ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്തിനെ ജാമ്യത്തില്‍ വിട്ടു... തെളിവ് നശിപ്പിച്ചതിനാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്റ്റ് ചെയ്തത്; കേസിലെ ആറാം പ്രതിയാണ് ആലുവ സ്വദേശിയായ ശരത്.ജി.നായര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. തെളിവ് നശിപ്പിച്ചതിനാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്റ്റ് ചെയ്തത്. കേസിലെ ആറാം പ്രതിയാണ് ആലുവ സ്വദേശിയായ ശരത്.ജി.നായര്‍.
ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാര്‍ പറഞ്ഞതില്‍ യാഥാര്‍ഥ്യമൊന്നുമില്ല, ദൃശ്യങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും ശരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി 8 മണിയോടെ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാള്‍ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. എസ്പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുന്‍പ് ദിലീപ് അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്.
നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ വീട്ടില്‍ എത്തിയ 'വിഐപി' എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.
ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖയില്‍ ശരത്തിന്റെ ശബ്ദവും തിരിച്ചറിഞ്ഞതും ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നല്‍കിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങി. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം മെഹ്ബൂബ് ആലുവപ്പുഴയോരത്തെ ദിലീപിന്റെ വീടു സന്ദര്‍ശിച്ച അവസരത്തില്‍ 'സൂര്യ ശരത്ത്' എന്നറിയപ്പെടുന്ന ശരത്തും അവിടെയുണ്ടായിരുന്നു. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബില്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha