സ്വപ്ന സുരേഷ്...മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കണം, ഇതിന് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്ന് പറഞ്ഞു, വിസമ്മതിച്ചതിനാൽ കേസിൽ പ്രതിയാക്കി, ഗുരുതര ആരോപണവുമായി ഡ്രൈവര്‍ അനീഷ് സദാശിവന്‍

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി
ഡ്രൈവര്‍ അനീഷ് സദാശിവന്‍. എന്നാൽ താന്‍ അത് വിസമ്മതിച്ചതിനാലാണ് തന്നെ പ്രതിയാക്കിയതെന്നും അവരുടെ ഡ്രൈവര്‍ അനീഷ് സദാശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്കൊപ്പം മാധ്യമങ്ങളെ കാണവേയാണ് ഡ്രൈവര്‍ ആരോപണം ഉന്നയിച്ചത്.
ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു പൊലീസ് നിര്‍ദ്ദേശം. താന്‍ ഇതിന് തയ്യാറായില്ലെന്നും തുടര്‍ന്നാണ് പാലക്കാട് കേസില്‍ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു. എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ പ്രതിയായ കേസില്‍ സ്വപ്നയുടെ ഡ്രൈവര്‍ അനീഷിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. 2021 ജൂലൈയില്‍ നടന്ന സംഭവത്തില്‍ പതിനൊന്നാം തീയതിയാണ് അഗളി പൊലീസ് കേസെടുത്തത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡ്രൈവര്‍ അനീഷ്.
അന്വേഷണ സംഘം പറയുന്നത് പ്രകാരം മൊഴി നല്‍കാത്തവരെ കേസില്‍ കുടുക്കുകയാണെന്ന് പരാതിപ്പെട്ട് സ്വപ്ന കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു. ഗൂഢാലോചന കേസിൽ തനിക്കെതിരെ മൊഴി നൽകാത്തതിനാൽ മുൻ ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.പത്തനംതിട്ട സ്വദേശിയായ തന്റെ മുന്‍ ഡ്രൈവര്‍ അനീഷിനെ അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് പ്രതികാര നടപടിയാണ്.
പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്ട്രേറ്റിന് മുന്നിൽ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും, തന്നെ സഹായിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ് എന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചിരുന്നു.
അതേസമയം, ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ സാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായെത്തി മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പരാതിപ്പെട്ടയാളാണ് ഷാജ് കിരണ്‍.
തുടര്‍ന്ന് ഷാജിനെതിരെ ശബ്ദരേഖ തെളിവായി പുറത്തു കൊണ്ടുവരികയും ചെയ്തിട്ടുണ്ടായിരുന്നു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പില്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം രഹസ്യമൊഴി നല്‍കിയിരുന്നു. ഇബ്രായിയും മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. സര്‍ക്കാരിനെതിരായ ഗൂഢാലോചന കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് രഹസ്യമൊഴി നല്‍കിയതെന്ന് ഷാജ് കിരണ്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി. എന്തായാലും ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിലാക്കുന്നതാണ് ഡ്രൈവര്‍ അനീഷ് സദാശിവന്‍റെ ഇപ്പോഴത്തെ ആരോപണം.
https://www.facebook.com/Malayalivartha






















