എല്ലാ ഞായറാഴ്ചയും ഓരോ കോടീശ്വരന്മാര്‍ കേരളത്തില്‍... പുതിയ സമ്മാനപദ്ധതിയുമായി കേരള സര്‍ക്കാര്‍

എല്ലാ ഞായറാഴ്ചയും ഓരോ കോടീശ്വരന്മാര്‍ കേരളത്തില്‍ ഉണ്ടാകും. പുതിയ സമ്മാന പദ്ധതിയുമായി കേരളസര്‍ക്കാറിന്റെ കേരള ഭാഗ്യക്കുറി വകുപ്പ്. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണിത്. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഫിഫ്റ്റി ഫിഫ്റ്റി
എന്നാണ് പുതിയ സംരംഭത്തിന്റെ പേര്.50 രൂപയാണ് ടിക്കറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം. 29ന് ആദ്യ നറുക്കെടുപ്പ് നടക്കും. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കും. വില്‍പ്പനയുടെ പുരോഗതി അനുസരിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും അച്ചടി.
പ്രളയം, കോവിഡ് പശ്ചാത്തലത്തിലാണ് ഞായര്‍ നറുക്കെടുപ്പ് നിര്‍ത്തിയത്. ഇത് പുനരാരംഭിക്കണമെന്ന് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എല്ലാ ഞായറാഴ്ചയും നറുക്കെടുത്തിരുന്ന പൗര്‍ണമിയുടെ പേര് മാറ്റിയാണ് ഇപ്പോള്‍ പുതിയ ടിക്കറ്റ് വരുന്നത്.
ലോട്ടറി വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 50 വര്‍ഷം തികഞ്ഞതും, ഇത്രയും കാലയളവിനുള്ളില്‍ 50 ലക്ഷത്തിലധികം ഭാഗ്യവാന്മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞതും പ്രമാണിച്ചാണ് പുതിയ ലോട്ടറിക്ക് 'ഫിഫ്റ്റിഫിഫ്റ്റി' എന്ന പേര് നല്‍കാന്‍ കാരണം.
ടിക്കറ്റിന്റെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. ലോട്ടറി ജേതാക്കള്‍ക്ക് ഫിനാന്‍സ് മാനേജ്‌മെന്റ് കോഴ്‌സ് പരിശീലനം നല്‍കുന്നത് ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കോവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാഗ്യക്കുറിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉള്‍പ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്.
അതേസമയം, ലോട്ടറി തട്ടിപ്പ് തടയുന്നതിന് ടിക്കറ്റുകളില്‍ ഫഌറസെന്റ് ഉപയോഗിക്കുന്നത് പരീക്ഷണ ഘട്ടത്തിലാണെന്ന് ലോട്ടറി വകുപ്പ് പിആര്‍ഒ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.
എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
https://www.facebook.com/Malayalivartha