സര്‍ക്കാര്‍ ജോലിയില്‍ സഖാക്കള്‍ക്ക് സംവരണം; സര്‍ക്കാരിന്റെ പ്രവര്‍ത്തനം സി പി എമ്മിന് തൃക്കാക്കര പാഠം ഒന്ന്

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം സി പി എമ്മിനെ ഏല്‍പ്പിക്കുന്നു. ഭരണം അവസാനിക്കാന്‍ നാലു വര്‍ഷം ബാക്കി നില്‍ക്കെ പാര്‍ട്ടിക്കാരെ വിവിധ സ്ഥാനങ്ങളില്‍ തിരുകി കയറ്റുന്നതിന് ശ്രമം തുടങ്ങി.തൃക്കാക്കര ഉപതെരഞ്ഞടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ബോധോധയം ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തീര്‍ത്തും നിരാശരാണെന്നും ഇവര്‍ പതിയെ പതിയെ പാര്‍ട്ടിയെ മനസുകൊണ്ട് ഉപേക്ഷിക്കുകയാണെന്നും സി പി എം തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. പൂര്‍ണമായും പാര്‍ട്ടിയുടെ പ്രാദേശിക തലത്തിലുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നല്‍കുക. ജോലി കിട്ടാന്‍ പാര്‍ട്ടി കത്ത് നിര്‍ബന്ധമാണ്. ഇതിന്റെ ആദ്യപടിയായി റസ്റ്റ് ഹൗസുകളുടെ പരിപാലനം പാര്‍ട്ടിയുടെ യുവജന വിഭാഗമായ
ഡിവൈഎഫ്‌ഐയെ ഏല്‍പ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളുടെ പരിപാലനമാണ് ഡിവൈഎഫ്‌ഐയെ ഏല്‍പ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് 155 റെസ്റ്റ് ഹൗസുകളാണ് ഉള്ളത്. വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസായതിനാല്‍ ഇരു ചെവി അറിയാതെ നിയമിക്കാനാണ് നീക്കം. പിന്നീട് സ്ഥിരപ്പെടുത്തും. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലാണ് റസ്റ്റ് ഹൗസുകള്‍ സ്ഥിതി ചെയ്യുന്നത്. റസ്റ്റ് ഹൗസുകളില്‍
ഭക്ഷണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി കൂടുതല്‍ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറയുന്നത്. ആദ്യം ഭക്ഷണത്തിന്റെയും മറ്റും ചുമതല ഡിവൈഎഫ്‌ഐ ക്കാരെ ഏല്‍പ്പിക്കും.ഇതിന് പിന്നാലെ റസ്റ്റ് ഹൗസുകള്‍ തന്നെ ഏല്‍പ്പിക്കാനാണ് നീക്കം. റസ്റ്റ്ഹൗസുകളുടെ പ്രവര്‍ത്തനം അലങ്കോലപ്പെട്ട സ്ഥിതിയായിരുന്നു മുഹമ്മദ് റിയാസ് ചുമതലയേല്‍ക്കുമ്പോള്‍. റിയാസാണ് റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയത്. ഇതില്‍ മന്ത്രി ക്രീയാത്മക മായ പങ്കാണ് വഹിച്ചത്.
യുവജനങ്ങളെ കൂടി ഉത്തരവാദിത്തം ഏല്പിച്ച് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകള്‍ പരിപാലിക്കാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രിയുടെ വാദം. .ഏതു പദ്ധതി നടപ്പാക്കുമ്പോഴും അതിന്റെ പരിപാലനമാണ് മുഖ്യം. അതുകൊണ്ടാണ് റസ്റ്റ് ഹൗസുകളുടെ പരിപാലനത്തില്‍ യുവാക്കളുടെ സഹകരണം തേടാന്‍ ഉദ്ദേശിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം. ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമാണ് റെസ്റ്റ് ഹൗസുകളില്‍ വച്ചു പിടിപ്പിക്കും. റെസ്റ്റ് ഹൗസുകള്‍ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിള്‍സ് ഗ്രീന്‍ റെസ്റ്റ് ഹൗസ് പദ്ധതി തൈക്കാട് റസ്റ്റ് ഹൗസില്‍ തൈ നട്ട് മന്ത്രി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ സഹകരണത്തിന്റെ മറവില്‍ റസ്റ്റ് ഹൗസുകളുടെ നിയന്ത്രണം ഡിവൈഎഫ്‌ഐ യെ ഏല്‍പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
റസ്റ്റ് ഹൗസുകളിലെ നിയമനങ്ങള്‍ പി.എസ് സി ക്ക് വിട്ടിട്ടില്ല.കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച ശേഷം സ്ഥിരപ്പെടുത്തുക എന്നതാണ് രീതി. ഇതാണ് പൊതുമരാമത്ത് വകുപ്പില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന രീതി. ഇക്കാര്യം മനസിലാക്കി കൊണ്ടാണ് മുഹമ്മദ് റിയാസിന്റ പുതിയ നീക്കം. ആശുപത്രി വികസന സമിതിയുടെ പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രുകളുടെ നിയന്ത്രണം ഇപ്പോള്‍ ഏറെക്കുറെ ഡിവൈഎഫ്‌ഐ ഏറ്റെടുത്തിട്ടുണ്ട്.ആശുപത്രിയുടെ വികസനത്തിനും രോഗികളുടെ ഉന്നമനത്തിനും വേണ്ടിയുള്ളതാണ് ആശുപത്രി വികസന സമിതി. സമിതിയുടെ കീഴില്‍ താല്‍ക്കാലിക ജീവനക്കാരായി പാര്‍ട്ടി യുവാക്കളെ നിയമിച്ചാണ് നിയന്ത്രണം സ്വന്തമാക്കിയത്.
സംസ്ഥാനത്തെ ഗ്രന്ഥശാലകളുടെ ഭരണവും പൂര്‍ണ്ണമായി സിപിഎം നിയന്ത്രണത്തിലാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഗ്രന്ഥശാലാ സംഘത്തിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതായി പറയുന്നുണ്ടെങ്കിലും പി . എസ് സി നിയമന നടപടികള്‍ തുടങ്ങിയിട്ടില്ല. ഒച്ചപ്പാട് ഉണ്ടാകുമ്പോള്‍ പി എസ് സി ക്ക് വിട്ടതായി പറയും. എന്നാല്‍ പിന്നീട് നിശബ്ദത പാലിക്കും. ഇഷ്ടാനുസരണം ആളുകളെ തിരുകി കയറ്റും. പത്ര പരസ്യവും മറ്റും നല്‍കിയായിരിക്കും നിയമനം നടത്തുക.എന്നാല്‍ ജോലിയില്‍ കയറി പറ്റുന്നത് സി പി എമ്മുകാരായിരിക്കും. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരും സി പി എം നേതാക്കളായിരിക്കും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ലക്ഷം പേരെ അനധികൃതമായി സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തുള്ള ഫയല്‍ ഒന്നാം മന്ത്രിസഭയിലെ അവസാന യോഗത്തില്‍ പരാഗണിച്ചിരുന്നു.ഇത് പാളിയെങ്കിലും സ്ഥിരപ്പെടുത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
കേരള സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കോപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡൂക്കേഷന്‍ സ്ഥാപനങ്ങളിലെ 300 ഓളം വരുന്ന കരാര്‍ നിയമനം ലഭിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന തീരുമാനം മന്ത്രിസഭ എടുത്തിരുന്നു. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള 12 ഓളം ഉദ്യോഗാര്‍ഥികളുടെ നിയമനം മരവിപ്പിച്ചാണ് മുന്നൂറോളം കരാര്‍ നിയമനക്കാരെ സ്ഥിരപ്പെടുത്തിയത്. ഇതിനെതിരെ സ്ഥാപനത്തിന്റെ ഉള്ളില്‍ നിന്നും തന്നെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്
