മുള്ളൻപന്നിയുടെ അക്രമണമേറ്റ് പരുക്കേറ്റ നിലയിൽ കടുവക്കുഞ്ഞ്; വനം വകുപ്പിന്റെ പരിചരണയിൽ വളർന്ന കടുവ കുഞ്ഞിനെ 75 ലക്ഷം രൂപ മുടക്കി നിർമിച്ച വലിയ ഇരുമ്പുകൂട്ടിലേക്ക് മാറ്റി

75 ലക്ഷം രൂപ മുടക്കി നിർമിച്ച വലിയ ഇരുമ്പുകൂട്ടിൽ കടുവക്കുഞ്ഞ് സുരക്ഷിതൻ. വനം വകുപ്പിന്റെ പരിചരണയിൽ വളർന്ന കടുവക്കുഞ്ഞിനെയാണ് കൂട്ടിലേക്ക് മാറ്റിയിരിക്കുന്നത്. സെപ്റ്റംബർ 28ന് മുത്ത്മുടി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പരുക്കേറ്റ നിലയിൽ കടുവക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മാനാമ്പള്ളി റേഞ്ച് ഉദ്യോഗസ്ഥരാണ് കടുവ കുഞ്ഞിനെ കണ്ടത്. കടുവയുടെ ദേഹത്തു മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചിരുന്നു.
അപ്പോൾ തന്നെ കടുവയെ അയ്യർപാടിയിലുള്ള വനംവകുപ്പിന്റെ റെസ്‌ക്യൂ സെന്ററിലേക്കു മാറ്റുകയും ചെയ്തു. ഫീൽഡ് ഡയറക്ടർ രാമസുബ്രഹ്മണ്യത്തിന്റെയും ഡിഎഫ്ഒ അശോകന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൃഗഡോക്ടറെ വരുത്തി ചികിത്സ തുടങ്ങിയത്. റേഞ്ച് ഓഫിസർ മണികണ്ഠന്റെ നേതൃത്വവുമുണ്ടായിരുന്നു. ദിവസങ്ങൾക്കകം കടുവ ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു.
സന്ദർശകരുടെ വരവു കൂടി. ആ സമയം കടുവയെ മാനാമ്പള്ളി വനത്തിൽ പ്രത്യേകം ഒരുക്കിയ കൂട്ടിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ പിന്നീട് 75 ലക്ഷം രൂപ ചെലവിൽ ഇരുമ്പുകൊണ്ടു കൂടു നിർമിക്കുകയായിരുന്നു. ഇന്നലെയാണ് കടുവയെ ഈ കൂട്ടിലേക്കു മാറ്റിയത്.
തമിഴ്നാട്ടിൽ കടുവയ്ക്കു വേണ്ടി ഇത്തരമൊരു പദ്ധതി ആദ്യമായിട്ടായിരുന്നു. ഈ കൂട്ടിൽ വേട്ടയാടൽ പഠിക്കാൻ സാധിക്കുമെന്നും ആനമല കടുവ സംരക്ഷണ ഫീൽഡ് ഡയറക്ടർ രാമസുബ്രഹ്മണ്യൻ പറഞ്ഞു. കൂടിനു ചുറ്റും നിരീക്ഷണക്യാമറ സ്ഥാപിച്ചിട്ടുണ്ട്. 9 മാസം പ്രായമുള്ള കടുവയാണ് 8 മാസമായി വനംവകുപ്പിന്റെ പരിചരണത്തിൽ കഴിഞ്ഞത്.
https://www.facebook.com/Malayalivartha






















