ഫാസ്ടാഗിൽ പണമില്ല..., ടോൾപ്ലാസയിൽ പിടിച്ചിട്ട കെഎസ്ആർടിസി ബസ് തിരിച്ചുമടങ്ങി, സ്ത്രീകൾ അടക്കമുള്ള നാൽപതോളം യാത്രക്കാരെ പെരുവഴിയിലാക്കിയത് അരമണിക്കൂറിലേറെ

ഫാസ്ടാഗ് വാലറ്റിൽ പണമില്ലാത്തതിന്റെ പേരിൽ കെഎസ്ആർടിസി ബസ് പിടിച്ചിട്ടു. കോഴിക്കോട്ടേക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ബൂത്തിൽ ഇന്നലെ രാത്രി ഏഴരയോടെ പിടിച്ചിട്ടത്.ബസ് കടന്നുപോകാനാകാതെ വന്നതോടെ അരമണിക്കൂറിലേറെ സ്ത്രീകൾ അടക്കമുള്ള നാൽപതോളം യാത്രക്കാർ പെരുവഴിയിലായി. ഫാസ്ടാഗ് വാലറ്റിൽ പണമില്ലാതെ കടത്തിവിടേണ്ടതില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ നിർദേശമെന്ന് ടോൾപ്ലാസ അധികൃതർ പ്രതികരിച്ചു.
ഇരട്ടി ടോൾ തുക നൽകിയാലും കടത്തിവിടുമായിരുന്നു. ജീവനക്കാർ അതിനും തയ്യാറാകാതിരുന്നതാണ് ബസ് തടഞ്ഞിടാൻ ഇടയാക്കിയത്. യാത്രക്കാർ പ്രതിഷേധിച്ചതോടെ അതുവഴി വന്ന മറ്റൊരു കെഎസ്ആർടിസി ബസിൽ അവർക്ക് യാത്ര തുടരാനായി. തടഞ്ഞിട്ട ബസ് തിരിച്ചുപോകുകയും ചെയ്തു.
അതേസമയം തിരുവനന്തപുരത്തെ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള
എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. 24 മണിക്കൂർ സർവീസ് ഉടൻ ആരംഭിക്കും.കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലറിനായി പുതുതായി വാങ്ങിയ രണ്ട് ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കും.
കെഎസ്ആർടിസിയുടെ ദീർഘ ദൂര ബസ് സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യവും ഈ ബസ്സുകളിൽ ഉണ്ടാകും. യാത്രാക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. 20 മുതൽ 50 രൂപവരെയായിരിക്കും ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് ഈടാക്കില്ല. ടിക്കററ്റ് നിരക്കിൽ 10% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിലെത്തുന്നവരെ തമ്പാനൂർ ബസ് സ്റ്റാന്റ ,സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തിൽ ഓരോ മണിക്കൂറിലും ഒരു ബസ് ടെർമിനലുകളിൽ എത്തും.
https://www.facebook.com/Malayalivartha

























