സസ്‌പെന്‍ഷൻ നടപടി പിൻവലിക്കണം, വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍റ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തം...!!

കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിൽ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധം കനക്കുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരിദിനം ആചരിക്കും.
സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുമെന്നാണ് മുന്നറിയിപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൃത്യവിലോപം ചൂണ്ടിക്കാട്ടി സൂപ്രണ്ട് ഡോ. കെ സി രമേശനെ കഴിഞ്ഞ ദിവസമാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രോഗി മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.അന്വേഷണത്തിൽ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തി.
ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ തടവു ചാടിയ റിമാന്‍ഡ് പ്രതി മലപ്പുറം കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു. മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (23) ആണു മരിച്ചത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂൺ കൊണ്ട് തുരന്നാണ് പ്രതി ഇന്നലെ രക്ഷപ്പെട്ടത്.
ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ മലപ്പുറത്തുവച്ച് അപകടത്തില്‍പെടുകയായിരുന്നു.കോട്ടയ്ക്കലിൽവച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരുക്കേൽക്കുകയായിരുന്നു.
കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha

























