പൊല്ലാപ്പായി 6.72 ലക്ഷം... മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന സമയത്ത് നാടുചുറ്റിയതിന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് പിടികൂടി പിഴയിട്ടു; ശക്തമായ തെളിവുണ്ടായതിനാല്‍ സുരേഷ്‌കുമാറിന് 6.72 ലക്ഷം രൂപ അടച്ചേ പറ്റൂ; യൂണിയന്‍ കളിച്ച് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും പിന്നെ പിഴയും കിട്ടിയ നേതാവ് നെട്ടോട്ടത്തില്‍

നമ്മുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ യൂണിയന്‍കാര്‍ക്ക് ശുക്രനാണ്. തലസ്ഥാനത്ത് ദേഹമനങ്ങാത്ത പണി, ചുറ്റിത്തിരിയല്‍. സമരം ചെയ്യേണ്ട. മറ്റുള്ളവരെ പറപ്പിക്കാം. എന്നാല്‍ കെഎസ്ഇബി നേതാവിന് ഇപ്പോള്‍ ഭരിക്കുന്നത് സ്വന്തം പാര്‍ട്ടിയാണെങ്കിലും പ്രതിപക്ഷത്തുള്ള അവസ്ഥ പോലെയാണ്. വൈദ്യുതി മന്ത്രിയുടെയടുത്തും ചെയര്‍മാന്റെയടുത്തും തന്ത്രങ്ങളൊന്നും വിലപോകുന്നില്ല.
ആദ്യം നേതാവ് സുരേഷ്‌കുമാറിന് സസ്‌പെന്‍ഷന്‍ നല്‍കി. പിന്നെ സ്ഥലം മാറ്റി. ഇപ്പോഴിതാ പിഴയും. മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയുടെ ചൂടാറും മുന്‍പ്, വൈദ്യുതി ബോര്‍ഡില്‍ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിന് വാഹനം അനധികൃതമായി ഉപയോഗിച്ചതിന് 6.72 ലക്ഷം രൂപ അടയ്ക്കാന്‍ ചെയര്‍മാന്‍ ബി.അശോക് നോട്ടിസ് നല്‍കി. ഇതോടെ പോര് വീണ്ടും മുറുകി.
ശക്തമായ തെളിവുണ്ടായതിനാല്‍ സുരേഷ് കുമാറിന് പണമടയ്ക്കാതിരിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ ജോലിയെ ബാധിക്കും. കെഎസ്ഇബിയ്ക്ക് വേണമെങ്കില്‍ എഴുതിതള്ളാം. പക്ഷെ ചെയര്‍മാന്‍ ബി അശോക് വിചാരിക്കണം. എം.എം.മണി മന്ത്രിയായിരുന്ന കാലത്ത് ഡപ്യൂട്ടേഷനില്‍ അദ്ദേഹത്തിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സുരേഷ്‌കുമാര്‍ ഓഫിസിന്റെ ഉപയോഗത്തിനു ബോര്‍ഡ് നല്‍കിയ 3 വാഹനങ്ങളിലൊന്ന് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നു കണ്ടെത്തിയത്.
21 ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ 12% പലിശ സഹിതം അടുത്ത 12 മാസം കൊണ്ടു സുരേഷിന്റെ ശമ്പളത്തില്‍നിന്നു പിടിക്കും. വിശദീകരണം നല്‍കാന്‍ സുരേഷിനു 10 ദിവസം അനുവദിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ വാഹനത്തില്‍ കുറ്റിയാടിയിലെ സ്വന്തം വീട്ടിലേക്കു പോയി എന്നാണു മുഖ്യ ആരോപണം. ഈ ദിവസങ്ങളില്‍ കോഴിക്കോട്ടോ കുറ്റിയാടിയിലോ എന്തെങ്കിലും ഔദ്യോഗിക പരിപാടികള്‍ക്കു മന്ത്രി മണിയോ പ്രൈവറ്റ് സെക്രട്ടറിയോ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടില്ല.
ഈ വാഹനം 2017 ഓഗസ്റ്റ് 1 മുതല്‍ 2020 ജൂണ്‍ 27 വരെ സുരേഷ് കുമാറിന്റെ കൈവശം ആയിരുന്നു. 48,640 കിലോമീറ്റര്‍ അനധികൃതമായി ഉപയോഗിച്ചെന്നും നോട്ടിസില്‍ പറയുന്നു.
