ്പന്‍ ജാതി ഭേദമന്യേ വടക്കന്‍ മലബാറുകാരുടെ ഹൃദയത്തില്‍ തന്നെ ഉണ്ട്.
മുത്തപ്പന്റെ നിരവധി കഥകള്‍ നാം ഇതിനകം തന്നെ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മനസിനെ തണുപ്പിക്കുന്ന ഒരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. മടിക്കേരി മുത്തപ്പന്‍ മടപ്പുരയിലെ ബ്രഹ്മകലശക്കല്ലിനരികില്‍ ദര്‍ശനത്തിനായി കാത്തിരുന്ന ഭക്തന്റെ തൊഴുകൈകള്‍ കൂട്ടിപ്പിടിച്ച് അനുഗ്രഹിച്ചിരിക്കുകയാണ് മുത്തപ്പന്‍. മുട്ടുക്കുത്തിയിരുന്ന് തന്റെ ഭക്തന് അനുഗ്രഹം കൊടുക്കുന്ന മുത്തപ്പന്റെ ചിത്രങ്ങള്‍ സമൂമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്.
പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന ഗോപിക്കാണ് മുത്തപ്പന്‍ മുട്ടിലിരുന്ന് അനുഗ്രഹം ചൊരിഞ്ഞത്. പിന്നീട് ഗോപിയോട് ഇങ്ങനെ പറഞ്ഞു.. ''ഇത് മുത്തപ്പന്‍ തരുന്നത്. ആര് കൈവിട്ടാലും മുത്തപ്പനുണ്ടാകും കൂടെ''. കണ്ടുനില്‍ക്കുന്നവരുടെ പോലും ഉള്ള് തണുപ്പിക്കുന്ന വാക്കുകളാണ് മുത്തപ്പന്‍ അരുളിയത്.
ആറാം വയസ്സില്‍ പോളിയോ ബാധിച്ചതോടെയാണ് ഗോപിയുടെ ഇരുകാലുകളും തളര്‍ന്നത്. എന്നാല്‍ കാലുകള്‍ക്ക് സ്വാധീനമില്ല എന്ന് കരുതി തന്റെ ഭക്തിയില്‍ ഒരു കുറവും ഇല്ല. അതുകൊണ്ടാണ് ഗോപി മുത്തപ്പനെ കാണാന്‍ ചെറുകുന്ന് നിരങ്ങിക്കയറിയത്. മടപ്പുരക്ക് സമീപം തടിച്ചുകൂടി നിന്നിരുന്ന ഭക്തജനങ്ങളുടെ ഇടയില്‍ നിന്നിരുന്ന മുത്തപ്പന്‍ പെട്ടെന്നാണ് നിലത്തിരുന്ന് മുത്തപ്പനോട് പ്രാര്‍ത്ഥിച്ചിരുന്ന അറുപതുകാരനായ ഗോപിയെ കണ്ടത്. അതോടെ ഗോപിയുടെ അടുത്തേക്ക് എത്തിയ മുത്തപ്പന്‍, കൈയിലുണ്ടായിരുന്ന ദക്ഷിണ ഗോപിയുടെ കൈവിടര്‍ത്തി അതില്‍ വെച്ചുകൊടുത്തു.
സഹോദരികളായ വീക്ഷിതയും വിസ്മിതയുമാണ് മുത്തപ്പന്റെ ഈ അപൂര്‍വ്വ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത്. മുളിയാലേബട്ടിലെ വിമുക്ത ഭടന്‍ ബി.എസ്. വിഷ്ണു പൂജാരിയുടെയും മുത്തപ്പന്‍ മടപ്പുരയിലെ ജീവനക്കാരി ബേബിയുടെയും മക്കളാണിവര്‍. ഏപ്രില്‍ എട്ടിനാണ് സംഭവം നടന്നത്.
നേരത്തെ ഒരു മുസ്ലീം യുവതിയിക്ക് അനുഗ്രഹം കൊടുക്കുന്ന മുത്തപ്പന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കും ഈ ദൃശ്യങ്ങള്‍ വഴിയൊരുക്കിയിരുന്നു. ചിലര്‍ വിമര്‍ശിക്കുകയും മറ്റ് ചിലര്‍ മതസൗഹാര്‍ദം എന്ന് പറഞ്ഞ് ഇരുകൈയ്യും നീട്ടി ആ രംഗത്തെ സ്വീകരക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























