സ്റ്റോക്ക് എടുക്കില്ലെന്നു മൊത്തവ്യാപാരികൾ; സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പ്രതിസന്ധിയിൽ! കടുത്ത നിലപാട് എടുക്കാൻ 230 ഡീലർമാർ ഉൾപ്പെട്ട ഓൾ കേരള കെറോസിൻ ഹോൾസെയിൽ ഡീലേഴ്‌സ് അസോസിയേഷനെ പ്രേരിപ്പിച്ചത് വിലക്കയറ്റവും കടത്തുകൂലി വർധിപ്പിക്കാത്തത് മൂലം...
സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലായതായി റിപ്പോർട്ട്. സ്റ്റോക്ക് എടുക്കില്ലെന്നു മൊത്തവ്യാപാരികൾ തീരുമാനിച്ചതോടെയാണ് ഇത്തരത്തിൽ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകാൻ കാരണമായി പറയപ്പെടുന്നത്. എന്നാൽ കടുത്ത നിലപാട് എടുക്കാൻ 230 ഡീലർമാർ ഉൾപ്പെട്ട ഓൾ കേരള കെറോസിൻ ഹോൾസെയിൽ ഡീലേഴ്‌സ് അസോസിയേഷനെ പ്രേരിപ്പിച്ചത് വിലക്കയറ്റവും കടത്തുകൂലി വർധിപ്പിക്കാത്തതുമാണെന്നും പറയപ്പെടുന്നു. 10 ദിവസം മുൻപ് ഇതു സംബന്ധിച്ചു സിവിൽ സപ്ലൈസ് കമ്മിഷണർക്കു സംഘടന കത്തു നൽകിയെങ്കിലും നടപടി എടുത്തിരുന്നില്ല.
അതോടൊപ്പം തന്നെ കഴിഞ്ഞ മാസം വരെ ലീറ്ററിന് 53 രൂപ വിലയായിരുന്ന മണ്ണെണ്ണയ്ക്ക് ഈ മാസം മുതൽ 81 രൂപയായി ഉയര്ന്നിരിക്കുകയാണ്. കൂടാതെ മുൻ സ്റ്റോക്ക് സംസ്ഥാനത്തെ ചില റേഷൻ കടകളിൽ ബാക്കിയായിട്ടുമുണ്ട്. ഇതു മഞ്ഞ കാർഡ് (എഎവൈ) ഉടമകൾക്കു പഴയ വിലയായ 53 രൂപയ്ക്ക് ഈ മാസം 16 വരെ നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചെങ്കിലും പലരും വാങ്ങാൻ തയാറായിരുന്നില്ല.
രാജ്യാന്തര വിപണിയിൽ മണ്ണെണ്ണ വില അടുത്ത മാസം ലീറ്ററിന് 10 രൂപയെങ്കിലും കുറഞ്ഞേക്കുമെന്നാണ് അസോസിയേഷൻ സർക്കാരിനെ നിലവിൽ അറിയിച്ചിരിക്കുന്നത്. നിലവിൽ കൂടിയ വിലയ്ക്ക് മണ്ണെണ്ണ സംഭരിച്ചാൽ തന്നെ റേഷൻ കട ഉടമകൾ സ്റ്റോക്ക് എടുത്തില്ലെങ്കിൽ നഷ്ടത്തിനു സാധ്യത ഉണ്ട് എന്നതാണ്. പൊതുവിപണിയെക്കാൾ ഉയർന്ന വിലയ്ക്കുള്ള മണ്ണെണ്ണ വാങ്ങാൻ ഉപയോക്താക്കൾ മടിക്കാനും ഇടയുള്ളതായും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ഒരു കിലോലീറ്റർ അതായത് 1000 ലീറ്റർ മണ്ണെണ്ണയ്ക്ക് ഡീലർമാരുടെ കടത്തുകൂലി നിലവിൽ കിലോമീറ്ററിന് 3 രൂപയാണ് ഉള്ളത്. ഇത് 3.68 രൂപയായി വർധിപ്പിക്കാനുള്ള ഡീലർമാരുടെ ആവശ്യം മന്ത്രി കഴിഞ്ഞ വർഷം അംഗീകരിച്ചെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല.
അങ്ങനെ മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി ജി.ആർ.അനിലുമായി ഓൾ കേരള കെറോസിൻ ഹോൾസെയിൽ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഇന്നു ചർച്ച നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്. അനുകൂല തീരുമാനം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.സി.രാജു ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha























