സ്വപ്നയുടെ വെളിപ്പെടുത്തലിന് മറുപടി കേരളത്തില്‍ കലാപമുണ്ടാകും ജനത്തെ അണിനിരത്തും ബിജെപിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ച് കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്കു പോകുന്നതായി ഷാജ് കിരണ്‍ പറഞ്ഞെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറുപടിയുമായി കോടിയേരി. യുഎസില്‍ മൂന്നു തവണ ചികില്‍ത്സയ്ക്കു പോയിട്ടുണ്ടെന്നും അതിന്റെ ചെലവ് വഹിച്ചത് പാര്‍ട്ടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചികിത്സയുടെ ചെലവ് മറ്റാരും വഹിച്ചിട്ടില്ല. മറ്റുള്ള കാര്യങ്ങള്‍ ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു..
ഷാജ് എന്ന പേര് ആദ്യമായി കേള്‍ക്കുകയാണ്. സ്വപ്ന സുരേഷിനെ ഇതുവരെ കണ്ടിട്ടില്ല. സ്വപ്നയ്ക്കു പിന്നില്‍ പലരുമുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും ഒന്നിനും ഭയപ്പെട്ട് കഴിയുന്നവരല്ല പാര്‍ട്ടിക്കാരെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് സംഘടിത ആക്രമണമാണ് നടക്കുന്നത്. കലാപമുണ്ടാക്കിയാല്‍ മുഖ്യമന്ത്രി രാജി വയ്ക്കില്ല. ജനത്തെ അണിനിരത്തി നേരിടും. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചനയെ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. ആരോപണം ഉന്നയിച്ചതിന്റെ പിറ്റേന്നു തന്നെ കലാപം ഉണ്ടാക്കിയത് ഗൂഢപദ്ധതിക്ക് ഏറ്റവും വലിയ തെളിവാണ്. നിയമപരമായ കാര്യത്തിനല്ല, കലാപത്തിനാണ് ഗൂഢപദ്ധതി തയാറാക്കിയത്. ഇത്തരം കഥകള്‍ക്കൊക്കെ അധികം ആയുസ്സില്ല. കള്ളക്കഥകള്‍ക്കു മുന്നില്‍ സിപിഎം കീഴടങ്ങില്ല. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് വിപുലമായ ക്യാംപെയിന്‍ നടത്തി ഗൂഢപദ്ധതിയെ തുറന്നു കാട്ടും.
സ്വര്‍ണക്കടത്ത് കേസ് ഉണ്ടായപ്പോള്‍ ശരിയായ നിലയില്‍ അന്വേഷണം നടത്തണം, ഏത് ഏജന്‍സി വേണമെന്ന് കേന്ദ്രം തീരുമാനിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. സ്വര്‍ണം അയച്ചത് ആരാണ്, ഇവിടെ ആരാണ് കൈപ്പറ്റിയത് എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും രണ്ടു കാര്യവും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്കു സാധിച്ചിട്ടില്ല. ശരിയായ അന്വേഷണം നടത്തുന്നതിനു വിരുദ്ധമായ നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. ബിജെപി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുമെന്ന ഘട്ടം വന്നതോടെ അന്വേഷണത്തിന്റെ ഗതി മാറി, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിനെ കേസില്‍ ബന്ധപ്പെടുത്താനുള്ള ശ്രമം നടന്നു. അതെല്ലാം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷവും ബിജെപിയും ഇക്കാര്യം ചര്‍ച്ചയാക്കിയെങ്കിലും എല്‍ഡിഎഫിനു ഭൂരിപക്ഷം വര്‍ധിച്ചു. പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണ്. സര്‍ക്കാരിനെ ഭരിക്കാന്‍ സമ്മതിക്കാതെ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമം. സ്വപ്നയുടെ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ഓരോ ഘട്ടത്തിലും പലതരത്തിലുള്ള മൊഴി കൊടുത്തു. മൊഴിയുടെ വിശ്വാസ്യത കോടതിയാണ് പരിഗണിക്കേണ്ടത്. ബിരിയാണിയും ചെമ്പുമാണ് സ്വപ്ന പുതുതായി പറഞ്ഞ കാര്യം. നേരത്തെ ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തി എന്നാണ് പറഞ്ഞത്. അത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ബിരിയാണി ചെമ്പിലാക്കിയെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha