രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം" എന്ന തരത്തിലുള്ള അപമാനമാണ്; ടീന ജോസിനെതിരെ മന്ത്രി വി ശിവൻകുട്ടി

തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ കൊലവിളി പരാർശം നടത്തി ടീന ജോസ്. ഇവർക്കെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരിക്കുകയാണ് .
പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ ;-
കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമൻ്റ് ഞെട്ടലോടെയാണ് കാണുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ, ഒരു പൗരൻ്റെ ജീവന് ഭീഷണി ഉയർത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിൻ്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.
"രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം" എന്ന തരത്തിലുള്ള പരാമർശങ്ങൾ ഏതൊരു സംസ്കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്.
അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ യുവതലമുറയ്ക്ക് നൽകുന്ന സന്ദേശം എന്താണ്? ഇത്തരക്കാർക്ക് നമ്മുടെ പൊതുസമൂഹത്തിൽ ഒരു സ്ഥാനവുമില്ല.
അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റിൽപ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഇത് നിയമരംഗത്തിന് തന്നെ നാണക്കേടാണ്.
ഈ വ്യക്തി ട്വൻ്റി 20യുടെ കടുത്ത പ്രചാരകയാണെന്നും, മറ്റ് ജില്ലകളിൽ പോലും അവർക്കുവേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.
ട്വൻ്റി 20 പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം ഈ വിഷയത്തിൽ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു ജനകീയ പ്രസ്ഥാനത്തിൻ്റെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നു?
അവരുടെ യോഗങ്ങളിൽ മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും 'അറയ്ക്കുന്ന ഭാഷയിൽ' ആക്ഷേപിക്കുന്നു എന്നതും ഗൗരവമായി കാണണം. ഇത് ട്വൻ്റി 20യുടെ രാഷ്ട്രീയ ശൈലിയെയാണ് തുറന്നുകാട്ടുന്നത്.
https://www.facebook.com/Malayalivartha























