ഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് അറസ്റ്റില്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയാണ് ആലുവ സ്വദേശി ശരത് ജി. നായര്‍. തെളിവ് നശിപ്പിച്ചതിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.
ശബ്ദ സാംപിള്‍ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍വെച്ച പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നത്. വധ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവാണ് കേസിലെ വിഐപി എന്ന് അറിയപ്പെടുന്ന ശരത്തുമായുള്ള സുരാജിന്റെ സംഭാഷണം.
ഫോറന്‍സിക് പരിശോധനയിലാണ് സുരാജിന്റെ ഫോണില്‍ നിന്നും നശിപ്പിച്ച സംഭാഷണം അന്വേഷണ സംഘം വീണ്ടെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളില്‍ ഇവയും ഉള്‍പ്പെടുന്നു. ശബ്ദ സാമ്പില്‍ പരിശോധിച്ച ശേഷമാണ് ശരത്ത് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.
https://www.facebook.com/Malayalivartha