വിമാനത്തിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കും..., ഇ.പി ജയരാജനെ സാക്ഷിയാക്കും...മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പുള്ളതിനാൽ മൊഴിയെടുക്കുന്ന തീയതി അറിയിക്കും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായ സംഭവത്തിൽ തുടർ അന്വേഷണം ഊർജ്ജിതം...!

ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കും. മൊഴിയെടുക്കുന്ന തീയതി അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പുള്ളതിനാൽ അതിന് ശേഷമായിരിക്കും മൊഴിയെടുക്കുക.
സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ സാക്ഷിയാക്കും. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മഹസര്‍ തയാറാക്കാന്‍ വിമാനം പരിശോധിക്കണമെന്ന് ഇന്‍ഡിഗോ അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകീട്ട് വിമാനം എത്തിയപ്പോഴാണ് പരിശോധനക്ക് സമയം അനുവദിച്ചത്.
ജൂൺ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി എത്തിയത്. വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണ് വലിയതുറ പൊലീസ് കേസ് എടുത്തിട്ടുള്ളത്.
തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ, സുനിത് നാരായണൻ എന്നിവരാണ് പ്രതികൾ. അനുകൂല മൊഴി നൽകുന്ന യാത്രക്കാരെ മാത്രമെന്ന് പൊലീസ് സാക്ഷികളാക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, ആർ. കെ. നവീൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹർജിക്കാർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹർജിയിൽ പറയുന്നത്. വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ച ഇ. പി. ജയരാജൻ്റ മർദനത്തിൽ പരിക്കേറ്റു എന്നും ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























