എന്തായീ കേള്‍ക്കണേ... ഭാരത ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം എന്ന് പോലീസിന്റെ പത്രക്കുറിപ്പ്; ആര് ബന്ദ് പ്രഖ്യാപിച്ചെന്ന് പത്രക്കാര്‍ക്ക് പോലും അറിയില്ല; ഇതോടെ ഇന്ന് വണ്ടിയുണ്ടോ ഓഫീസുണ്ടോ സ്‌കൂളുണ്ടോയെന്ന ചോദ്യമായി; ഉത്തരം കിട്ടാതെ രാത്രി കടന്നുപോയി; പത്രക്കുറിപ്പിന് പിന്നില്‍ ഭാരത് ബന്ദെന്ന് വ്യാജ പ്രചാരണം

സംസ്ഥാനത്ത് ഇന്ന് വണ്ടിയുണ്ടോ ഓഫീസുണ്ടോ സ്‌കൂളുണ്ടോയെന്ന ചോദ്യങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഭാരത ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം എന്ന പോലീസിന്റെ പത്രക്കുറിപ്പ് മാത്രമാണ് പത്രക്കാര്‍ക്കും അറിയാവുന്നത്. അതിനപ്പുറം ആര് ബന്ദ് പ്രഖ്യാപിച്ചെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ പോലീസിന്റെ പത്രക്കുറിപ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരുതല്‍ നടപടിയാണ്. ഇന്ന് വണ്ടിയോടും സ്‌കൂളും ഓഫീസുമെല്ലാം ഉണ്ടാകും.
അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളോടനുബന്ധിച്ചു തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന പ്രചാരണത്തിന്റെ ഭാഗമായി പൊലീസിനോട് സജ്ജമായിരിക്കാനാണ് ഡിജിപി നിര്‍ദേശിച്ചത്. സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അഗ്‌നിപഥ് പദ്ധതിക്കെതിരായി തിങ്കളാഴ്ച ഭാരത് ബന്ദ് ആണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ട്. എന്നാല്‍ ആരും ഔദ്യോഗികമായി ബന്ദ് പ്രഖ്യാപിച്ചിട്ടില്ല.
ഉത്തരേന്ത്യയില്‍ പോലും ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പോലീസ് ഭാരത് ബന്ദ് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം നിര്‍ദേശം കേരളത്തിലും നല്‍കുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്‌നിപഥ് വിഷയത്തില്‍ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നേരത്തെ സ്‌റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.
കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യത്തു കത്തിപ്പടരുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്നു സേനാധിപന്‍മാരുടെയും യോഗം വിളിച്ചു. അഗ്‌നിപഥുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. അഗ്‌നിപഥ് റിക്രൂട്‌മെന്റുകള്‍ എത്രയും വേഗം ആരംഭിച്ചാല്‍ വിഷയം ഒരുപരിധി വരെ പരിഹരിക്കാമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് മൂന്നു സേനകള്‍ക്കും നിര്‍ദേശം നല്‍കി. റിക്രൂട്‌മെന്റിനുള്ള തയാറെടുപ്പുകള്‍ കര, നാവിക, വ്യോമ സേനകള്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























