മൊഴിപ്പകര്‍പ്പിനായി ശ്രമം... ഒരു വര്‍ഷത്തോളമായി തണുത്തിരുന്ന സ്വര്‍ണക്കടത്ത് കേസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പിന് ശേഷം വീണ്ടും ഉയര്‍ന്നു വന്നു; സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഇഡി രംഗത്ത്; മൊഴിപ്പകര്‍പ്പിനായി കോടതിയെ സമീപിക്കാന്‍ നീക്കം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വമ്പന്‍ വിജയം നേടിയതോടെ സ്വര്‍ണക്കടത്ത് കേസും സ്വപ്ന സുരേഷ് വാര്‍ത്തകളും കെട്ടടങ്ങിയതാണ്. എന്നാല്‍ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സ്വര്‍ണവും സ്വപ്നയും ഉയര്‍ന്ന് വരികയാണ്. അതിന് പിന്നാലെ ഇഡിയും രംഗത്തെത്തി. സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് ഇഡി. രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കും.
കള്ളപ്പണ കേസില്‍ ഇഡി കുറ്റപത്രം നല്‍കിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തടസ്സമില്ലെന്നാണ് നിയമോപദേശം. കള്ളപ്പണ ഇടപാടില്‍ സ്വപ്ന നല്‍കിയ പുതിയ രഹസ്യ മൊഴി വീണ്ടും പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി, മകള്‍, ഭാര്യ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് സ്വപ്ന പറയുന്നത്. അതേസമയം ഇതിനെ മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തള്ളിക്കളഞ്ഞിട്ടുണ്ട്.
കള്ളപ്പണ ഇടപാട് സംബന്ധിച്ചതാണ് വെളിപ്പെടുത്തല്‍ എന്നതിനാല്‍ മൊഴി പകര്‍പ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെങ്കില്‍ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. സ്വര്‍ണ്ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നല്‍കിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടികാട്ടി അന്വേഷണം നിര്‍ത്തുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നല്‍കിയത്. അന്ന് തന്നെ സ്വപ്നയുടെ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴി പകര്‍പ്പ് നകുന്നതിനെ കസ്റ്റംസ് എതിര്‍ക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ബിരിയാണി ചെമ്പില്‍ ലോഹ വസതുക്കള്‍ കടത്തിയതടക്കമുള്ള പുതിയ വിവരങ്ങളും മൊഴിയിലുണ്ട്. സ്വപ്ന സുരേഷ് നേരിട്ട് കോടതിയ്ക്ക് നല്‍കിയ മൊഴി ആയതിനാല്‍ ഇഡിയക്ക് എതിര്‍പ്പില്ലാതെ തന്നെ മൊഴി പകര്‍പ്പ് നേടാനാകും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് ഇഡിയുടെ നീക്കം, മൊഴി പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയാണെങ്കില്‍ മൊഴികളില്‍ പേരുള്ളവരെ ഇഡിക്ക് ചോദ്യം ചെയ്യേണ്ടിവരും.
അതേസമയം സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല. അസത്യം പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതണ്ടെന്നും പിണറായി പറഞ്ഞു. ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്.
അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























