ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നു; വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം മുളവുകാടിലാണ് സംഭവം നടന്നിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അതിനെ വകവയ്ക്കാതെ പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ചാണ് ആത്മഹത്യ. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ദളിത് കുടുംബങ്ങൾക്കടക്കം സഞ്ചരിക്കാൻ വേണ്ടിയാണ് തർക്കഭൂമിയിലെ വഴി വീതി കൂട്ടിയതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
എറണാകുളം മുളവുകാട് സ്വദേശി ലില്ലി തോമസാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്. ലില്ലിയുടെ വീടിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തെച്ചൊല്ലി പഞ്ചായത്തുമായി തർക്കമുണ്ടായിരുന്നു. റീ സർവ്വേയിൽ 28 സെന്‍റുണ്ടായിരുന്ന ഭൂമി 20 സെന്‍റായി ചുരുങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. ഇതേത്തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ഡിസംബറിൽ മൂന്ന് മാസത്തിനുള്ളിൽ സ്ഥലം അളന്ന് തിരിച്ച് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. പക്ഷേ ആറ് മാസം കഴിഞ്ഞപ്പോൾ സ്ഥലം അളന്നില്ല. ഇതിനിടെ തർക്കഭൂമിയിൽ റോഡ് വീതികൂട്ടാനായി പഞ്ചായത്ത് പണി നടത്തുകയും ചെയ്തു. ഈ കാര്യത്തിൽ മനംനൊന്ത് ലില്ലി ആത്മഹത്യ ചെയ്തു.
താലൂക്ക് സർവേയർ സ്ഥലം അളന്ന് നൽകാത്തതിൽ പഞ്ചായത്തിന് ബന്ധമില്ല എന്നാണ് ഇവർ പറയുന്നത് . ലില്ലിയുടെ വീടിന്‍റെ ചുറ്റു മതിലിന് പുറത്തായിട്ടായിരുന്നു തർക്കഭൂമി ഉള്ളത്. ദളിത് കുടുംബങ്ങളടക്കം അമ്പതോളം വീട്ടുകാർക്ക് വേണ്ടി ഓട്ടോറിക്ഷ കടന്ന് പോകുന്ന വിധത്തിൽ വഴി താത്കാലികമായി വീതി കൂട്ടി. വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് വർഷമായി പഞ്ചായത്ത് അധികൃതർ പീഡിപ്പിക്കുകയാണ്. മരണത്തിന് ശേഷവും ഇതിൽ മാറ്റമില്ലെന്നും കുടുംബം പറഞ്ഞു.
https://www.facebook.com/Malayalivartha























