തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ മുൻ നേതാവടക്കം രണ്ട് പേർ ലഹരി ഗുളികകളുമായി പിടിയിൽ, ഇവരിൽ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎ ഇനത്തിൽപെട്ട ലഹരി മരുന്ന്..

തിരുവനന്തപുരം കഠിനംകുളത്ത് ലഹരി ഗുളികകളുമായി ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേമ്പാംമൂട് കുളത്തിൻകര കൊതുമല വീട്ടിൽ അജ്മൽ (24), ആനാവൂർ ആലത്തൂർ സരസ്വതി മന്ദിരത്തിൽ എൻ. ശിവപ്രസാദ് (29) എന്നിവരാണ് എംഡിഎംഎ ഇനത്തിൽപെട്ട ലഹരി മരുന്നുമായി പിടിയിലായത്.
കഠിനംകുളത്തെ ബാർ ഹോട്ടലിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്.ഡിവൈഎഫ്ഐ വെള്ളനാട് മുൻ ഏരിയ സെക്രട്ടറിയായിരുന്നു എൻ. ശിവപ്രസാദ്. പൊലീസിനെ മർദിച്ച കേസ് ഉൾപ്പെടെ ക്രിമിനൽ കേസിലെ പ്രതിയാണ് ശിവപ്രസാദ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
അതേസമയം കായംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയ ദക്ഷിണാഫ്രിക്കൻ പൗരനേയും കാസർഗോഡ് സ്വദേശിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി ( 34 ) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി ഈ മാഫിയയിലുള്ള കൂടുതൽ ആൾക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.മെയ് 24 നാണ് ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയും കായംകുളത്ത് എംഡിഎംഎയുമായി പിടിയിലാകുന്നത്.
ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.വെളുപ്പിന് അഞ്ച് മണിയോടുകൂടിയാണ് ദമ്പതികൾ കായംകുളത്തെത്തിയത്. എസ്.പിയുടെ സ്‌പെഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
മാസം തോറും കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തുന്നത്. ഇവരുടെ ഫോൺ രേഖകളും, അക്കൗണ്ട് രേഖകളും പരിശോധിച്ചതിൽ നിന്ന് ഇവർ വ്യാപകമായി മയക്കുമരുന്ന് നിർമ്മാണത്തിലും കച്ചവടത്തിലും ഏർപ്പെടുന്നതായി പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha


