അതേ സമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ 19നു നടത്തിയ വൈദ്യുതി ഭവന്‍ വളയല്‍ പ്രക്ഷോഭം വന്‍ വിജയമായതിലുള്ള നിരാശയാണ് അന്നത്തെ തീയതി വച്ച് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനെതിരെ പ്രതികാരനടപടിക്കു ബോര്‍ഡ് ചെയര്‍മാനെ പ്രേരിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി ബി.ഹരികുമാര്‍ പറഞ്ഞു. പഴ്‌സനല്‍ സ്റ്റാഫ് എന്ന നിലയില്‍ അക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും യാത്രകളും ഔദ്യോഗികമോ അല്ലയോ എന്നു നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം അന്നത്തെ വൈദ്യുതി മന്ത്രിക്കാണ്. അസോസിയേഷന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ടു പോകും.
ആരോപണത്തെ എം.എം.മണി അസംബന്ധമെന്നു പറഞ്ഞ് തള്ളി. വകുപ്പുമായി ബന്ധപ്പെട്ടും മന്ത്രിയായിരുന്ന തന്റെ നിര്‍ദേശ പ്രകാരവുമാണു സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. വാഹനം ഉപയോഗിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. രേഖകള്‍ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയും. സമരരംഗത്തുള്ളയാളെ തേജോവധം ചെയ്യാനാണു കരുതിക്കൂട്ടി ഇത്തരം ആരോപണങ്ങള്‍ കൊണ്ടുവന്നതെന്നും മണി കുറ്റപ്പെടുത്തി. വാഹനം ഉപയോഗിച്ചതു മന്ത്രിയുടെ നിര്‍ദേശപ്രകാരം ഔദ്യോഗിക ആവശ്യത്തിനാണെന്നു സുരേഷ് കുമാറും വ്യക്തമാക്കി. അതേസമയം, ഇക്കാര്യം സുരേഷ് കുമാറോ എം.എം.മണിയോ രേഖാമൂലം അറിയിച്ചാല്‍ പ്രശ്‌നം തീരുമെന്നാണു ബോര്‍ഡ് മാനേജ്‌മെന്റ് പറയുന്നത്. വാഹനം ബോര്‍ഡില്‍ നിന്നു കൊണ്ടുപോയതിന്റെ രേഖ കാണുന്നില്ലെന്നും മാനേജ്‌മെന്റ് പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വൈദ്യുതി മന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി ആയിരുന്ന എം.ജി. സുരേഷ്‌കുമാര്‍ അഴിമതിക്കാരനായിരുന്നു എന്ന് ആരോപിക്കുന്നത് ആ സര്‍ക്കാരിനെയും അന്നത്തെ വൈദ്യുതി മന്ത്രിയെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. സുരേഷ് കുമാറിനെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ബോര്‍ഡ് ചെയര്‍മാന്റെ ശ്രമങ്ങള്‍ കടുത്ത ധിക്കാരമാണ്. ഇത്തരം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തണമെന്നും എളമരം പറഞ്ഞു.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനു പിഴ ചുമത്തിയത് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ബോര്‍ഡിലെ ഇപ്പോഴത്തെ വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.സര്‍ക്കാര്‍ വാഹനത്തിന്റെ ഉപയോഗം പരിശോധിക്കുന്നതു തെറ്റല്ല.
മന്ത്രിയായാലും എംഎല്‍എ ആയാലും ചെയര്‍മാനായാലും ചട്ടം അനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂ. കെഎസ്ഇബിയില്‍ മുന്‍പും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ ചര്‍ച്ച ചെയ്താണു പരിഹരിച്ചതെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ സംഘടനകളുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു.
എന്തായാലും സമരം നിര്‍ത്തിയില്ലെങ്കില്‍ നേതാവിന്റെ കാര്യം പോക്കാണ്. ഇനിയും ഇതുപോലെ പിഴയും മറ്റും പൊങ്ങിവരും.
https://www.facebook.com/Malayalivartha

























