കാട്ടിലിറങ്ങി കാട്ടാനയുടെ മുൻപിൽ അഭ്യാസം; പണികൊടുക്കാനിറങ്ങിയ യുവാക്കൾക്ക് കിട്ടിയത് ഡബിൾ പണി, അഭ്യാസം കാട്ടിയ യുവാക്കളെ കാട്ടാന ഓടിച്ചതിനു പുറമേ വനപാലകർ പിടികൂടി പിഴയുമിട്ടു! കോഴിക്കോട്ടു നിന്നു മൈസൂരു ഭാഗത്തേക്ക് കാറിൽ പോയ യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു....
വെറുതെ പോകുന്നവരെ ചൊറിയാൻ നിന്നാൽ പണി കിട്ടുമെന്ന് കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്. പ്രത്യേകിച്ച് വളർത്തുമൃഗങ്ങളോട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാട്ടിലിറങ്ങി കാട്ടാനയുടെ മുൻപിൽ അഭ്യാസം കാട്ടിയ യുവാക്കൾക്ക് സംഭവിച്ചത് കാണണം. ഇവരെ കാട്ടാന ഓടിച്ചതിനു പുറമേ വനപാലകർ പിടികൂടി പിഴയുമിടുകയുണ്ടായി. വയനാട് അതിർത്തിയിലെ കർണാടക ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ദേശീയപാത 766ൽ മദൂരിനടുത്ത് കഴിഞ്ഞ ദിവസമാണു സംഭവം നടന്നിരിക്കുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കോഴിക്കോട്ടു നിന്നു മൈസൂരു ഭാഗത്തേക്ക് കാറിൽ യാത്ര പോവുകയായിരുന്നു യുവാക്കൾ. പിണങ്ങളെ വഴിയരികിൽ കാട്ടാന നിൽക്കുന്നതു കണ്ടപ്പോൾ കാർ നിർത്തി 3 പേർ പുറത്തിറങ്ങുകയുണ്ടായി. കാറിനടുത്തു നിന്നു രണ്ടു പേർ ചിത്രങ്ങളും വിഡിയോയും പകർത്തിക്കൊണ്ടിരുന്നപ്പോൾ മൂന്നാമൻ കാട്ടിനുള്ളിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു. പിന്നിലെ വാഹനത്തിൽ എത്തിയ യാത്രക്കാരിലൊരാൾ യുവാക്കളുടെ ചെയ്തികളെല്ലാം പകർത്തുകയും ചെയ്തു.
എന്നാൽ യുവാക്കൾ ദൃശ്യങ്ങളും സെൽഫിയുമൊക്കെ എടുക്കുന്നതിനിടെ കാട്ടാന കാറിനടുത്തേക്ക് കുതിച്ചെത്തുകയുണ്ടായി. പുറത്തിറങ്ങി നിന്നവർ കാറിനകത്തേക്കു കയറിയതോടെ, കാട്ടിലേക്ക് നടന്നയാളുടെ പിന്നാലെ കാട്ടാന ചിന്നം വിളിച്ച് ഇരമ്പിയെത്തുകയായിരുന്നു. റോഡിനു കുറുകെ ഓടിയെത്തിയ ആന മൂന്നാമനെ തട്ടിയെറിയുമെന്ന നിലയിലെത്തിയെങ്കിലും ആനയെ വെട്ടിച്ച് റോഡിലേക്കു വീണ്ടും ഓടാനായതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് ഉണ്ടായത്. കാറിനടുത്തേക്ക് യുവാവ് ഓടിയെത്തുന്നതിനിടെ ആനയും തൊട്ടുപിന്നാലെയെത്തിയിരുന്നു.
അതേസമയം കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആന അടുത്തെത്തിയതോടെ കാർ മുന്നോട്ടെടുത്തു. നിലത്തു വീണു പോയ മൂന്നാമൻ ഒരു വിധത്തിൽ പിന്നീട് കാറിൽ കയറി രക്ഷപ്പെടുകയാണ് ചെയ്തത്. ഇതിനുപിന്നാലെ ഈ യുവാക്കൾ കർണാടകയുടെ മദൂർ ചെക്പോസ്റ്റിലേക്കാണ് വാഹനമോടിച്ചെത്തിയത്.
ഇതിനോടകം തന്നെ സംഭവം അറിഞ്ഞിരുന്ന വനപാലകർ കാർ തടയുകയുണ്ടായി. വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും ഇവർ പറയുന്നുണ്ട്. ഇതിനുമുന്നെ പട്രോളിങ്ങിലുണ്ടായിരുന്ന വനപാലകർ ഒരു തവണ യുവാക്കൾക്കു മുന്നറിയിപ്പ് നൽകിയതായിരുന്നു. അങ്ങനെ നിരോധനമുള്ള സ്ഥലത്ത് വാഹനം നിർത്തി ഇറങ്ങിയതിനാണു പിഴയിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha






















