തൃശൂർ സ്വദേശിയായ സൂരജിന്റെ ബൈക്ക് മോഷണം പോയി; കുറച്ച് ദിവസങ്ങൾക്കകം ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് തിരുവനന്തപ്പുരത്ത് നിന്നും നോട്ടീസ്; അമ്പരന്ന സൂരജ് തൃശൂർ പോലീസിനോട് കാര്യം പറഞ്ഞു; തിരുവനന്തപ്പുരത്തേക്ക് കുതിച്ചെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; വമ്പൻ ട്വിസ്റ്റുകൾക്കൊടുവിൽ ബൈക്ക് കള്ളൻ പിടിയിലായി

പുത്തൂർ സ്വദേശി സൂരജ് കുമാറിന്‍റെ ബൈക്ക് മാർച്ച് നാലിന് മോഷണം പോയി. പിറ്റേ ദിവസം പോലീസിൽ പരാതി നൽകി. പക്ഷെ പ്രതിയെ കണ്ടെത്താനായില്ല. ഒടുവിൽ ബൈക്ക് കള്ളനെ പോലീസ് പിടികൂടിയത് തിരുവനന്തപുരത്ത് നിന്നും. മോഷ്ടിച്ച ബൈക്കുമായി തിരുവനന്തപുരത്തു കറങ്ങി നടക്കുകയായിരുന്നു പ്രതി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം അരുവിപ്പാറ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.ജൂണ്‍ പന്ത്രണ്ടാം തീയതി ബൈക്കുടമ സൂരജിന് കാട്ടാക്കട പൊലീസിൽ നിന്നും കിട്ടിയ നോട്ടീസാണ് പ്രതിയിലേക്ക് നയിക്കുന്ന നിർണ്ണായക തുമ്പായി മാറിയത്. ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചുവെന്ന് കാണിച്ച് സൂരജിന് നോട്ടീസ് വന്നു. സൂരജ് തൃശ്ശൂർ ടൗണ്‍ വെസ്റ്റ് പൊലീസിൽ ഈ കാര്യം അറിയിച്ചു.
ടൗണ്‍ പൊലീസ് ഉടനെ കാട്ടക്കടയിലേക്ക് കുതിച്ചെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നതെന്ന് മനസിലാക്കി. ആദ്യം പിടിക്കൊടുത്തില്ലെങ്കിലും വിഷ്ണുവിന് പങ്കുള്ളതായി പൊലീസ് കണ്ടെത്തുകയായിരുന്നു. സുഹൃത്തായ വർക്കല സ്വദേശി ഫാന്‍റം പൈലി എന്നറിയപ്പെടുന്ന ഷാജിയിൽ നിന്നാണ് വാഹനം കിട്ടിയതെന്ന് വിഷ്ണു പൊലീസിനോട് വ്യക്തമാക്കി.
ഇരുവരും ചേർന്നാണ് മോഷണം നടത്തിയതെന്ന് പൊലീസിന് മനസിലായി. ഒന്നാം പ്രതിയായ ഷാജി മറ്റൊരു കേസിൽ ജയിലിലാണ്. അറസ്റ്റിലായ വിഷ്ണുവിന്‍റെ പേരിൽ വാഹന മോഷണം ഉൾപ്പടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് പ്രതികളെ കുടുക്കിയത്.
https://www.facebook.com/Malayalivartha
























