ജമ്മു കശ്മീരിൽ വീണ്ടും വെടി വയ്പ്പ്; ബുദ്ഗാമിലുണ്ടായ വെടിവയ്പ്പിൽ ബീഹാറില്‍ നിന്നുള്ള 17 കാരനായ ദില്‍ഖുഷ് കുമാറെന്ന കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ വീണ്ടും വെടി വയ്പ്പ്. വ്യാഴാഴ്ച രാത്രിയോടെ ജമ്മു കശ്മീരിലെ ബുദ്ഗാമിലാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ബീഹാറില്‍ നിന്നുള്ള 17 കാരനായ ദില്‍ഖുഷ് കുമാര്‍ എന്ന കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്തത്. ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ ഇവരെ എത്തിച്ചു. പക്ഷേ ദില്‍ഖുഷ് മരണപ്പെട്ടു. സൈന്യവും പോലീസും പ്രദേശം വളഞ്ഞു. തിരച്ചില്‍ ശക്തമാക്കി.
രാജസ്ഥാനില്‍ നിന്നുള്ള ബാങ്ക് മാനേജര്‍ വിജയ് കുമാര്‍ കുല്‍ഗാമില്‍ വെടിയേറ്റ് മരിച്ചിരുന്നു . അത് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.
ജമ്മുവിലെ സാംബ ജില്ലയില്‍ നിന്നുള്ള ഹിന്ദു വനിതാ അധ്യാപിക രജനി ബാലയെ കുല്‍ഗാമിലെ ഗോപാല്‍പോറയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് ഭീകരര്‍ വെടിവെച്ച് കൊന്നത് ഈ അടുത്തായിരുന്നു.
ഒറ്റ ദിവസം കൊണ്ട് താഴ്വരയില്‍ നടന്ന രണ്ടാമത്തെ കൊലപാതകമാണിത്. പ്രതിഷേധം ശക്തമാകുകയാണ്. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തു:- ഒരു ദിവസത്തിനുള്ളില്‍ രണ്ട് സംഭവം. മറ്റൊരു ജീവന്‍ കൂടി നഷ്ടപ്പെട്ടു. കുടുംബം ദുഃഖിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ JKNC ശക്തമായി അപലപിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha

























