ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു; ശബരിമലയിൽ എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ച ഉണ്ടാകുന്നു; അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. ഒരുക്കങ്ങൾ നേരത്തെ തുടങ്ങാമായിരുന്നില്ലേ എന്നാണ് ശബരിമല തിരക്കിൽ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചത്. ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. ദേവസ്വം ബോർഡിന് കനത്ത പ്രഹരമേറ്റിരിക്കുകയാണ്. ശബരിമല സ്പെഷ്യൽ റിപ്പോർട്ട് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
കൂടിയാലോചന ആറു മാസം മുന്നേ നടത്തേണ്ടിയിരുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. കൃത്യമായ വിലയിരുത്തൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ചാ ഉണ്ടാകുന്നു. ഒരു സെക്ടറായി തിരിച്ച് പരമാവധി ആൾക്കാരെ ഉൾക്കൊള്ളാവുന്ന അത്രയും പരിഗണിച്ച് ശാസ്ത്രീയമായി മുന്നോട്ടു പോകേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു. 4000 പേരെ മാത്രം ഉൾക്കൊള്ളേണ്ടിടത്ത് 20000 പേരെ ഉൾക്കൊള്ളിച്ചത് എങ്ങനെ എന്നും കോടതി ആരാഞ്ഞു.
സന്നിധാനത്ത് എത്ര പേരെ ഉൾക്കൊള്ളാനാകും എന്ന കാര്യത്തിൽ കൃത്യത വേണമെന്നും കോടതി നിർദേശിച്ചു. തിക്കി തിരക്കി ആളുകളെ കയറ്റി വിടരുത്. കുട്ടികളടക്കമുള്ളവര്ക്ക് ഭക്ഷണം പോലുമില്ല . എന്തൊരു അവസ്ഥയാണിതെന്നും ഹൈക്കോടതി ചോദിച്ചു. ആറു മാസമായി കൂടിയാലോചന ഉണ്ട്. എന്തുക്കൊണ്ട് ഏകോപനമില്ലെന്നും കോടതി ചോദിച്ചു. പോലീസിന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ല. ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ഏകോപനം മാസങ്ങൾക്ക് മുന്നേ നടക്കേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തൽ. അതിന്റെ വീഴ്ച ഇന്നലെ പ്രകടമായിരുന്നു എന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























