കോട്ടയം കുറവിലങ്ങാട്ട് വൻ നിരോധിത പുകയില വേട്ട; വൈക്കം പൊലീസിന്റെ മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പായ്ക്ക് ചെയ്യുന്ന മിഷ്യനും പാക്കറ്റുകളും പിടിച്ചെടുത്തു

വൈക്കം പൊലീസിന്റെ മിന്നൽ പരിശോധനയിൽ കോട്ടയം കുറവിലങ്ങാട്ട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങൾ പാക്കറ്റിലാക്കുന്ന മിഷ്യനും പാക്കറ്റ് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, വൈക്കം ഡിവൈഎസ്പി എ.ജെ തോമസിന്റെയും നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എം ജോസിന്റെയും നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് അതിരംമ്പുഴ സ്വദേശി ജഗൻ ജോസ് (30), കുമ്മനം സ്വദേശി ബിബിൻ വർഗീസ് (36) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം കുറവിലങ്ങാട് കാളിയാർ തോട്ടം ഭാഗത്ത് പുരയിടം വാടകക്ക് എടുത്താണ് സംഘം കന്നുകാലി ഫാം നടത്തിയിരുന്നത്. ഈ കന്നു കാലി ഫാമിന്റെ ഒരു ഭാഗം കേന്ദ്രീകരിച്ചാണ് ഈ മാഫിയ സംഘം ലഹരി പ്രവർത്തനം നടത്തിയിരുന്നത്. കന്നുകാലി ഫാമിന്റെ മറവിൽ ഇവർ വൻ ലഹരി നിർമ്മാണ വിതരണ കേന്ദ്രം നടത്തിവരികയായിരുന്നു.
ഫാമിന്റെ മറവിൽ നിരോധിത പുകയില ലഹരി ഉല്പന്ന കേന്ദ്രമാണ് ഇവർ നടത്തിയിരുന്നത്. കോട്ടയം കുറവിലങ്ങാട് നടന്ന റെയ്ഡിൽ പിടികൂടിയത് 2250 കിലോ ഹാൻസും, 100 കിലോയോളം പായ്ക്കറ്റിലാക്കാനുള്ള പൊടിയും പൊലീസ് സംഘം പിടിച്ചെടുത്തത്. ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളും, നിർമ്മാണ സാമഗ്രികളുമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
ഹാൻസ് പാക്ക് ചെയ്യുന്നതിനുള്ള രണ്ടായിരത്തോളം പാക്കറ്റുകളും, 11 നമ്പർ റോളുകളും, പാക്കിംങ് മിഷ്യനും , മിക്‌സിങ് മിഷ്യനും പൊലീസ് സംഘം പിടിച്ചെടുത്തു. കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ്, എസ്.ഐ ശശിധരൻ, എസ്.ഐ ടി.അനിൽകുമാർ, എസ്.ഐ സുരേഷ്‌കുമാർ, എസ്.ഐ തോമസ് ജോസഫ്, എ.എസ്.ഐ ഡി.അജി, എ.എസ്.ഐ ബി.പി വിനോദ്, സിവിൽ പൊലീസ് ഓഫിസർ ഷുക്കൂർ, രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, സീനിയർ സിപിഒ ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, കെ.ആർ അജയകുമാർ, അരുൺ എസ്, അനീഷ് വി.കെ , ഷെമീർ സമദ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
https://www.facebook.com/Malayalivartha
























