വിഴിഞ്ഞത്ത് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം; ബൈക്ക് റേസിനിടെ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു

മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വിഴിഞ്ഞം ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്ക് റേസ് പതിവായി നടക്കുന്ന സ്ഥലമാണ് വിഴിഞ്ഞം മുക്കോല പ്രദേശം. റേസിനിടെ മത്സരിച്ച് മുന്നോട്ടുകുതിച്ച ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. കൂട്ടിയിടിയില്‍ ബൈക്കുകളുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഗുരുതരമായി പരുക്കേറ്റ രണ്ട് യുവാക്കളേയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.
മുക്കോല ബൈപാസിലെ ബൈക്ക് റേസിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അപകടകരമായ ബൈക്കോട്ടം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























