അന്നടിച്ച അടിയിൽ ജസ്റ്റിന് ഇന്നു വരെ സന്തോഷം ! ഒന്നരപ്പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയ സന്തോഷ് ട്രോഫി ജേതാവ് ജസ്റ്റിൻ ജോർജ് വീണ്ടും പ്രതീക്ഷയിൽ; ആ ഒറ്റ ജയത്തിന്റെ ഓർമ്മകളിൽ ഇക്കുറിയും സന്തോഷക്കപ്പ് കേരളത്തിനു തന്നെ ലഭിക്കുമെന്ന് പ്രതീക്ഷ

അന്നത്തെ പെനാലിറ്റിയുടെ സന്തോഷ കിക്ക് ജസ്റ്റിനെ ഇന്നും വിട്ടു പോയിട്ടില്ല..! ആ നിർണ്ണായകമായ നാലു കിക്കുകളിൽ ഒന്ന് വെടിയുണ്ട പോലെ ബംഗാളിന്റെ വലയിൽ ഇടിച്ചിറങ്ങിയതോടെ കേരളത്തിനു പതിനാല് വർഷത്തിന് ശേഷം ചരിത്ര നിയോഗമായി സന്തോഷ് ട്രോഫി കയ്യിൽക്കിട്ടി. ആ ഒറ്റ ജയത്തിന്റെ ഓർമ്മകളിൽ ഇക്കുറിയും സന്തോഷക്കപ്പ് കേരളത്തിനു തന്നെ ലഭിക്കുമെന്നാണ് ജസ്റ്റിൻ പ്രതീക്ഷിക്കുന്നത്.
2018 ഫൈനലിൽ കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ 2018 ഏപ്രിൽ ഒന്നിന് കേരളം പതിനാല് വർഷത്തിന് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയപ്പോൾ പ്രതിരോധക്കോട്ടകെട്ടി നമ്മുടെ സ്വന്തം ജസ്റ്റിനുമുണ്ടായിരുന്നു. മറ്റൊരു സന്തോഷ് ട്രോഫി കേരളത്തിന്റെ ചുണ്ടുകൾക്കു തൊട്ടരികിൽ ഉമ്മവയ്ക്കാൻ തയ്യാറായി നിൽക്കുമ്പോൾ സന്തോഷമല്ലാതെ മറ്റൊന്നും ജസ്റ്റിനുമില്ല.
2018 ലെ ഏപ്രിൽ ഒന്നിന് നിർണ്ണായക മത്സരത്തിൽ ബംഗാളിനെ നേരിടാനിറങ്ങുമ്പോൾ ആദ്യ ഇലവനിൽ തന്നെ ജസ്റ്റിനുമുണ്ടായിരുന്നു. കരുത്തുറ്റ ബംഗാൾ ആക്രമണത്തെ തടഞ്ഞു നിർത്താൻ ചിറകെട്ടുന്ന ദൗത്യമായിരുന്നു ജസ്റ്റിന്റെയും സംഘത്തിന്റെയും കാലുകളിലുണ്ടായിരുന്നത്. നിശ്ചിത സമയത്ത് ഒന്ന് വീതം ഗോളുകൾ വീണ് സമനിലയിലായ മത്സരം എക്‌സ്‌ട്രൈ ടൈമിലേയ്ക്കു നീണ്ടു. അപ്പോഴും ഓരോ ഗോൾ ഇരുടീമുകളും നേടി. ടൈബ്രേക്കറിൽ ജസ്റ്റിൻ അടക്കമുള്ളവരുടെ നാല് പെനാലിറ്റികൾ കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചാണ് കേരളം സന്തോഷ ട്രോഫി സ്വന്തമാക്കിയത്.
അന്ന് ഞങ്ങൾക്ക് 11 ബംഗാൾ കളിക്കാരെ മാത്രമല്ല നേരിടേണ്ടിയിരുന്നതെന്ന് ജസ്്റ്റിൻ ഓർത്തെടുക്കുന്നു. സാൾട്ട് ലേക്ക് നിറഞ്ഞു കവിഞ്ഞ് ആവേശം വിതറി നിന്നിരുന്ന അയ്യായിരത്തോളം ബംഗാൾ ഫുട്‌ബോൾ ഫാൻസിന്റെ ആരവത്തെക്കൂടി നേരിട്ടാണ് ആ ഫൈനലിൽ ഞങ്ങൾ മത്സരിച്ചത്. ഇക്കുറി മലപ്പുറത്തിന്റെ മണ്ണിൽ കേരളത്തിന്റെ ആവേശക്കടലാകുന്ന കാണികൾ നൽകുന്ന ഊർജം തന്നെയാണ് കുട്ടികളുടെ കാലുകൾക്ക് കരുത്താകുകയെന്നും ജസറ്റിൻ പറയുന്നു.
പതിനാല് വർഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കാനുള്ള ജീവന്മരണപോരാട്ടത്തിലായിരുന്നു അന്ന് രാഹുൽ വി രാജുവും കോച്ച് സതീവൻ ബാലനും നേതൃത്വം നൽകിയ ഞങ്ങളുടെ ടീം. എതിർ പോസ്റ്റിൽ എണ്ണംപറഞ്ഞ പതിനാറ് ഗോൾ നിക്ഷേപിച്ച് ഒറ്റഗോൾ മാത്രം വഴങ്ങിയാണ് കേരളം ഫൈനൽ പോരാട്ടത്തിനിറങ്ങിയത്. പ്രതിരോധം അത്രകരുത്തുറ്റതായതും, ശക്തമായ ആക്രമണ നിരയുണ്ടായിരുന്നതുമായിരുന്നു അന്ന് കേരള ടീമിന്റെ കരുത്ത്.
ഇക്കുറി കേരളത്തിന് മികച്ച മുന്നേറ്റ നിരയുണ്ടെന്നത് പ്രതീക്ഷ നൽകുന്നതായി ജസ്റ്റിൻ പറയുന്നു. എന്നാൽ, സെമി ഫൈനൽ മത്സരത്തിൽ മൂന്നു ഗോൾ വഴങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എങ്കിൽ തന്നെയും കേരളം തന്നെ വിജയിക്കുമെന്നാണ് ജസ്റ്റിന്റെ പ്രതീക്ഷ. 14 വർഷത്തെ കിരീട വരൾച്ചയ്‌ക്കൊപ്പം, ബംഗാളിനെ ഫൈനലിൽ പരാജയപ്പെടുത്തിയിട്ടില്ലെന്ന ചരിത്രം കൂടിയാണ് 2018 ൽ കേരളം തിരുത്തിയത്.
ഈ സന്തോഷത്തിനൊപ്പം സന്തോഷ് ട്രോഫി ടീമിലെ അംഗങ്ങൾക്ക് ജോലി നൽകുമെന്ന പ്രഖ്യാപനം സർക്കാർ നടപ്പാക്കുക കൂടി ചെയ്തു. കോട്ടയം വയസ്‌കരയിലെ ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫിസിലെ ക്ലർക്കാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരം കൂടിയായ ജസ്റ്റിൻ. സന്തോഷ് ട്രോഫി വിജയിച്ച ടീമിൽ അംഗമായിരുന്നപ്പോൾ ബസേലിയസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു ജസ്റ്റിൻ.
മണ്ണൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജ്കുട്ടിയുടെ മകനാണ് ജസ്റ്റിൻ. 2012 ൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ജസ്റ്റിനിലെ ഫുട്ബോൾ താരത്തെ കണ്ടെത്തുന്നത്. ബസേലിയസ് കോളേജിലെ ഫുട്ബോൾ ടീമിൽ നിലവിലെ കേരള ടീം കോച്ച് ബിനോ ജോർജിന്റെ കീഴിൽ ജസ്റ്റിൽ പരിശീലിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