കരാര്‍ നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് മന്ത്രി സഭയുടെ പരിഗണിച്ചു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ കേപില്‍ 300 ല്‍പ്പരം പിന്‍വാതില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഏറെ വിവാദമായിരുന്നു. ഇവരില്‍ കൂടുതലും പുന്നപ്ര സാഗര ആശുപത്രിയിലെ ഇടതുപക്ഷ അനുഭാവികളായ 28 ജീവനക്കാരാണ്. കേപില്‍ മുന്‍പ് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കെ സ്ഥിരപ്പെടുത്തിയവര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാനുള്ള തീരുമാനവും സര്‍ക്കാരിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരുന്നു.. കേസ് നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ടെസ്റ്റും ഇന്റര്‍വ്യൂവും പാസായി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമന അറിയിപ്പ് ലഭിച്ചവരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചിട്ടാണ് പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ സ്ഥിരമാക്കാന്‍ ശ്രമിച്ചത്. പി.എസ്സിയില്‍ നിന്നും ജീവനക്കാരെ നിയമിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് അതൃപ്തിയുണ്ടായിരുന്നു. ഇടക്കാലത്ത് ചില പ്രധാന തസ്തികകളിലെ നിയമനം പി.എസ്.സി യില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.എന്നാല്‍ അതിന് മുമ്പ് തന്നെ പൊതുസമൂഹം ഇക്കാര്യം അറിയുകയും വിവാദമാവുകയും ചെയ്തു.അതോടെ ഇതിനുള്ള നീക്കം പൊളിഞ്ഞു. എന്നാല്‍ പിഎസ്‌സി നിയമനങ്ങള്‍ സംബന്ധിച്ച് യുഡിഎഫും ബിജെപിയും വലത് മാധ്യമങ്ങളും കള്ളക്കഥകള്‍ മെനയുകയാണെന്നാണ് സി പി എം പറയുന്നതത്.
2021 ജനുവരി 30 വരെ 1,57,911 പേര്‍ക്കാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയതെന്നാണ് വാദം . യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷംകൊണ്ട് 1,42,642 പേര്‍ക്കാണ് നിയമനം നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികമായി നിയമനം നല്‍കിയത് 15, 267 പേര്‍ക്കാണ്. പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നുന്നുവെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു.
പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അകന്നതാണ് തൃക്കാക്കര പരാജയത്തിന് പിന്നിലുള്ള യാഥാര്‍ ത്ഥ്യമെന്ന് സര്‍ക്കാര്‍ കരുതുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിക്കാത്തതില്‍ തുടങ്ങുന്നു പാളിച്ചയെന്ന് സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ തിരിച്ചറിവ് വൈകി പോയി. സില്‍വര്‍ ലൈനില്‍ ഉള്‍പ്പെടെ സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. പാര്‍ട്ടികാര്‍ക്ക് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ലഭിക്കുന്നില്ല. തല്‍പരകക്ഷികളാണ് നേട്ടങ്ങള്‍ കൊണ്ടു പോകുന്നത്. ഇത്തരത്തിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്.
പാര്‍ട്ടി വിശ്വാസികളും അനുയായികളും ഏറെയുള്ള കുടുംബശ്രീയില്‍ നിന്നും താത്കാലിക നിയ മനം നടത്താനുള്ള ഫയല്‍ അവസാന ഘട്ടത്തിലാണ്. ആശുപത്രികളിലെ നിയമനം കുടുംബശ്രീക്ക് നല്‍കി കഴിഞ്ഞു.പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഒരു വരുമാനം എന്ന നിലയ്ക്കാണ് നിയമനം നല്‍കുന്നത്. ചുരുക്കത്തില്‍ അര്‍ഹരും വിദ്യാസമ്പന്നരുമായ യുവജനങ്ങളുടെ അവസരങ്ങളാണ് ഇത്തരത്തില്‍ കവര്‍ന്നെടുക്കപ്പെടുന്നത്. കെ എസ് ആര്‍ റ്റി സി സ്വിഫ്റ്റില്‍ പാര്‍ട്ടിക്കാരെയാണ് നിയമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും ചുവപ്പന്‍മാരുടെ പിടിയിലാണ്. ഏതായാലും ഒരു കാര്യത്തില്‍സര്‍ക്കാരിന് സമാധാനിക്കാം. പിണറായി ഒഴിഞ്ഞാലും സര്‍ക്കര്‍ മുഴുവന്‍ സഖാക്കളായിരിക്കും.
https://www.facebook.com/Malayalivartha
























