അമ്പരന്ന് ലോകം... പ്രവാചകനെതിരായി ബിജെപി നേതാവ് പറഞ്ഞതിന് വലിയ വില നല്‍കേണ്ടി വരുന്നു; ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയെന്ന് അല്‍ ഖ്വയ്ദയുടെ കത്ത്; ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ നാല് സംസ്ഥാനങ്ങള്‍ ലക്ഷ്യം

പ്രവാചക നിന്ദയ്‌ക്കെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത് വന്നതിന് പിന്നാലെ ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ കത്ത്. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് അല്‍ ഖ്വയ്ദ. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ 'പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി' ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് അല്‍ഖ്വയ്ദ ഭീഷണി വല്ലാത്തതാണ്. നേരത്തെ, കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ പ്രതികരിക്കണമെന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം.
ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാര്‍ഥി മുസ്‌കാന്‍ ഖാനെ സവാഹിരി പ്രശംസിച്ചു. സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്‌കാന്‍ ഖാനെ പ്രശംസിച്ചത്.
കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണ്മു സവാഹിരി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒളിത്താവളത്തിലാണ് സവാഹിരിയെന്നാണ് സൂചന. 2021 നവംബറിലെ തന്റെ വീഡിയോയില്‍ സവാഹിരി ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ചിരുന്നു. യുഎന്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്നുവെന്നും യുഎന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നുമായിരുന്നു സവാഹിരിയുടെ പരാമര്‍ശം.
ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയില്‍ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കില്‍ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രസ്താവനയിറക്കി.
ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമ്പോള്‍ പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കേന്ദ്രം. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിര്‍ദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചു. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ വിശദീകരണവും നല്കി. ഈ സാഹചര്യത്തില്‍ കേന്ദ്രം മാപ്പു പറയേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇത്തരം വിഷയങ്ങളില്‍ മാപ്പു പറയുന്ന കീഴ് വഴക്കമില്ലെന്ന് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നു
പ്രതിസന്ധി തീര്‍ക്കാന്‍ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീര്‍ന്നില്ലെങ്കില്‍ യുഎഇ സൗദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും.
"
https://www.facebook.com/Malayalivartha
























