ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്

ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിൽ നിലവിലെ ഭരണകൂടം തകർന്നാൽ പകരം ആര് വരുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഏതൊരു ആക്രമണത്തിനും അസാധാരണവും വ്യാപകവുമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ നാളുകൾ എണ്ണപ്പെട്ടതായി ജർമൻ ചാൻസിലർ ഫ്രെഡറിക് മെർസ് പറഞ്ഞു.
വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽ പടയാണ് ഇറാനെ നേരിടാൻ സജ്ജമാക്കിയതെന്ന് ട്രംപ് പറഞ്ഞു. സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ നൽകാനെന്ന പേരിൽ ആരംഭിച്ച യുഎസ് സൈനിക സന്നാഹങ്ങളുടെ ലക്ഷ്യം ആണവ കരാറിൽ ഒപ്പുവെക്കാൻ ഇറാനെ പ്രേരിപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. അതേസമയം പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് പകരം ആര് വരുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ
പറയുന്നത്. മേഖലയിലെ ഇറാൻ സാന്നിധ്യവും റഷ്യ, ചൈന സ്വാധീനവും നേരിടാൻ 20 വർഷത്തിനിടെ ഏറ്റവും ശക്തമായ ചുവടുവെപ്പുകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാൻ ഭരണകൂടത്തിന്റൈ നാളുകൾ എണ്ണപ്പെട്ടതായി ജർമൻ ചാൻസിലർ ഫ്രെഡറിക് മെർസ് പ്രതികരിച്ചു. ഏതു സാഹചര്യവും നേരിടാൻ സേന സുസജ്ജമാണെന്നും പരിമിത ആക്രമണത്തിന് പോലും കനത്ത തിരിച്ചടി ഉറപ്പാണെന്നും ഇറാൻ ആവർത്തിച്ചു. സമീപകാല പ്രക്ഷോഭങ്ങൾ ഇറാന്റെ ആന്തരിക ദൗർബല്യങ്ങൾ കൂടിയാണ് വെളിപ്പെടുത്തിയതെന്നും വിദേശ ശക്തികളെ മാത്രം ഇതിനു പഴിചാരിയതുകൊണ്ട് കാര്യമില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ തുറന്നടിച്ചു.
അതേസമയം സംഘർഷം ലഘൂകരിക്കാൻ ഗൾഫ് രാജ്യങ്ങൾ തിരക്കിട്ട ശ്രമങ്ങൾ തുടരുകയാണ്. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കില്ലെന്ന് യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും പ്രഖ്യാപിച്ചു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് നയം വ്യക്തമാക്കിയത്. ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും ഇറാൻ നേതൃത്വവുമായി ആശയവിനിമയം തുടരുകയാണ്.
https://www.facebook.com/Malayalivartha



























